ശോ തന്റെ മരണത്തിനു മുമ്പു നടത്തുന്ന നീണ്ട പ്രഭാഷണത്തിന്റെ ഭാഗമാണ് ഇന്നത്തെ സുവിശേഷം. നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് യോഹ 16:24 ആണ്. ഈശോ പറഞ്ഞു: ''ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ സന്തോഷം പൂർണ്ണമാക്കുക ചെയ്യും'' (യോഹ 16:24).

ചോദിക്കാൻ ഈശോ ശിഷ്യരെ പ്രേരിപ്പിക്കുന്നതിനൊരു പശ്ചാത്തലമുണ്ട്. ''അപ്പോൾ അവന്റെ ശിഷ്യന്മാരിൽ ചിലർ പരസ്പരം പറഞ്ഞു: അല്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, വീണ്ടും അൽപ്പം സമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണും എന്നും, ഞാൻ പിതാവിന്റെ അടുത്തേക്ക് പോകുന്നു എന്നും അവൻ നമ്മോടു പറയുന്നതിന്റെ അർത്ഥമെന്താണ്?'' (യോഹ 16:17).

ശിഷ്യന്മാർ പരസ്പരം ചർച്ച ചെയ്യുന്നതും അതിന്റെ പിറകിലുള്ള അവരുടെ മാനസികഭാവവും ഈശോ തിരിച്ചറിയുന്നു. ''ഇക്കാര്യം അവർ തന്നോട് ചോദിക്കാൻ ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കി ഈശോ പറഞ്ഞു'' (യോഹ 16:19).

അതായത് ചോദിക്കാനുള്ള ശിഷ്യന്മാരുടെ ആഗ്രഹം ഈശോ തിരിച്ചറിയുന്നു. അതോടൊപ്പം തന്നോടു ചോദിക്കാനുള്ള അവരുടെ വൈമുഖ്യവും തിരിച്ചറിയുന്ന ഈശോയാണ് ചോദിക്കാനായി അവരെ പ്രോത്സാഹിപ്പിക്കുന്നത് (യോഹ 16:24).

ഈശോയും ശിഷ്യന്മാരും ത്മിലുള്ള ഹൃദയബന്ധത്തിന്റെ പഞ്ചാത്തലത്തിലാണ് ഈ സംഭാഷണവും നിർദ്ദേശവും സംഭവിക്കുന്നതെന്ന് നമ്മൾ ഓർക്കണം. ഏതൊരു തീവ്ര ഹൃദയബന്ധത്തിലും സംഭവിക്കാവുന്ന അവസ്ഥയാണിത്- ചോദിക്കാൻ ആഗ്രഹമുണ്ടെങ്കിലും ചോദിക്കാനുള്ള മടി.

അത്തരം സന്ദർഭങ്ങളിലേക്കുള്ള ഈശോയുടെ നിർദ്ദേശമാണ്- 'ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ സന്തോഷം പൂർണ്ണമാകുകയും ചെയ്യും' (യോഹ16:24). അടുപ്പമുള്ള ഹൃദയബന്ധങ്ങളിലൊക്കെ ചോദിക്കുക തന്നെ വേണമെന്നാണ് ഈശോ പറയുന്നത്. നിന്റെ ഹൃദയത്തിന്റെ ഉള്ളിലുള്ള ആഗ്രഹം അതേപടി വാക്കിലൂടെ പ്രിയരുടെ മുൻപിൽ അവതരിപ്പിക്കണം.

അതിലൂടെ നിന്റെ ഹൃദയത്തെ തന്നെ നിന്റെ പ്രിയന്റെ/പ്രിയയുടെ മുമ്പിൽ നീ അനാവരണം ചെയ്യുകയാണ് ചെയ്യുന്നത്. ഒരാൾ ഹൃദയത്തിന്റെ സുതാര്യതയോടെ സ്നേഹത്തിന്റെ മുമ്പിൽ നിൽക്കുന്ന അവസ്ഥയാണിത്. സ്വന്തം ഹൃദയത്തെ പ്രിയപ്പെട്ടവന്റെ മുമ്പിൽ അതേപടി ആവിഷ്‌കരിക്കുന്നതാണിത്. അത്തരം ഹൃദയത്തിന്റെ സുതാര്യതയിൽ, ചോദിക്കുന്നത് ലഭിക്കുമെന്നു മാത്രമല്ല, ഇരു കൂട്ടരുടെയും സന്തോഷം പൂർണ്ണമാകുകയും ചെയ്യും.

