പത്തനംതിട്ട: മണ്ഡല- മകരവിളക്കു കാലത്ത് ശബരിമല ദര്‍ശനത്തിനുള്ള സ്‌പോട് ബുക്കിങ് പൂര്‍ണമായി ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകാന്‍ സാധ്യത. ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയാത്ത തീര്‍ഥാടകരെ പുതിയ തീരുമാനം ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ക്കാണ് തീരുമാനം കൂടുതല്‍ തിരിച്ചടിയാകുക. ദിവസങ്ങളോളം യാത്രചെയ്ത് എത്തുന്നവരെ നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ തടയുന്ന സാഹചര്യം പ്രതിസന്ധിയാകും.

തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് അവസരം നിഷേധിക്കപ്പെട്ടാല്‍ വ്യാപകമായ പരാതികള്‍ക്ക് ഇടയാക്കും. വിവിധ ഭക്ത സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഓരോ ദിവസത്തെയും വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമെന്നതാണ് യാഥാര്‍ഥ്യം. ഓണ്‍ലൈനായി അവസരം ലഭിച്ചില്ലെങ്കില്‍ സ്‌പോട് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താമെന്നു കരുതി വരുന്നവര്‍ ഏറെയാണ്. അതിനാല്‍ ഈ വര്‍ഷം സ്‌പോട് ബുക്കിങ് ഇല്ലെന്ന കാര്യം മറ്റു സംസ്ഥാനങ്ങളിലുള്‍പ്പെടെ പ്രചാരണം നടത്തേണ്ടി വരും.