- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാക്കനാട് കിൻഫ്രാ പാർക്കിൽ പത്ത് ഏക്കർ അനുവദിച്ചതിന്റെ ഉത്തരവ് പുറത്തു വിടണം; അഴിമതിയിൽ വ്യവസായ വകുപ്പിനും പങ്കെന്ന് ആരോപണം; റൂൾസ് ഓഫ് ബിസിനസിലെ സെക്ഷൻ 20 അനുസരിച്ച് ഏത് മന്ത്രിസഭാ യോഗമാണ് ഇത് ചർച്ച ചെയ്തത്? പുതുതായി ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കാൻ പോകുന്ന വിവരം നാല് പേർ മാത്രം എങ്ങനെ അറിഞ്ഞു? ബ്രൂവറി ചലഞ്ചിൽ പിണറായി സർക്കാരിനെ വെട്ടിലാക്കി വീണ്ടും ചെന്നിത്തല; അന്വേഷണം ഉറപ്പിക്കാൻ പ്രതിപക്ഷം നിയമനടപടിക്ക്
കോഴിക്കോട്: ഘടക കക്ഷികളെപ്പോലും അറിയിക്കാതെയും മന്ത്രിസഭയിൽ ചർച്ച ചെയ്യാതെയും നടത്തിയ ബ്രൂവറി ഇടപാടിൽ കോടികളടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും. അക്കമിട്ട് നിരത്തി ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും മുഖ്യമന്ത്രിയോ എക്സൈസ് മന്ത്രിയോ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു. എക്സൈസ് മന്ത്രിയാകട്ടെ അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന മട്ടിൽ മറ്റെന്തെക്കയോ കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. ഈ പശ്ചാത്തലത്തിൽ എക്സൈസ് മന്ത്രിയോട് പത്തു ചോദ്യങ്ങൾ ചോദിച്ച് ചെന്നിത്തല കത്ത് നൽകി. ഇതോടെ പ്രതിപക്ഷ നേതാവ് ഉയർത്തിയ ബ്രൂവറി ചലഞ്ചിന് പുതിയ മാനം കൈവരുകയാണ്. ബ്രൂവറി ഇടപാട് പിണറായി രഹസ്യമാക്കി വച്ചുവെന്നും എക്‌സൈസ് മന്ത്രി കാര്യങ്ങൾ മറച്ചു വയ്ക്കുകയാണെന്നും രമേശ് ചെന്നിത്തല പറയുന്നു. കാക്കനാട് കിൻഫ്രാ പാർക്കിൽ പത്ത് ഏക്കർ അനുവദിച്ചത് എന്തിനാണെന്നാണ് ഉയർത്തുന്ന പ്രധാന ചോദ്യം. ഈ ഉത്തരവ് പുറത്തു വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വി
കോഴിക്കോട്: ഘടക കക്ഷികളെപ്പോലും അറിയിക്കാതെയും മന്ത്രിസഭയിൽ ചർച്ച ചെയ്യാതെയും നടത്തിയ ബ്രൂവറി ഇടപാടിൽ കോടികളടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും. അക്കമിട്ട് നിരത്തി ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും മുഖ്യമന്ത്രിയോ എക്സൈസ് മന്ത്രിയോ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു.
എക്സൈസ് മന്ത്രിയാകട്ടെ അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന മട്ടിൽ മറ്റെന്തെക്കയോ കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. ഈ പശ്ചാത്തലത്തിൽ എക്സൈസ് മന്ത്രിയോട് പത്തു ചോദ്യങ്ങൾ ചോദിച്ച് ചെന്നിത്തല കത്ത് നൽകി. ഇതോടെ പ്രതിപക്ഷ നേതാവ് ഉയർത്തിയ ബ്രൂവറി ചലഞ്ചിന് പുതിയ മാനം കൈവരുകയാണ്. ബ്രൂവറി ഇടപാട് പിണറായി രഹസ്യമാക്കി വച്ചുവെന്നും എക്‌സൈസ് മന്ത്രി കാര്യങ്ങൾ മറച്ചു വയ്ക്കുകയാണെന്നും രമേശ് ചെന്നിത്തല പറയുന്നു. കാക്കനാട് കിൻഫ്രാ പാർക്കിൽ പത്ത് ഏക്കർ അനുവദിച്ചത് എന്തിനാണെന്നാണ് ഉയർത്തുന്ന പ്രധാന ചോദ്യം. ഈ ഉത്തരവ് പുറത്തു വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തിൽ കോടതിയെ സമീപിക്കുന്നത് പരിഗണിക്കുമെന്നും ചെന്നിത്തല പറയുന്നു.
