- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം മറന്ന സിറാജുന്നീസ; പൊലീസ് ഭീകരതയിൽ കൊല്ലപ്പെട്ട 11 കാരിയുടെ ഓർമകൾക്ക് 25 വർഷം; പൊലീസും കോടതിയും നിയമവും അന്വേഷണകമ്മീഷനുമെല്ലാം പ്രഹസനമാക്കിയ ഒരന്വേഷണം രണ്ടര പതിറ്റാണ്ടിനുശേഷം ഓർമിക്കുമ്പോൾ
പാലക്കാട്: മനുഷ്യാവകാശപ്രവർത്തകർക്കും സ്ത്രീ സംഘടനകൾക്കുമൊന്നും അത്ര പരിചിതമായിരിക്കില്ല സിറാജുന്നീസ എന്ന പേര്. രണ്ടരപതിറ്റാണ്ടു മുമ്പ് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കേ പൊലീസ് വെടിവച്ചുകൊന്ന ഈ പതിനൊന്നുകാരിയെ കേരളം എന്നേ മറന്നുപോയി. ബിജെപി നേതാവ് മുരളി മനോഹർ ജോഷിയുടെ ഏകതായാത്രയുമായി ബന്ധപ്പെട്ടുണ്ടായ സമുദായിക സംഘർഷത്തിൽ പൊലീസ് നടത്തിയ ഭീകരതയാണ് സിറാജുന്നീസ എന്ന രക്തസാക്ഷിയെ സൃഷ്ടിച്ചത്. വെടിവയ്ക്കാൻ ഉത്തരവിട്ട രമൺ ശ്രീവാസ്തവയെന്ന ഐപിഎസ് ഉദ്യോഗസ്ഥൻ നടപടിയൊന്നും നേരിടാതെ പിന്നീട് കേരള പൊലീസിന്റെ ഡിജിപി സ്ഥാനംവരെ അലങ്കരിച്ചു വിരമിച്ചിരിക്കുന്നു. 1991 ഡിസംബർ 15 നായിരുന്നു സംഭവം. തൊണ്ടിക്കുളം യുപി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യർത്ഥിനിയായിരുന്നു സിറാജുന്നീസ. അന്നത്തെ ബിജെപി പ്രസിഡന്റ് മുരളീ മനോഹർ ജോഷി കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് ഏകതാ യാത്ര നടത്തുന്ന സമയം. അതിന്റെ ഭാഗമായി നടന്ന ഒരു ഉപയാത്ര പാലക്കാട് പുതുപ്പള്ളിയുടെ സമീപഗ്രാമമായ മേപ്പറമ്പിൽ സാമുദായിക സംഘർഷം ഉണ്ടാക്കി. പുതുപ്പള്ളി തെ
പാലക്കാട്: മനുഷ്യാവകാശപ്രവർത്തകർക്കും സ്ത്രീ സംഘടനകൾക്കുമൊന്നും അത്ര പരിചിതമായിരിക്കില്ല സിറാജുന്നീസ എന്ന പേര്. രണ്ടരപതിറ്റാണ്ടു മുമ്പ് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കേ പൊലീസ് വെടിവച്ചുകൊന്ന ഈ പതിനൊന്നുകാരിയെ കേരളം എന്നേ മറന്നുപോയി. ബിജെപി നേതാവ് മുരളി മനോഹർ ജോഷിയുടെ ഏകതായാത്രയുമായി ബന്ധപ്പെട്ടുണ്ടായ സമുദായിക സംഘർഷത്തിൽ പൊലീസ് നടത്തിയ ഭീകരതയാണ് സിറാജുന്നീസ എന്ന രക്തസാക്ഷിയെ സൃഷ്ടിച്ചത്. വെടിവയ്ക്കാൻ ഉത്തരവിട്ട രമൺ ശ്രീവാസ്തവയെന്ന ഐപിഎസ് ഉദ്യോഗസ്ഥൻ നടപടിയൊന്നും നേരിടാതെ പിന്നീട് കേരള പൊലീസിന്റെ ഡിജിപി സ്ഥാനംവരെ അലങ്കരിച്ചു വിരമിച്ചിരിക്കുന്നു.
