ഭീകരാക്രമണങ്ങൾ തുടർക്കഥയായ ഫ്രാൻസിൽ, ആശ്രമത്തിൽ കടന്നുകയറിയ ആയുധധാരി ഒരു സ്ത്രീയടക്കം രണ്ടുപേരെ കൊലപ്പെടുത്തി. 70-ഓളം സന്യാസിമാരെ തടവിലാക്കി. പൗരോഹിത്യജീവിതം നയിച്ച സന്യാസിമാരുടെ വയോധികസദനത്തിലാണ് ആക്രമണം നടന്നത്.

സംഭവത്തെത്തുടർന്ന് ഗ്രാമം മുഴുവൻ സീൽ ചെയ്ത് പൊലീസ് രക്ഷാപ്രവർത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. 59 പേരെ ഇതിനകം പൊലീസ് രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

മോൺപില്ലറിലെ വയോധികസദനത്തിലാണ് അക്രമമുണ്ടായത്. കഴുത്തറുത്തുകൊല്ലപ്പെട്ടവരിൽ ഒരാൾ ആശ്രമത്തിലെ ആന്തേവാസിയായ കന്യാസ്ത്രീയാണെന്ന് വ്യക്തമായിട്ടുണ്ട്. മറ്റൊരാൾകൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അതാരെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ട കന്യാസ്ത്രീയുടെ ശരീരമാസകലം കുത്തേറ്റിട്ടുമുണ്ട്.

ചെറിയ നാടൻ തോക്കും കത്തിയുമായി ആശ്രമത്തിൽ കടന്നുകൂടിയ അക്രമി, അന്തേവാസികൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആശ്രമത്തിൽനിന്ന് വെടിയൊച്ചകൾ കേട്ടതായി നാട്ടുകാർ പറഞ്ഞു. ആശ്രമത്തിൽനിന്ന് വിവരമറിയിച്ചതിനെത്തുടർന്നാണ് പൊലീസെത്തിയത്..

70-ഓളം പേരെ തടവിലാക്കിവച്ചിരിക്കുന്നതിനാൽ കരുതലോടെയാണ് പൊലീസ് നീങ്ങുന്നത്. അക്രമി രക്ഷപ്പെടാതിരിക്കാനുള്ള മുൻകരുതലുകളെല്ലാം പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

പൊലീസ് തിരച്ചിൽതുടങ്ങിയതോടെ, അക്രമി രക്ഷപ്പെടാനുള്ള ശ്രമത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. കൊല്ലപ്പെട്ട കന്യാസ്ത്രീയുടെ മൃതദേഹം പോലസീസ് കണ്ടെടുത്തിട്ടുണ്ട്. ആശ്രമത്തിൽ നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥാപിക്കാനുള്ള തെളിവുകൾ ഇപ്പോൾ ലഭ്യമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.