ഇന്ന് ക്രിസ്തുവിന്റെ രാജത്വത്തിരുനാളാണ്. ക്രിസ്തു രാജാവാണ് എന്ന് പറയുന്നതിന്റെ അർത്ഥം എന്താണ്? തിരുവിതാംകൂർ രാജാവ്, അലക്സാണ്ടർ മഹാരാജാവ് എന്നൊക്കെ പറയുന്ന രീതിയിലാണോ ക്രിസ്തു രാജാവായിരിക്കുന്നത്? അല്ലെന്ന് നാമെല്ലാവരും പറയും. വ്യത്യാസം പ്രകടമാക്കാനായി ക്രിസ്തു 'രാജാധിരാജനാണ്' എന്ന് വരെ നമ്മൾ പറഞ്ഞെന്നിരിക്കും. അതായത് മറ്റെല്ലാ രാജാക്കന്മാരുടെയും മുകളിൽ വരുന്ന രാജാവ്. എന്നാൽ, ഈ സങ്കല്പം ഈശോ ഉദ്ദേശിച്ചതാണോ?

ഇന്നത്തെ സുവിശേഷത്തിൽ ഈശോ തന്റെ രാജത്വത്തെ നിർവചിക്കുകയാണ് ചെയ്യുന്നത്. അന്നത്തെ യൂദസങ്കല്പത്തിലെ രാജസങ്കല്പത്തെ നിരാകരിച്ചുകൊണ്ടാണ് ഈശോ സ്വന്തം രാജത്വത്തെ നിർവചിക്കാൻ ശ്രമിക്കുന്നത്.

ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ സന്ദർഭം കൂടി നമ്മൾ ശ്രദ്ധിക്കണം. തന്റെ പരസ്യജീവിതത്തിന്റെ അവസാനഘട്ടത്തിൽ രാജനഗരമായ ജറുസലേമിലേക്ക് പ്രവേശിക്കുന്ന ഈശോയെ ജനക്കൂട്ടം സ്വീകരിക്കുന്നത് ദാവീദ് രാജാവിന്റെ പുത്രനായിട്ടാണ്: ''അവർ ആർത്തു വിളിച്ചു. ദാവിദിന്റെ പുത്രന് ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവർ അനുഗ്രഹീതൻ'' (മത്താ. 21:9). ദാവിദുരാജാവിന്റെ സന്തതിപരമ്പരയിൽ വരുന്ന രാജാവായിട്ടാണ് ഈശോയെ അവർ സ്വീകരിച്ചത്. അങ്ങനെ രാജാവായി രാജനഗരത്തിൽ പ്രവേശിപ്പിച്ച ഈശോ ജറുസലേം ദേവാലയത്തിൽ പ്രവേശിക്കുന്നു. അവിടെ വച്ച് യഹൂദനേതാക്കളുമായി സംവാദത്തിൽ ഏർപ്പെടുന്നു. അതിൽ ഏറ്റവും അവസാനത്തെ സംവാദമാണ് ഇന്നത്തെ സുവിശേഷഭാഗം.

ഈ സംവാദത്തിന്റെ വിഷയം തന്നെ ക്രിസ്തുവിന്റെ ദാവിദുരാജാവുമായുള്ള ബന്ധമാണ്. ഈ സംവാദത്തിന് മുൻകൈ എടുക്കുന്നത് ഈശോ തന്നെയാണ്: 'അവൻ ചേദിച്ചു: നിങ്ങൾ ക്രിസ്തുവിനെപ്പറ്റി എന്ത് വിചാരിക്കുന്നു. അവൻ ആരുടെ പുത്രനാണ്? ദാവിദിന്റെ എന്ന് അവർ പറഞ്ഞു'' (മത്താ 22:42). എന്നാൽ മുമ്പോട്ട് പോകുമ്പോൾ ഈശോ അവരുടെ ഉത്തരത്തെ ഈശോ ചോദ്യം ചെയ്യുന്നുണ്ട്: ''ദാവീദ് അവനെ കർത്താവേ എന്നു വിളിക്കുന്നെങ്കിൽ അവൻ അവന്റെ പുത്രൻ ആകുന്നതെങ്ങനെ?' (മത്താ 22:45).

