- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2018ലെ ബജറ്റിൽ ഉപയോഗിക്കാൻ ഒരു പുതിയ കവിത തന്നെ ടീച്ചർ എഴുതി തന്നു; ഒരു നിയോഗവുമേൽപ്പിച്ചു; കവിത കവിതയായിത്തന്നെ നിയമസഭയിൽ പാടണം! ടീച്ചറുടെ ആ ആവശ്യം നിറവേറ്റാൻ കഴിഞ്ഞില്ല; സുഗത കുമാരി ടീച്ചറിനെ അനുസ്മരിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ കുറിപ്പ്
തിരുവനന്തപുരം: വിശേഷണങ്ങൾക്കപ്പുറം പരിചയപ്പെടുന്ന ഓരോ ആളിലും പ്രത്യാശയുടെ വെളിച്ചം നിറയ്ക്കാൻ സുഗത കുമാരി ടീച്ചർ മറന്നില്ല. പ്രകൃതിയോട് മനുഷ്യർ കാട്ടുന്ന അതിക്രമങ്ങളിൽ രോഷാകുലയാകുമെങ്കിലും, പ്രതീക്ഷയുടെ ഒരുതരി വെളിച്ചം എപ്പോഴും. ടീച്ചറുമായുള്ള ആത്മബന്ധത്തെ കുറിച്ച് എഴുതുകയാണ് ധനമന്ത്രി ടി.എം.തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ.
ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ:
മലയാളിയുടെ മനസിൽ പരിസ്ഥിതി ബോധത്തിന്റെ പകൽവെളിച്ചമായി ജ്വലിച്ചു നിന്ന പ്രിയങ്കരിയായ സുഗതകുമാരി ടീച്ചർ വിടവാങ്ങി. പരിസ്ഥിതിയെക്കുറിച്ചുള്ള കേരളത്തിന്റെ കാഴ്ച്ചപ്പാടുകൾ മാറ്റാനും പുതുക്കാനും ഇത്രയേറെ എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത മറ്റൊരാളില്ല. ആ കവിതകളും ലേഖനങ്ങളും പ്രഭാഷണങ്ങളും ഉയർത്തിപ്പിടിച്ച നിലപാടുകൾ ഏറെക്കുറെ കേരളത്തിന്റെ പൊതുബോധമായി രൂപപ്പെടുന്നത് കണ്ടുകൊണ്ടാണ് അവർ വിടവാങ്ങിയത്.
ഗോപകുമാറും ഞാനും ചേർന്നെഴുതിയ 'മാലിന്യമകലുന്ന തെരുവുകൾ' എന്ന പുസ്തകത്തിന്റെ കോപ്പി നൽകാനാണ് ഞാൻ അവസാനമായി ടീച്ചറിന്റെ വീട്ടിലെത്തിയത്. തെംസ് നദിയുടെ മലിനീകരണത്തെക്കുറിച്ചുള്ള അധ്യായത്തിലൂടെയാണ് ആ പുസ്തകം ആരംഭിക്കുന്നത്. ഏറെക്കാലം മലിനവും നിർജീവവുമായിക്കിടന്ന ശേഷം അരയന്നങ്ങളും സാൽമൺ മത്സ്യങ്ങളും തിരികെ വിളിച്ച് തെളിഞ്ഞൊഴുകിയ തെംസിനെ പ്രകീർത്തിച്ചുകൊണ്ട് 1980ൽ ടീച്ചറെഴുതിയ കവിത ആ അധ്യായത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. സുദീർഘമായ സൗഹൃദം ടീച്ചറോട് എനിക്കുണ്ടായിരുന്നു. ഞങ്ങളുടെ കൂടിക്കാഴ്ചകളിൽ എപ്പോഴും അതിന്റെ ഊഷ്മളത നിറഞ്ഞുനിന്നിരുന്നു.
