യി മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കമാകും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ന് വൈകിട്ട് അഞ്ചിന് പി എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന ശേഷം ആഴിയില്‍ അഗ്‌നിപകരും. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരും നാളെ ചുമതലയേല്‍ക്കും.

ഭക്തര്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ സന്നിധാനത്തേക്കു പ്രവേശനം അനുവദിക്കും. വൃശ്ചിക മാസം ഒന്നിന് പുലര്‍ച്ചെ മൂന്നു മണിക്കാണ് നട തുറക്കുക. അയ്യപ്പഭക്തരെ വരവേല്‍ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി വാര്‍ത്താക്കുറിപ്പില്‍ സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, ശബരിമല ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടന അനുഭവം വര്‍ധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ 'സ്വാമി ചാറ്റ് ബോട്ട്' വരുന്നു. പുതിയ എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസിലൂടെ ആക്‌സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളില്‍ സമഗ്ര സേവനം ഉറപ്പ് വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

നടതുറക്കല്‍, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തര്‍ക്ക് 'സ്വാമി ചാറ്റ് ബോട്ടിലൂടെ' ലഭ്യമാകും. പോലീസ്, വനം വകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീര്‍ത്ഥാടന അനുഭവം ഭക്തര്‍ക്ക് ഉറപ്പ് വരുത്താനാകും.

ആധുനിക ചാറ്റ് ബോട്ട് സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ശബരിമല യാത്ര കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങള്‍ ഭക്തര്‍ക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സംവിധാനം ഒരുക്കിയത്.