അപ്പോൾ ക്രിസ്തുവിനെപ്പറ്റി രണ്ട് അഭിപ്രായങ്ങളാണുള്ളത്; ക്രിസ്തുവിനെപ്പറ്റി രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്ന്, 'ദാവീദിന്റെ പുത്രൻ;' രണ്ട്, 'ദാവീദിന്റെ കർത്താവ്.' ആദ്യത്തേത് ഫരിസേയരുടെ അഭിപ്രായം; രണ്ടാമത്തേത് ഈശോയുടെ അഭിപ്രായം.

ക്രിസ്തു ദാവീദിന്റെ പുത്രനാണെന്ന സങ്കല്പം മത്തായിയുടെ സുവിശേഷത്തിന്റെ ആരംഭം മുതൽ വളർന്നുവരുന്നതാണ്: ''അബ്രഹത്തിന്റെ പുത്രൻ, ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശവലി ഗ്രന്ഥം' (മത്താ 1:1). വംശവലി സമാപിക്കുമ്പോഴും ഇത് തന്നെയാണ് ആവർത്തിക്കുന്നത്: ''ഇങ്ങനെ അബ്രഹാം മുതൽ ദാവീദുവരെ പതിനാല് തലമുറകളും, ദാവീദു മുതൽ ബാബിലോണിയൻ പ്രവാസം വരെ പതിനാല് തലമുറകളും, ബാബിലോണിയൻ പ്രവാസം മുതൽ ക്രിസ്തുവരെ പതിനാല് തലമുറകളുമാണ് ആകെയുള്ളത്'' (മത്താ 1:17).

ക്രിസ്തു ദാവീദിന്റെ പുത്രനാണെന്ന യൂദസങ്കല്പത്തെയാണ് ദാവീദിനെ തന്നെ കൂട്ടുപിടിച്ചുകൊണ്ട് ഈശോ അട്ടിമറിക്കുന്നത്: ''അവൻ ചോദിച്ചു: അങ്ങനെയെങ്കിൽ ദാവീദ് അവനെ 'കർത്താവ്' എന്ന് വിളിക്കുന്നത് എങ്ങനെ? അവൻ പറയുന്നു: 'കർത്താവ്' 'എന്റെ കർത്താവിനോട്' അരുൾ ചെയ്തു ഞാൻ നിന്റെ ശത്രുക്കളെ... അതിനാൽ ദാവീദ് അവനെ 'കർത്താവേ' എന്ന് വിളിക്കുന്നെങ്കിൽ അവൻ അവന്റെ 'പുത്രനാകുന്നത്' എങ്ങനെ?'' (മത്താ 22:43-45).

ഈശോ ഉദ്ധരിക്കുന്നത് സങ്കീർത്തനം 110:1 ആണ്. അതിലാണ് ദാവീദിന്റെ അഭിസംബോധന വരുന്നത്. രണ്ട് 'കർത്താവ്' ഉണ്ട് ദാവീദിന്റെ സംബോധനയിൽ. ആദ്യത്തെ കർത്താവ് (ക്യുരിയോസ് - ഗ്രീക്കിൽ) ദൈവത്തിന് വേണ്ടിയും രണ്ടാമത്തെ കർത്താവ് ക്രിസ്തുവിന് വേണ്ടിയും നിലകൊള്ളുന്നു. അങ്ങനെയെങ്കിൽ ദാവീദ് ക്രിസ്തുവിനെ അഭിസംബോധന ചെയ്യുന്നത് 'എന്റെ കർത്താവേ' എന്നാണ്. അതായത്, 'എന്റെ നാഥാ' 'എന്റെ തമ്പുരാനേ' എന്ന്. ഇത്തരത്തിൽ അഭിസംബോധന ചെയുന്ന ക്രിസ്തു എങ്ങനെ ദാവീദന്റെ മകനാകും?

ചുരുക്കത്തിൽ സങ്കീർത്തനം ഉദ്ധരിച്ചുകൊണ്ട് ഈശോ പറഞ്ഞുവയ്ക്കുന്നത് ക്രിസ്തു 'ദാവീദിന്റെ മകനല്ല', മറിച്ച് 'ദാവീദിന്റെ കർത്താവും' 'അതിനാഥനുമാണെന്നാണ്.'

