ലണ്ടൻ: വിവിധ രാജ്യങ്ങളിലെ ആളുകളുടെ മതങ്ങളോടുള്ള ആഭിമുഖ്യം കണ്ടെത്തനായി വിൻ ഗാലപ് ഇന്റർനാഷണൽ അസോസിയേഷൻ 65 രാജ്യങ്ങളിലായി നടത്തിയ സർവേ പ്രകാരം ജീവിതത്തിൽ മതത്തെ അടുപ്പിക്കാത്തവർ ഏറ്റവും കൂടുതലുള്ളത് ചൈനയിൽ. ഇവിടെ 61 ശതമാനം പേരും തങ്ങൾ നിരീശ്വരവാദികളാണെന്ന് പറയുമ്പോൾ വെറും ആറു ശതമാനം മാത്രമാണ് തങ്ങൾ മതവിശ്വാസികളാണെന്ന് പറയുന്നത്. തൊട്ടുപിറകെ ജപ്പാനുമുണ്ട്. ഇവിടെ 13 ശതമാനം മാത്രമാണ് വിശ്വാസികൾ. വിശ്വാസികൾ കുറവായ മറ്റു രാജ്യങ്ങൾ സ്വീഡനും ചെക് റിപ്പബ്ലിക്കുമാണ്. യഥാക്രമമം 19-ഉം 23-ഉം ആണ് ഇവിടങ്ങളിലെ വിശ്വാസികൾ. ബ്രി്ട്ടനിൽ 30 ശതമാനം പേർ മാത്രമാണ് തങ്ങൾ വിശ്വാസികളാണെന്ന് പറയുന്നത്. ഇവിടെ 53 ശതമാനം പേരും തങ്ങൾക്ക് മതവിശ്വാസമില്ലെന്നും 13 ശതമാനം നിരീശ്വരവാദികളാണെന്നും പറയുന്നു.

അതേസമയം ആഗോള തലത്തിൽ മൂന്നിൽ രണ്ടു ശതമാനം ജനങ്ങളും വിശ്വാസികളാണെന്നും സർവേ പറയുന്നു. 34 വയസ്സിനു താഴെയുള്ളവർക്കാണ് വിശ്വാസത്തോട് കൂടുതൽ ആഭിമുഖ്യമുള്ളത്. ഔദ്യോഗിക വിദ്യാഭ്യാസം കുറഞ്ഞവരും വിശ്വാസത്തോട് കൂടുതൽ അടുത്തു നിൽക്കുന്നു. തായ്‌ലാന്റുകാരാണ് മതവിശ്വാസത്തെ ഒരിക്കലും കൈവിടാൻ തയാറാകാത്തത്. ഇവിടെ 94 ശതമാനം പേരും പറയുന്നത് തങ്ങൾ വിശ്വാസികളാണെന്നാണ്. തൊട്ടു പിറകെ അർമീനിയ, ബംഗ്ലാദേശ്, ജോർജിയ, മൊറോക്കോ എന്നീ രാ്ജ്യക്കാരുമുണ്ട്. ഇവിടങ്ങളിൽ 93 ശതമാനം പേരും വിശ്വാസികളാണ്.

'നിത്യജീവിതത്തിൽ മതത്തിന്റെ ആധിപത്യം തുടരുക തന്നെയാണ്. വിശ്വാസികളാണെന്ന് സമ്മതിക്കുന്നവരുടെ എണ്ണം താരതമ്യേന ഉയർന്നതാണ്,' വിൻ ഗാലപ് ഇന്റർനാഷണൽ അസോസിയേഷൻ പ്രസിഡന്റ് ജീൻ മാർക് ലെജർ പറയുന്നു. ആഗോള തലത്തിൽ വിശ്വാസികളായവരിൽ യുവജനങ്ങളാണ് ഭൂരിപക്ഷവുമെന്നതിനാൽ വിശ്വാസികളുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 1000 പേരെ വീതം ഉൾപ്പെടുത്തി 65 രാജ്യങ്ങളിൽ നടത്തിയ ഈ സർവേയിൽ 63,898 പേരാണ് ചോദ്യങ്ങൾക്കു മറുപടി നൽകിയത്.