- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ട് 'ഹരിവരാസനം' തന്നെ; ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുന്നത് യേശുദാസ് ആലപിച്ച ഹരിവരാസനവും; മറ്റേതോ പാട്ട് പാടുന്നെന്ന സോഷ്യൽ മീഡിയയിലെ വാർത്ത കുപ്രചാരണം; ക്ഷേത്രങ്ങളിൽ കർക്കടകവാവ് ബലിതർപ്പണം അനുവദിക്കില്ല എന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ 'ഹരിവരാസനം' ഒഴിവാക്കി എന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മറ്റേതോ പാട്ട് ശബരിമല ശ്രീകോവിൽ നട അടയ്ക്കുന്ന സമയത്ത് പാടുകയും അത് ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുകയും ചെയ്യുന്നുവെന്ന്കാണിച്ച് ഫേസ്ബുക്ക്,വാട്സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ചിലർ പ്രചരിപ്പിക്കുന്നത്
ദേവസ്വംബോർഡിന്റെ ശ്രദ്ധയിൽപ്പെട്ടു. അത്തരം വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു പറഞ്ഞു.
ശബരിമലയെയും തിരുവിതാംകൂർദേവസ്വംബോർഡിനെയും ബോധപൂർവ്വം അപകീർത്തിപ്പെടുത്തുന്നതാണ് ഇത്തരം വാർത്തകളെന്നും അയ്യപ്പഭക്തർ ഇത് തിരിച്ചറിയണമെന്നും പ്രസിഡന്റ് വാർത്താകുറിപ്പിൽ അറിയിച്ചു. ശബരിമലയിൽ വർഷങ്ങളായി പാടുന്ന ഉറക്കുപാട്ട്ആയ 'ഹരിവരാസനം' തന്നെയാണ് ശ്രീകോവിലിനുള്ളിൽ മേൽശാന്തിയും മറ്റ് ശാന്തിമാരും ചേർന്ന് ഇപ്പോഴും പാടുന്നത്. ഗാനഗന്ധർവ്വൻ പത്മശ്രീ ഡോ.കെ.ജെ.യേശുദാസ് ആലപിച്ച ഹരിവരാസനം ആണ് ഉച്ചഭാഷിണിയിലൂടെയും കേൾപ്പിക്കുന്നത്. ഇതിൽ ഏതൊരു മാറ്റവും വന്നിട്ടില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി...
ക്ഷേത്രങ്ങളിൽ കർക്കടകവാവ് ബലിതർപ്പണം അനുവദിക്കില്ല
കോവിഡ് 19 വ്യാപനം കാരണം ഈ വർഷം കർക്കടകവാവിന് തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ബലിതർപ്പണം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.ഇന്ന് ചേർന്ന ദേവസ്വംബോർഡ് യോഗത്തിലാണ്
ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ബോർഡിന് 10 കോടി സർക്കാർ സഹായം
3.കോവിഡ് 19 വ്യാപനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തിരുവിതാംകൂർ ദേവസ്വംബോർഡിന് സംസ്ഥാന സർക്കാർ 10 കോടിരൂപ അനുവദിച്ച് ഉത്തരവായതായി ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