അങ്ങനെയെങ്കിൽ 'ക്രിസ്തു ആരെന്ന' ചോദ്യത്തിന് രണ്ട് ഉത്തരങ്ങളാണ് സാധ്യമാകുന്നത്. ഒന്ന്, 'ദാവീദിന്റെ പുത്രൻ; രണ്ട് 'ദാവീദിന്റെ കർത്താവ്.' അവൻ 'ദാവീദിന്റെ കർത്താവാകുന്നത്' അവൻ 'ദൈവത്തിന്റ പുത്രനായത്' കൊണ്ടാണ്. കാരണം, 'കർത്താവ്' (ക്യുരിയോസ് - ഗ്രീക്കിൽ) എന്ന പദം ദൈവത്തിനു വേണ്ടി ഉപയോഗിക്കുന്നതാണ്. അപ്പോൾ, ക്രിസ്തുവിനെക്കുറിച്ചുള്ള രണ്ടു സാധ്യതകൾ, 'ദാവീദിന്റെ പുത്രനും', 'ദൈവത്തിന്റെ പുത്രനും' ആയിത്തീരുന്നു. ഇതിൽ ആദ്യത്തേത് ഫരിസേയരുടെ പക്ഷം; രണ്ടാമത്തേത് ഈശോയുടെ പക്ഷം.

ഈ രണ്ട് സാധ്യതകളും രണ്ട് പ്രതീകങ്ങളാണ്. 'ദാവീദിന്റെ പുത്രനെന്ന' സങ്കല്പം വംശാവലിയേയും, പാരമ്പര്യത്തെയും, ഭൗതികതയേയും പ്രതിനിധീകരിക്കുന്നു. 'ദാവീദിന്റെ കർത്താവെന്ന' (ദൈവത്തിന്റെ പുത്രനെന്ന) സങ്കല്പം ഭൗതികതയ്ക്ക് അപ്പുറം നിൽക്കുന്ന ഈശോയുടെ ദൈവപുത്രത്വത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നു. മരണത്തോടെ അവസാനിക്കുന്നതെല്ലാമാണ് ഭൗതികതയുടെ കീഴിൽ വരുന്നത്. എന്നാൽ മരണത്തിനപ്പുറത്തേയ്ക്കും നീളുന്നതാണ് ദൈവപുത്രത്വത്തിന്റെ കീഴിൽ വരുന്നത്.

അങ്ങനെയെങ്കിൽ ക്രിസ്തുവിനെക്കുറിച്ചുള്ള സംവാദം രണ്ട് സാധ്യതകളാണ് നമുക്ക് തുറന്നു തരുന്നത്: ക്രിസ്തുവിനെ നമുക്ക് ദാവീദിന്റെ പുത്രനായി കാണാം; അല്ലെങ്കിൽ ദാവീദിന്റെ കർത്താവും നാഥനുമായി കാണാം. അതായത് ദൈവപുത്രനാക്കി കാണാം. ആദ്യത്തേത് 'ഭൗതികതയ്ക്ക്' ഊന്നൽ കൊടുക്കുന്ന കാഴ്പ്പാട്; മറ്റേത് ഭൗതികതയ്ക്ക് അപ്പുറത്തേയ്ക്ക് നീളുന്ന 'ദൈവികതക്ക്' ഊന്നൽ കൊടുക്കുന്ന കാഴ്ചപ്പാട്.

രണ്ട് വ്യത്യസ്ത ജീവിതവീക്ഷണങ്ങളാണ് ഈ വ്യത്യസ്ത ക്രിസ്തുസങ്കല്പങ്ങളിൽ നിന്നും ഉരുത്തിരിയുന്നത്. ഒന്ന് 'മാനുഷികമായ കാഴ്ചപ്പാട്.' മറ്റേത് 'ദൈവികമായ കാഴ്ചപ്പാട്.' ഇത് വ്യക്തമായി പുറത്തുവരുന്നത് പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തോട് അനുബന്ധിച്ചാണ് (മത്താ 16:16). താൻ 'കൊല്ലപ്പെടേണ്ട ക്രിസ്തുവാണെന്ന്' ഈശോ പറഞ്ഞപ്പോൾ പത്രോസ് അതിനെ എതിർത്തു (മത്താ 16:22). അതിനോട് പ്രതികരിച്ചുകൊണ്ട് ഈശോ പറഞ്ഞു: ''നീ ചിന്തിക്കുന്നത് ദൈവിക കാര്യങ്ങളല്ല, മാനുഷിക കാര്യങ്ങളാണ് (മത്താ 16: 23)'.

