കണ്ണൂർ: കേരളത്തിൽ ഇടതു സർക്കാർ ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പിണറായിയുടെ നീതി സ്വന്തം പാർട്ടിയിലെ ക്രമിനലുകൾക്ക് വേണ്ടിയുള്ളതാണ്. ഇരട്ടനീതിക്ക് തെളിവാണ് അസ്ലം വധക്കേസിന്റെ അന്വേഷണം വൈകുന്നത്. സർക്കാറിന്റെ അനാസ്ഥക്ക് പിന്നിൽ സിപിഐ.എമ്മിന്റെ രാഷ്ട്രീയ കളിയാണെന്നും ചെന്നിത്തല ആരോപിച്ചു.

കണ്ണൂരിലെ നരനായാട്ട് കണ്ട് മുഖ്യമന്ത്രി സന്തോഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് കുറ്റവാളിയുടെ മനസാണ്. ജില്ലയിൽ മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാത്തത് കുറ്റകരമാണെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി ദേശീയ സമ്മേളനം കോഴിക്കോട് നടത്തുന്നതിന് പിന്നിൽ ഗൂഢ തന്ത്രമുണ്ട്. കണ്ണൂർ ജില്ലയിൽ തുടരുന്ന രാഷ്ട്രീയ സംഘർഷത്തിന് കൂടുതൽ ശക്തി പകരുന്നതിനുള്ള കോപ്പുകൂട്ടാണിതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സംസ്ഥാന നേതൃത്വം കണ്ണൂരിൽ സംഘടിപ്പിച്ച സമാധാന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.