തിരുവനന്തപുരം: തേൻകെണി വിവാദത്തിൽ അറസ്റ്റിലായ മംഗളം ചാനൽ മാധ്യമപ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. ചാനൽ സിഇഒ അജിത്കുമാർ എം.ബി. സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ്.വി. പ്രദീപ്, ആർ. ജയചന്ദ്രൻ എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കഴിഞ്ഞദിവസം 12 മണിക്കൂർ ചോദ്യംചെയ്യലിന് വിധേയമാക്കിയശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ക്രിമിനൽ ഗൂഢാലോചന, ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ തുടങ്ങിയവയാണു പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ മുൻകൂർ ജാമ്യഹർജി കോടതി നാളെ വീണ്ടും പരിഗണിക്കുന്നുണ്ട്.

ഇതിനിടെ മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരേ മംഗളം ചാനലിലെ മാധ്യമപ്രവർത്തക കോടതിയിൽ മൊഴി നല്കി. ശശീന്ദ്രൻ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞുവെന്നും നിരന്തരം ശല്യപ്പെടുത്തിയെന്നുമാണ് ആരോപിച്ചിരിക്കുന്നത്. ശശീന്ദ്രനെ കുടുക്കാൻ ഫോണിൽ വിളിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മാധ്യമപ്രവർത്തകയാണു മൊഴി നല്കിയിരുന്നത്.

കേസിൽ തെളിവെടുക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ചാനലിന്റെ ഓഫീസിൽ പരിശോധന നടത്തി രജിസ്ട്രേഷൻ രേഖകളും വാർത്ത സംപ്രേഷണം ചെയ്തതിന്റെ ഹാർഡ് ഡിസ്‌കുകളും പിടിച്ചെടുത്തിരുന്നു. അതേസമയം തന്റെ ലാപ്ടോപ്പും മൊബൈൽഫോണും കാണാനില്ലെന്ന് കാട്ടി ചാനൽ മേധാവി പരാതി നൽകിയിട്ടുണ്ട്. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിട്ടുള്ളത്.

എ.കെ. ശശീന്ദ്രനെ ഫോൺ സംഭാഷണത്തിൽ കുടുക്കിയ സംഭവത്തിൽ മംഗളം ടെലിവിഷനെതിരെ അന്വേഷണ സംഘത്തിന്റെ പ്രഥമ വിവര റിപ്പോർട്ട് രേഖപ്പെടുത്തിയിരുന്നു. ചാനൽ കുറ്റകരമായ ഗൂഡോലോചന നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ലൈംഗികച്ചുവയുള്ള സംഭാഷണം ചാനലിൽ സംപ്രേഷണം ചെയ്തു, മന്ത്രിയെ അപമാനിക്കാനായി ഫോൺ സംഭാഷണം പരസ്യപ്പെടുത്തി, ലൈംഗികച്ചുവയുള്ള ഫോൺ റെക്കോഡിങ്ങ് ഫേസ്‌ബുക്ക് വഴി പരസ്യപ്പെടുത്തി തുടങ്ങിയവയ്ക്കും മംഗളം ചാനലിനെതിരെ കേസുണ്ട്.

ശശീന്ദ്രനുമായി ബന്ധപ്പെട്ട് മംഗളം ടെലിവിഷൻ പുറത്തുവിട്ട സംഭവങ്ങൾ അന്വേഷിക്കാൻ ആറംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഹൈടെക് സെൽ ഡിവൈഎസ്‌പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഐ.ജി. ദിനേന്ദ്ര കശ്യപ് മേൽനോട്ടം വഹിക്കുന്നു. പാലക്കാട് എസ്‌പി പ്രതിഷ്, കോട്ടയം എസ്‌പി എൻ. രാമചന്ദ്രൻ, ക്രൈംബ്രാഞ്ച് ഡിവൈ എസ്‌പി. ഷാനവാസ്, സബ് ഇൻസ്പെക്ടർ സുധാകുമാരി എന്നിവരാണ് സംഘത്തിലുള്ളത്.

മംഗളം ചാനൽ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട വാർത്തയെത്തുടർന്ന് മണിക്കൂറുകൾക്കകമാണ് എ.കെ. ശശീന്ദ്രന് ഗതാഗത മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത്. മന്ത്രിയുടെ അടുക്കൽ സഹായം അഭ്യർത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിങ്ങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനൽ വാർത്ത പുറത്തുവിട്ടത്. വാർത്ത ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചെടുത്തതാണെന്ന് ആരോപണമുയർന്നു.

ഇതിനെത്തുടർന്ന് ചനലിനെതിരെ രൂക്ഷമായ വിമർശനങ്ങളുണ്ടായി. ഫോൺ സംഭാഷണം ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചതല്ലെന്നാണ് ചാനൽ സിഇഒ അജിത്ത് കുമാർ ആവർത്തിച്ചു കൊണ്ടിരുന്നത്. പരാതിക്കാരി സമയമാകുമ്പോൾ പുറത്തുവരും. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും സിഇഒ പറഞ്ഞിരുന്നു. 30-ാം തീയതി രാത്രിയോടെ മംഗളത്തിലെ മാധ്യമപ്രവർത്തകയെ ഉപയോഗിച്ചാണ് ഫോൺ സംഭാഷണം ശേഖരിച്ചതെന്ന് അജിത്ത് കുമാർ കുറ്റസമ്മതം നടത്തി.