പോൾ കലാനിധിയുടെ ആത്മകഥയിൽ പറയുന്ന ഒരു സംഭവം. ഹൃദയാഭിലാഷങ്ങൾ തുറന്നു പറയുന്ന പോളും ലൂസിയും (ഓഡിയോ കേൾക്കുക).

ചോദിക്കാനാണ് ഈശോ പറയുന്നത്. അടുപ്പമുള്ള ഹൃദയബന്ധങ്ങളിൽ പാലിക്കേണ്ട അടിസ്ഥാന പ്രമാണമാണിത് - ഉള്ളിലുള്ളത് അതേപടി മറ്റേയാളുടെ മുൻപിൽ അവതരിപ്പിക്കുക. ഒരാൾ സ്നേഹത്തിലായാൽ ചെയ്യേണ്ട കാര്യമാണിത്. സ്വന്തം ഹൃദയത്തിലുള്ളത് അതേപടി മറ്റേയാളുടെ മുമ്പിൽ അവതരിപ്പിക്കാൻ ശ്രമിക്കുക. അതിലൂടെയാണ് ആഗ്രഹിക്കുന്നത് നിനക്ക് ലഭിക്കുന്നത്. ഇരു കൂട്ടരുടെയും സന്തോഷം പൂർണ്ണമാകുന്നതും അങ്ങനെയാണ്.

അപ്പോൾ, സന്തോഷം പൂർണ്ണമാകാനുള്ള വഴിയാണ് ഈശോ പറഞ്ഞു തരുന്നത്- ചോദിക്കുക. അതായത് നിന്റെ ഹൃദയത്തെ അതേപടി അനാവരണം ചെയ്യുക. നിന്റെ ഹൃദയാഭിലാഷങ്ങളെല്ലാം മുഴുവനായി പ്രിയപ്പെട്ടവന്റെ/പ്രിയപ്പെട്ടവളുടെ മുമ്പിൽ അവതരിപ്പിക്കാൻ പറ്റുന്നിടത്താണ് നിന്റെ ജീവിതം സന്തോഷത്തിന്റെ പാതയിലാകുന്നത്.

എന്നാൽ നിന്റെ ഹൃദയത്തെ സമ്പൂർണ്ണമായി മറ്റൊരാളുടെ മുമ്പിൽ അനാവരണം ചെയ്യാന് പറ്റുമോ? പലപ്പോഴും പറ്റിയെന്നു വരില്ല. അപ്പോഴും, നിന്റെ ഹൃദയത്തെ നിന്റെ മുമ്പിലെങ്കിലും അതേപടി അനാവരണം ചെയ്യാൻ നിനക്കാകണം. മറയില്ലാതെ നിന്റെ ഹൃദയത്തിന്റെ ആഗ്രഹങ്ങളെ അതേപടി സ്വയം അംഗീകരിക്കാൻ നിനക്കാകണം. അതോടൊപ്പം തമ്പുരാന്റെ മുമ്പിലും നിന്റെ ഹൃദയത്തെ അതിന്റെ സമ്പൂർണ്ണ നഗ്‌നതയിൽ നിർത്താൻ നിനക്കാകണം. അപ്പോഴാണ് നീ സമ്പൂർണ്ണ സന്തോഷത്തിന്റെ പാതയിലേയ്ക്ക് പ്രവേശിക്കുന്നത്.

അതോടൊപ്പം നിന്റെ പ്രിയപ്പെട്ടവരുടെ മുമ്പിലും നിന്റെ ഹൃദയാഭിലാഷങ്ങൾ അവതരിപ്പിക്കാൻ നീ ശീലിക്കണം. അപ്പോഴാണ് അവയൊക്കെ നിനക്ക് ലഭിക്കുന്നതും, നിന്റെ സന്തോഷം പൂർണ്ണമാകുന്നതും.