- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുമതി മുദ്രയായി നക്ഷത്രം തെളിഞ്ഞു; ഈശ്വരസാന്നിധ്യമായി കൃഷ്ണപ്പരുന്ത് വട്ടമിട്ടു; രാജകുടുംബാംഗം അനുഗമിക്കാതെ തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു; ദർശിക്കാനും അനുഗമിക്കാനും ആയിരങ്ങൾ
പന്തളം: മകര സംക്രമസന്ധ്യയിൽ ശബരിമല ശ്രീ ധർമ്മശാസ്താവിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണ പേടകങ്ങളും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പന്തളത്ത് നിന്നും പുറപ്പെട്ടു. ആകാശത്ത് തെളിഞ്ഞ നക്ഷത്രത്തിന് താഴെ കൃഷ്ണ പരുന്ത് വട്ടമിട്ടു പറന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി.
ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള തിരുവാഭരണ പേടകവും, മരുതവന ശിവൻകുട്ടി കളഭപ്പെട്ടിയും, കിഴക്കേതോട്ടത്തിൽ പ്രതാപചന്ദ്രൻനായർ കൊടിപ്പെട്ടിയും ശിരസിലേറ്റി. കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്ന് ഇക്കുറി പുത്തൻ മേടതാഴയിൽ ഒരുക്കിയിരുന്ന പൂപന്തലിൽ നിന്നാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്.
രാവിലെ കൊട്ടാരം വക കൈപ്പുഴ ശിവക്ഷേത്രത്തിലെ മേൽശാന്തി കേശവൻ പോറ്റി കൊണ്ടുവന്ന പുണ്യാഹം കൊട്ടാരം സ്ട്രോങ്ങ് റുമിന് പുറത്ത് വച്ചിട്ടുള്ള തിരുവാഭരണ പേടകങ്ങളിൽ തളിച്ചു ശുദ്ധി വരുത്തി. ഏഴു മണിയോടുകൂടി അശുദ്ധിയില്ലാത്ത കൊട്ടാരം കുടംബ ബന്ധുക്കൾ തിരുവാഭരണ പേടകങ്ങൾ വാഹകരുടെ ഗിരസിൽ വച്ചു കൊടുത്തു. പേടകങ്ങൾ കൊണ്ടുപോകുന്ന പാതയിലും പുണ്യാഹം തളിച്ചു. പേടകങ്ങൾ പുത്തൻ മേട താഴയിലെ പു പന്തലിൽ ദർശനത്തിനായി വച്ചു. പേടകം തുറന്നുള്ള ദർശനം ഉണ്ടായില്ല.
12.45 ന് ക്ഷേത്രം മേൽശാന്തി നീരാഞ്ജനം ഉഴിഞ്ഞു. കർപ്പൂര ദീപങ്ങൾ തെളിഞ്ഞു. കൃഷ്ണ പരുന്ത് വഴി തെളിച്ചമാത്രയിൽ ഘോഷയാത്ര പുറപ്പെട്ടു. കുടുംബത്തിലെ അശുദ്ധിയില്ലാത്ത തമ്പുരാക്കന്മാരും, തിരുവാഭരണ സ്പെഷ്യൽ ഓഫീസർ ആർ.പ്രകാശ്, നോഡൽ ആഫീസർ റാന്നി തഹസിൽദാർ എം.കെ.അജികുമാർ, ഏ.ആർ. ക്യാമ്പ് അസി.കമാണ്ടന്റ് എം.സി. ചന്ദ്രശേഖർ ന്റെ നേതൃത്വത്തിൽ സുസജ്ജ പൊലീസ് സന്നാഹം. വലിയ കോയിക്കൽ ക്ഷേത്രം ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. സുനിൽകുമാർ , ദേവസ്വം ജീവനക്കാർ, ക്ഷേത്ര ഉപദേശമിതി, തുടങ്ങി ആയിരങ്ങൾ ഘോഷയാത്രയെ അനുധാവനം ചെയ്തു. എം.സി.റോഡ് വഴി കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം , കുളനട ഭഗവതി ക്ഷേത്രത്തിൽ തിരുവാഭരണ ങ്ങൾക്ക് ദർശനമുണ്ടായി.
ഉള്ളന്നൂർ, കുറിയാനിപ്പള്ളി വഴി ഐരൂർ പുതിയകാവ് ക്ഷേത്രത്തിൽ വിശ്രമിക്കും. നാളെ പുലർച്ചെ രണ്ടിന് അവിടെ നിന്നും തിരിച്ച ഘോഷയാത്ര മുക്കന്നൂർ, ഇടപ്പാവൂർവഴി പേരുർ ചാൽ കടവിൽ പമ്പാ നദിക്ക് കുറുക കടന്ന് പരമ്പരാഗത പാതയിലൂടെ റാന്നി വൈക്കം ജംഗ്ഷനിൽ എത്തും. ളാഹ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ വിശ്രമം. പുലർച്ചെ തിരിക്കുന്ന ഘോഷയാത്ര പ്ലാപ്പള്ളി വഴി നിലയ്ക്കൽ അവിടെ നിന്നും കാനന മാർഗ്ഗം ചെറിയാനവട്ടം, വലിയാനവട്ടം വഴി വൈകുന്നേരം ശരംകുത്തിയിലെത്തും. അവിടെ നിന്നും ഘോഷയാത്രയെ സ്വീകരിച്ചാനയിക്കും. പന്തളം രാജകുടുംബത്തിന്റെ അശുദ്ധി 17 ന് കഴിയുന്നതോടെ 18 ന് കുടുംബാംഗങ്ങൾ സന്നിധാനത്ത് എത്തുകയും, തുടർന്ന് നടകുന്ന കളഭപൂജയിലും, ഗുരുതിയിലും പങ്കെടുത്ത് 21 ന് നട അടച്ച ശേഷം പടിയിറങ്ങും
ജില്ലാ കളക്ടർ എ. ഷിബു, ജില്ലാ പൊലീസ് സൂപ്രണ്ട് വി. അജിത്, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.എ .അജികുമാർ ,ജി.സുന്ദരേശൻ, ദേവസ്വം ബോർഡ് സെക്രട്ടറി ബൈജു തിരുവാഭരണം സോങ് ഓഫീസർ അജികുമാർ ഡെപ്യൂട്ടി കമ്മീഷണർ ദിലീപ് അസിസ്റ്റന്റ് കമ്മീഷണർ ആർ.പ്രകാശ് അഡ്മിനിസ് ഓഫീസർ സുനിൽകുമാർ, മുൻ ഡിസിസി പ്രസിഡന്റ് മോഹൻകുമാർ, അഖിലഭാരത അയ്യപ്പസ്വാസംഘം പ്രസിഡന്റ് ഡി വിജയകുമാർ, നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ് എന്നിവരും തിരുവാഭരണങ്ങൾ യാത്രയാക്കാൻ എത്തിയിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്