പ്രളയത്തിന്റെ മറവിൽ സംസ്ഥാനത്തു പുതിയതായി ഒരു ഡിസ്റ്റിലറിയും മൂന്നു ബ്രൂവറികളും അനുവദിച്ചതിൽ കോടികളുടെ അഴിമതിയുണ്ടെന്നാണ് ആരോപണം. മന്ത്രിസഭാ യോഗത്തിലോ ഇടതുമുന്നണിയിലോ നയപ്രഖ്യാപന പ്രസംഗത്തിലോ ബജറ്റ് പ്രസംഗത്തിലോ, മദ്യനയത്തിലോ പറയാതെ അതീവ രഹസ്യമായാണ് ഇവ അനുവദിച്ചതെന്നും വിലിയിരുത്തലുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നിരിക്കുന്നത്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം സംസ്ഥാനത്ത് ഇപ്പോൾ സാലറി ചലഞ്ചല്ല, ബ്രൂവറി ചലഞ്ചാണു നടക്കുന്നതെന്ന ആരോപണം ആദ്യം ഉയർത്തിയത് ചെന്നിത്തലയാണ്.
കൊച്ചിയിൽ ബ്രൂവറിക്കായി കിൻഫ്രയുടെ പത്തേക്കർ ഭൂമി വിട്ടുകൊടുത്തു. 17 വർഷത്തിനു ശേഷമാണ് സംസ്ഥാനത്ത് ഡിസ്റ്റിലറി അനുവദിക്കുന്നത്. ഡിസ്റ്റിലറിയും ബ്രൂവറികളും അനുവദിക്കേണ്ടതില്ലെന്ന് 1999-ൽ നികുതിസെക്രട്ടറിയായിരുന്ന വിനോദ്റായിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു സർക്കാരും ഇവ അനുവദിച്ചിരുന്നില്ല. എന്നാൽ, ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അനുമതി നൽകിയിരിക്കുന്നത്. സർക്കാരിന്റെ മദ്യനയത്തിനു വിരുദ്ധമാണിതെന്ന വാദം ശക്തമാണ്. ഇതേ കുറിച്ച് അറിയില്ലെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ രണ്ടു ഡിസ്റ്റിലറികളുടെ ഉൽപ്പാദനശേഷി വർധിപ്പിച്ചും ഉത്തരവിറക്കിയിട്ടുണ്ട്.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് ആദ്യത്തെ ബ്രൂവറിക്ക് അനുമതി നൽകിയതെന്നതു ശ്രദ്ധേയമാണ്. നേരത്തേ സർക്കാരിന് ലഭിച്ച മറ്റ് അപേക്ഷകൾ പിന്തള്ളിയാണിത്. അനുമതി കൊടുക്കാൻ തിരുമാനിച്ചപ്പോൾ അപേക്ഷ ക്ഷണിച്ച് സുതാര്യമായി ചെയ്യാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
എക്സൈസ് മന്ത്രിയോട് ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങൾ
1. സംസ്ഥാനത്ത് 1999 മുതൽ നിർത്തി വച്ചിരുന്ന ഡിസ്റ്റിലറി, ബ്രൂവറി ലൈസൻസ് നൽകൽ വീണ്ടും ആരംഭിച്ചത് ആരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്? ഉത്തരവിന്റെ പകർപ്പ് പുറത്തു വിടാമോ?
2. അബ്കാരി രംഗത്ത് ഏത് ലൈസൻസിനും ഒരു വർഷമാണ് കാലാവധി എന്നതിനാൽ സർക്കാരുകൾ വർഷാവർഷം മാർച്ച് 31 ന് മുൻപായി പുതുക്കിയ അബ്കാരി നയം പുറപ്പെടുവിക്കാറുണ്ട്. അതനുസരിച്ച് എപ്പോഴത്തെ അബ്കാരി നയമനുസരിച്ചാണ് സംസ്ഥാനത്ത് മൂന്ന് ബ്രുവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചത്? ആ അബ്കാരി നയത്തിന്റെ പകർപ്പ് പരസ്യപ്പെടുത്താമോ?
