ആലുവ: ഇസ്ലാമിക ലോകം ഒറ്റക്കെട്ടായി ഒരേ വേഷത്തിൽ ശാന്തിയുടെ മന്ത്രമായ തക്‌ബീർ ധ്വനികൾ ഉരുവിട്ട് കൊണ്ട് പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുവാൻ വെള്ളിയാഴ്ച അറഫാ മൈതാനിയിൽ സംഗമിക്കുമ്പോൾ, ഹാജിമാർക്ക് ഐക്യദാർഢ്യം പകർന്നു കൊണ്ട് അന്നേ ദിവസം വ്രതം അനുഷ്ഠിക്കുവാൻ ജീലാനി സ്റ്റഡി സെന്റർ മുഖ്യരക്ഷധികാരി ഡോ. ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ആഹ്വാനം ചെയ്തു.

ഹജ്ജിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാ സംഗമം കഴിഞ്ഞാൽ പിറ്റേ ദിവസം ബലിപ്പെരുന്നാൾ ആഘോഷമാണ്. ശനിയാഴ്ച ഉള്ഹിയ്യത് കർമ്മവും ബലിപ്പെരുന്നാൾ ആഘോഷവും ഇസ്ലാമിക ലോകത്ത് ആകമാനം നടക്കുമ്പോൾ കേരളത്തിലെ മുഴുവൻ ജില്ലാ ആസ്ഥാനങ്ങളിലും ജീലാനി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ ബലിപ്പെരുന്നാൾ നിസ്‌കാരവും നടക്കും.

രാവിലെ 8.30 ന് നടക്കുന്ന ബലിപ്പെരുന്നാൾ നിസ്‌കാരത്തിൽ പങ്കെടുത്തു കൊണ്ട് ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ വിശ്വാസികൾ ഒന്നടങ്കം തയ്യാറാവണമെന്നും ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ആവശ്യപ്പെട്ടു. ശനിയാഴ്ച നടക്കുന്ന ബലിപ്പെരുന്നാൾ ആഘോഷത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുവാനും ആഹ്വാനം ചെയ്തു.

പരസ്പര വിദ്വേഷവും പടലപിണക്കങ്ങളും മാറ്റി വച്ചു കൊണ്ട് പെരുന്നാൾ ദിനത്തിന്റെ മഹത്വം കാത്തു സൂക്ഷിക്കാൻ മതസംഘടനകൾ മുന്നോട്ട് വരണമെന്നും നാ ഇബെ ഖുതുബുസ്സമാൻ ഡോ. ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരി ചിശ്തി ആവശ്യപ്പെട്ടു. കാസർകോട് ജില്ലാ ആസ്ഥാന മജ്‌ലിസിൽ വെച്ച് രാവിലെ 8.30 ന് പെരുന്നാൾ നമസ്‌കാരം നടക്കുമെന്ന് ജീലാനി സ്റ്റഡി സെന്റർ ഭാരവാഹികൾ അറിയിച്ചു