അപ്പോൾ ക്രിസ്തുവിനെക്കുറിച്ച് രണ്ട് തരം കാഴ്ചപ്പാടുകളാണുള്ളത് എന്നുവരുന്നു. ഒന്ന് 'രാജകീയ ക്രിസ്തു;' രണ്ട് 'മറ്റുള്ളവർക്കുവേണ്ടി കൊല്ലപ്പെടുന്ന ക്രിസ്തു.' ആദ്യത്തേത് 'മാനുഷിക ചിന്ത;' രണ്ടാമത്തേത് 'ദൈവിക ചിന്ത.' ഏതാണ് നിനക്ക് സ്വീകാര്യം എന്നതാണ് ചോദ്യം. ഏതിനെ നീ സ്വീകരിക്കുന്നുവോ അതനുസരിച്ച് നിന്റെ ജീവിതവീക്ഷണവും നിന്റെ ജീവിതശൈലിയും മാറുമെന്നു സാരം. ചുരുക്കത്തിൽ, ഏത് ക്രിസ്തുവിനെയാണ് നീ നിന്റെ ജീവിതത്തിൽ നീ സ്വീകരിക്കുന്നത്? രാജാവായ ക്രിസ്തുവിനെയാണോ? അതോ ക്രൂശിതനായ ക്രിസ്തുവിനെയാണോ? ആദ്യത്തേത് ദാവീദിന്റെ പുത്രനായ ക്രിസ്തു. രണ്ടാമത്തേത് ദാവീദിന്റെ കർത്താവായ ക്രിസ്തു. ഈ ക്രിസ്തു കൊല്ലപ്പെടേണ്ടവനും ദൈവപുത്രനുമാണ്. കാരണം, ദൈവത്തിന്റെ സ്വഭാവം കൊടുക്കുക എന്നതാണ്: 'അവിടുന്ന് ദുഷ്ടരുടെയും ശിഷ്ടരുടെയും മേൽ സുര്യനെ ഉദിപ്പിക്കുകയും ... മഴ പെയ്യിക്കുകയും ചെയുന്നു' (മത്തായി 5:45). കൊടുക്കുക എന്നത് ദൈവസ്വഭാവമായതിനാലാണ്, ദൈവപുത്രനായ ഈശോ സ്വന്ത ജീവൻ പോലും മറ്റുള്ളവർക്കായി അർപ്പിച്ച ക്രൂശിതനായത്. ഈ രണ്ടിൽ ഏത് ക്രിസ്തുവിനെയാണ് നീ സ്വീകരിക്കുന്നത് എന്നതനുസരിച്ച് നിന്റെ ജീവിതവീക്ഷണവും ജീവിതശൈലിയും മാറും.

പൂച്ചകളുടെ ഓട്ടമത്സരത്തിന്റെ കഥ. ഒന്നാം സ്ഥാനത്തുവരുന്ന ആഫ്രിക്കൻ പൂച്ചയുടെ മറുപടി (ഓഡിയോ കേൾക്കുക).

നീ യഥാർത്ഥത്തിൽ ആരാണ്? ഈ തിരിച്ചറിവാണ് പ്രധാനം. പൊതുവേ, നമ്മൾ നമ്മളെത്തന്നെ നമ്മുടെ ശരീരത്തോടായിരിക്കും താദാത്മ്യപ്പെടുത്തുക. അതോടൊപ്പം ഭൗതികമായ മറ്റെല്ലാത്തിനോടും. എന്നാൽ യഥാർത്ഥത്തിൽ നീ നിന്റെ ശരീരമാണോ? നിന്റെ ശരീരവും, നിന്റെ മനസും സമൂഹത്തിലെ നിന്റെ സ്ഥാനമാനങ്ങളും നീ സ്വരുക്കൂട്ടിയവയാണ്. അവയൊക്കെ നിന്റെ സമ്പാദ്യങ്ങളാണ്. അവയൊക്കെ മരണത്തോടെ കൈവിട്ടുപോകും. എന്നാൽ നിന്റെ ശരീരത്തെയും മനസിനെയും സജീവമാക്കുന്നത് നിന്നിലെ ജീവനല്ലേ? ആ ജീവൻ ജീവസ്രോതസ്സായ ദൈവത്തിന്റെ തന്നെ അംശമല്ലേ? അങ്ങനെയങ്കിൽ, നിന്നിലെ ജീവന്റെ സ്വഭാവവും പങ്കുവയ്ക്കുകയും കൊടുക്കുകയും ചെയ്യുന്ന ആത്മദാനത്തിന്റെ സ്വഭാവമാണ്. അതിനെ തിരിച്ചറിഞ്ഞ് അതിന്റെ നിറവിലേക്ക് വളർത്തിയെടുക്കുമ്പോളാണ് നീ 'ദൈവിക കാഴചപ്പാടിലാകുന്നത്.' അപ്പോഴാണ് നീ ക്രൂശിതനായ ക്രിസ്തുവിനെ സ്വീകരിക്കുന്നവനാകുന്നത്. മറിച്ചായാൽ, നീ ദാവീദിന്റെ പുത്രനായ ക്രിസ്തുവിനെ സ്വീകരിക്കുന്നവാകും. അതോടൊപ്പം, ഭൗതികമായ എല്ലാത്തിനെയും ആശ്ലേഷിക്കുന്നവനാകും.