അന്ന് ഞങ്ങൾ ഏറെ നേരം സംസാരിച്ചിരുന്നു. എന്നോടൊപ്പം അന്ന് തിരുവനന്തപുരം മേയറായിരുന്ന വി കെ പ്രശാന്ത് എംഎൽഎയുമുണ്ടായിരുന്നു. പ്രശാന്തിനോട് ഒരു പ്രത്യേക വാൽസല്യം തന്നെ അവർക്കുണ്ടായിരുന്നു. അന്ന് ടീച്ചറുടെ സഹ്യഹൃദയം എന്ന പുസ്തകം പുറത്തിറങ്ങിയിട്ട് ഏതാനും നാളുകളേ ആയിരുന്നുള്ളൂ. ഓരോ കോപ്പി ഞങ്ങൾക്കു തന്നു. ടീച്ചറെഴുതിയ പരിസ്ഥിതിക്കവിതകളുടെ സമാഹാരമാണ് സഹ്യഹൃദയം. അത്യാകർഷകമായ ചിത്രങ്ങളാണ് ഈ കവിതാ പുസ്തകത്തിന്റെ പ്രത്യേകത. കായാമ്പൂവും കപോതപുഷ്പവുമൊക്കെ തന്റെ തന്നെ വളപ്പിൽനിന്നു പകർത്തിയത് എന്ന് കുട്ടിത്തം കലർന്ന ആവേശത്തോടെ ഞങ്ങളോടു പറഞ്ഞു.
2018ലെ ബജറ്റിൽ മലയാളത്തിലെ എഴുത്തുകാരികളുടെ രചനകളാണ് ഉൾപ്പെടുത്തിയിരുന്നത്. ആദ്യത്തെ പേര് സുഗതകുമാരിയുടേതാവണമെന്ന് നിർബന്ധമുണ്ടായിരുന്നു. ബജറ്റിൽ ഉപയോഗിക്കാൻ ഒരു പുതിയ കവിത തന്നെ ടീച്ചർ എഴുതിത്ത്ത്തന്നു. ഒരു നിയോഗവുമേൽപ്പിച്ചു. കവിത കവിതയായിത്തന്നെ നിയമസഭയിൽ പാടണം! ടീച്ചറുടെ ആ ആവശ്യം നിറവേറ്റാൻ കഴിഞ്ഞില്ല.
അലറുന്ന കടലിനെയും സംഹാരരുദ്രയായ പ്രകൃതിയെയും ചൂണ്ടിക്കാണിച്ച്, പക്ഷേ, ടീച്ചർ ഓർമ്മിപ്പിച്ചത് ഉയർത്തെഴുന്നേൽക്കുമെന്ന പ്രത്യാശയാണ്. അതായിരുന്നു ആ കവിതയുടെ അന്തസത്ത. കവിത ആവശ്യപ്പെട്ട് ടീച്ചറുടെ വീട്ടിലെത്തുമ്പോൾ അവിടെ സഹോദരി സുജാതാദേവിയുമുണ്ടായിരുന്നു. സർക്കാരിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ചും അഭയയുടെ ഭാവിയെക്കുറിച്ചുമൊക്കെ ഞങ്ങൾ വളരെ നേരം സംസാരിച്ചിരുന്നു.
പ്രിയപ്പെട്ട സുഹൃത്തിന്റെ, ജ്യേഷ്ഠസഹോദരിയുടെ വിയോഗം ഒരു തീരാനഷ്ടം തന്നെയാണ്. ഇത്ര മനോഹരമായി ഭാഷ കൈകാര്യം ചെയ്യുന്ന, ലളിതമായ ശൈലിയിൽ നിലപാടുകൾ അതിശക്തമായി അവതരിപ്പിക്കുന്ന മറ്റൊരാൾ മലയാളത്തിലുണ്ടോ എന്നും സംശയമാണ്. ഭാഷയ്ക്കും സാഹിത്യത്തിനും പൊതുജീവിതത്തിനും അപരിഹാര്യമായ നഷ്ടമാണ് ഈ വിയോഗം. പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ലക്ഷ്മിയുടെയും മറ്റു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സങ്കടത്തിൽ പങ്കുചേരുകയും ചെയ്യുന്നു. മലയാളത്തിന്റെ മകളായി പിറന്ന് മലയാളികളുടെ അമ്മയായി വളർന്ന ആ മഹാവ്യക്തിത്വത്തിനു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു
മറുനാടന് ഡെസ്ക്