1991 ഡിസംബർ 15 നായിരുന്നു സംഭവം. തൊണ്ടിക്കുളം യുപി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യർത്ഥിനിയായിരുന്നു സിറാജുന്നീസ. അന്നത്തെ ബിജെപി പ്രസിഡന്റ് മുരളീ മനോഹർ ജോഷി കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് ഏകതാ യാത്ര നടത്തുന്ന സമയം. അതിന്റെ ഭാഗമായി നടന്ന ഒരു ഉപയാത്ര പാലക്കാട് പുതുപ്പള്ളിയുടെ സമീപഗ്രാമമായ മേപ്പറമ്പിൽ സാമുദായിക സംഘർഷം ഉണ്ടാക്കി.
പുതുപ്പള്ളി തെരുവിലൂടെ അന്നത്തെ ഷൊർണൂർ എഎസ്‌പി സന്ധ്യ പോകുമ്പോൾ, രംഗം ശാന്തമായിരുന്നു. ആ ഭാഗത്ത് ഒരക്രമവും ഉണ്ടായിരുന്നുമില്ല. സിറാജുന്നീസയും സഹോദരിയും വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അയൽക്കാരൻ മുഹമ്മദ് അതു കണ്ടുനിന്നു. കൺട്രോൾ റൂം നിയന്ത്രിച്ചിരുന്ന ഡിഐജി രമൺ ശ്രീവാസ്തവയെ രംഗം ശാന്തമാണെന്ന വിവരം പൊലീസ് അറിയിച്ചു. അപ്പോൾ ശ്രീവാസ്തവ പ്രതികരിച്ചത് 'എനിക്ക് മുസ്ലിം പിശാചുക്കളുടെ ശവശരീരങ്ങൾ വേണം' എന്നായിരുന്നുവെന്നു പറയപ്പെടുന്നു. സന്ധ്യയുടെ കൈയിലെ വാക്കിടോക്കി ശ്രീവാസ്തവ, സൂപ്രണ്ടിനു കൈമാറാൻ പറഞ്ഞു. തുടർന്നാണ് പൊലീസ് സിറാജുന്നീസയെ വെടിവച്ചത്. തലപിളർന്ന് തെറിച്ചുവീണ കുട്ടിയേയും കൊണ്ട് ആശുപത്രിയിലേക്കോടിയ അയൽവാസി മുഹമ്മദിനും സുലൈമാനുമൊക്കെ കിട്ടി പൊലീസ് വക പൊതിരെ തല്ല്. ഏറെ ക്‌ളേശിച്ച് പൊലീസ് ജീപ്പിൽ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഉയിരറ്റിരുന്നു.
മുറ്റത്തോടി കളിച്ചിരുന്ന പതിനൊന്നു വയസ്സുകാരിയെ കൊന്നതിന് പൊലീസ് പറഞ്ഞ ന്യായം തികച്ചും അപഹാസ്യമായിരുന്നു. തൊട്ടടുത്തുള്ള ബ്രാഹ്മണത്തെരുവിന് തീവയ്ക്കാനും കൊള്ളയടിക്കാനും മുന്നൂറുപേരുടെ ഒരു ക്രിമിനൽ സംഘത്തെ അവൾ നയിച്ചുകൊണ്ട് പോവുകയായിരുന്നത്രെ. എഫ്‌ഐആറിലെ ഈ പരാമർശം തിരുത്താൻ വർഷങ്ങൾ നീണ്ട ഇടപെടലുകൾ വേണ്ടി വന്നു. വയർലെസ്സ് വഴി ശ്രീവാസ്തവ കൊടുത്ത ഉത്തരവ് അടക്കം വെടിവെപ്പിലേക്ക് നയിച്ച മുഴുവൻ കാരണങ്ങളും അന്വേഷിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടും ശ്രീവാസ്തവയെ രാഷ്ട്രീയ കേന്ദ്രങ്ങൾ രക്ഷിച്ചെടുത്തു.