അങ്ങനെയെങ്കിൽ, ക്രിസ്തു ആരുടെ പുത്രനാണ് എന്നതിന് രണ്ട് സാധ്യതകളാണ്. ഒന്ന്, ദാവീദിന്റെ പുത്രൻ. രണ്ട്, ദൈവത്തിന്റെ പുത്രൻ. ആദ്യത്തേത് ഭൗതികതയ്ക്ക് ഊന്നൽ കൊടുക്കുന്ന കാഴ്ചപ്പാടും രണ്ടാമത്തേത് ഭൗതികതയ്ക്ക് പിറകിൽ നിൽക്കുന്ന ജീവനും ദൈവപുത്രത്വത്തിനും ഊന്നൽ കൊടുക്കുന്ന കാഴ്ചപ്പാടും.

ദാവീദ് രാജാവിന്റെ പുത്രനായി ക്രിസ്തുവിനെ സ്വീകരിച്ചാൽ രാജകൊട്ടാരത്തിനും, തിളങ്ങുന്ന വസ്ത്രത്തിനും, ആകർഷണീയമായ കിരീടത്തിനും, ആഡംബര സിംഹാസത്തിനും, വജ്രമോതിരത്തിനും പ്രധാന്യം കൊടുക്കേണ്ടി വരും. എന്നാൽ ഈശോ യഥാർത്ഥത്തിൽ മുക്കീരിടമണിഞ്ഞ, പരിഹസിക്കപ്പെട്ട, പീഡിതനും ക്രൂശിതനുമായ ക്രിസ്തുവാണ് (മത്താ 27:25-32). അങ്ങനെ, മറ്റുള്ളവർക്കായി സ്വന്തം ജീവൻ തന്നെ കുരിശിൽ അർപ്പിക്കുന്നവനെ കണ്ടിട്ടാണ് ശതാധിപൻ വിളിച്ചുപറഞ്ഞത്: 'സത്യമായും ഇവൻ ദൈവപുത്രനായിരുന്നു' (മത്താ, 27:54).

സഭാസമൂഹമെന്ന നിലയിലും ഏത് ക്രിസ്തുവിനെയാണ് നമ്മൾ സ്വീകരിക്കുന്നതും അനുകരിക്കുന്നതെന്നും നാം വിലയിരുത്തണം. ബ്രഹ്മാണ്ഠമായ ദേവാലയങ്ങൾക്കും, ആഡംബര അരമനകൾക്കും, അധികാര ചിഹ്നങ്ങൾക്കും പ്രാധാന്യം കൊടുക്കുമ്പോൾ ഭൗതിക രാജാവായ ക്രിസ്തുവിനെയാണ് നമ്മൾ പിന്തുടരുന്നത്. നേരെ മറിച്ച് ആത്മദാനത്തിന്റെ ചിഹ്നങ്ങളായ കാരുണ്യത്തിനും, സാഹോദര്യത്തിനും, നീതിക്കും, ദരിദ്രർക്കും പ്രാധാന്യം കൊടുക്കുന്ന സമൂഹമാകുമ്പോഴാണ് സഭ ക്രൂശിതനായ ക്രിസ്തുവിന്റെ മണവാട്ടിയാകുന്നത്. നമ്മുടെ ഇടവകകളും, സന്യാസഭവനങ്ങളും, സ്ഥാപനങ്ങളും ഏത് ക്രിസ്തുവിനെയാണ് മണവാളനായി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്?

ക്രിസ്തു നമുക്ക് 'ദാവീദിന്റെ പുത്രനാണോ'? അതോ, 'ദാവീദിന്റെ കർത്താവും' ദൈവപുത്രനുമാണോ? ഇതാണ് നമ്മൾ നമ്മുടെ ജീവിതം കൊണ്ട് ഉത്തരം പറയേണ്ട ചോദ്യം.