പ്രഹസനമായ അന്വേഷണങ്ങൾക്കും പൊലീസ് പറഞ്ഞത് മാത്രം കേട്ടെഴുതിയ ജുഡീഷ്യൽ കമ്മീഷനും മുന്നിൽ സിറാജുന്നീസയെ മറക്കുക മാത്രമേ പുതുപ്പള്ളി തെരുവിന് പോംവഴി ഉണ്ടായിരുന്നുള്ളു. സാധ്യമായ വഴികളിലെല്ലാം കേസ് തേച്ചുമായിച്ചൊതുക്കാൻ പൊലീസ് ശ്രമിച്ചു. സിറാജുന്നീസയുടെ വീടിനരികെ സ്ഥാപിച്ചിരുന്ന ഇലക്ട്രിക്ക് പോസ്റ്റ് ആരുമറിയാതെ അധികൃതർ മാറ്റി സ്ഥാപിച്ചു. ഈ പോസ്റ്റ് വെടിയുണ്ട തട്ടി തകർന്ന് തെറിച്ച ചീളുകളേറ്റാണ് പെൺകുട്ടി മരിച്ചെതെന്നായിരുന്നു യോഹന്നാൻ കമ്മീഷന്റെ കണ്ടത്തെൽ. എന്നാൽ സംഭവം നടന്ന സമയത്ത് സിറാജുന്നീസയുടെ വീട്ടിനുമുന്നിൽ ഈ പോസ്റ്റുണ്ടായിരുന്നില്ല. വെടിവെപ്പ് കഴിഞ്ഞ് രണ്ടുമാസത്തിനുശേഷമാണ് പോസ്റ്റ് സ്ഥാപിച്ചത്. പോസ്റ്റിന്റെ നിർമ്മാണ തിയ്യതി ചായമടിച്ച് മാറ്റുകയും ചെയ്തിരുന്നു.
പാലക്കാട് കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നും കഷ്ടി ഒരു കിലോമീറ്റർ മാത്രമേയുള്ളൂ പുതുപ്പള്ളി തെരുവിലേക്ക്. ഇന്നവിടെ സിറാജുന്നീസയുടേതായി ഒന്നും തന്നെ അവശേഷിക്കുന്നില്ല. അവൾ ജനിച്ചു വളർന്ന വീട് വർഷങ്ങൾക്ക് മുൻപ് പൊളിച്ചു മാറ്റപ്പെട്ടു. അവിടെ മറ്റൊരു കെട്ടിടമുയർന്നു. അവൾ ഓടിക്കളിച്ച മുറ്റവും മുന്നിലെ വഴിത്താരകളും ഒക്കെ ഇന്ന് മറ്റാരുടെയൊക്കെയോ ആണ്. തെരുവുനിവാസികൾ സിറാജുന്നീസയെന്ന പേരുകേട്ടാൽ കൈമലർത്തും.
മകൾ കൊല്ലപ്പെട്ട് അധികം വൈകാതെ അമ്മ നഫീസ മരിച്ചിരുന്നു. പിതാവ് മുസ്തഫ പാലക്കാട് നഗരത്തിന്റെ മറ്റൊരു കോണിൽ ചെറിയ കൈത്തൊഴിലുകൾ ചെയ്ത് ജീവിക്കുന്നു. സഹോദരിമാരായ ആത്തിക്കയും മുംതാസും വിവാഹിതരായി വേറെ ദേശാന്തരങ്ങളിൽ എത്തി. സഹോദരന്മാർ നസീറും അബ്ദുൽ സത്താറും ഉപജീവനം തേടി എന്നേ പുതുപ്പള്ളി തെരുവു വിട്ടു.