3. 1999 മുതൽ നിലനിൽക്കുന്ന സുപ്രധാനമായ ഒരു നയം മാറ്റുമ്പോൾ ഭരണമുന്നണിയുടെ നയരൂപീകരണ സമിതിയായ ഇടതു മുന്നണി ഏകോപന സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നോ?
4. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ വ്യതിയാനം വരുത്തുമ്പോൾ അക്കാര്യം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കണമെന്ന റൂൾസ് ഓഫ് ബിസിനസിലെ സെക്ഷൻ 20 അനുസരിച്ചുള്ള നിബന്ധന ഇക്കാര്യത്തിൽ പാലിച്ചിട്ടുണ്ടോ? എങ്കിൽ ഏത് മന്ത്രിസഭാ യോഗത്തിലാണ് അക്കാര്യം ചർച്ച ചെയ്തത്?
5. ബ്രൂവറികളും ഡിസ്റ്റിലറിയും വൻതോതിൽ ജലം ഉപയോഗിക്കുന്നവയാണ്. ഓരോ ബ്രൂവറിക്കും എന്തു മാത്രം ജലം ആവശ്യമാണെന്നും ഇവ അനുവദിച്ച സ്ഥലങ്ങളിൽ ജലലഭ്യത ഉണ്ടോ എന്ന കാര്യത്തിൽ പഠനം നടത്തിയിട്ടുണ്ടോ? ഇത് സംബന്ധിച്ച പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോ?
6. പുതുതായി ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കാൻ പോകുന്ന വിവരം ഇപ്പോൾ അവ ലഭിച്ച നാല് പേർ മാത്രം എങ്ങനെ അറിഞ്ഞു?
7.1975 ലെ കേരളാ ഫോറിൻ ലിക്കർ (കോംപൗണ്ടിങ്, ബ്ളെൻഡിങ് ആൻഡ് ബോട്ടിലിങ്) റൂൾ അനുസരിച്ച് അപേക്ഷയോടൊപ്പം കെട്ടിടത്തിന്റെ പളാൻ, മെഷിനറിയുടെ വിശദാംശം ഉൾപ്പടെ അടിസ്ഥാന സൗകര്യങ്ങളുടെ വിശദാംശം ഉൾക്കൊള്ളിക്കണമെന്ന് നിബന്ധന ഉണ്ട്. ഇവിടെ അപേക്ഷകളിൽ അവ നൽകിയിട്ടുണ്ടോ? അനുമതി നൽകി കഴിഞ്ഞ സ്ഥിതിക്ക് ഇനി എക്സൈസ് കമ്മീഷണർ ലൈസൻസ് നൽകുന്നത് ഏറ്റവും ഒടുവിലത്തെ സാങ്കേതിക കാര്യം മാത്രമാണെന്ന വസ്തുത മന്ത്രി എന്തിനാണ് മറച്ചു വയ്ക്കുന്നത്?
8. ജി.ഒ.(ആർ.ടി) നമ്പർ 507/2018 / നികുതി വകുപ്പ് ആയി 12/7/2018 ലെ ഉത്തരവ് അനുസരിച്ച് ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന് വിദേശ മദ്യത്തിന്റെ കോംപൗണ്ടിങ്, ബ്ളെൻഡിങ് ആൻഡ് ബോട്ടിലിങ് യൂണിറ്റ് തുടങ്ങാൻ തൃശ്ശൂർ ജില്ലയിൽ എവിടെയാണ് അനുമതി നൽകിയത്? ആ സ്ഥലത്തിന്റെ സർവ്വേ നമ്പർ വെളിപ്പെടുത്താമോ?
9. വിദേശ മദ്യത്തിന്റെ കോംപൗണ്ടിങ്, ബ്ളെൻഡിങ് ആൻഡ് ബോട്ടിലിങ് യൂണിറ്റ് തുടങ്ങാൻ ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപേക്ഷയിന്മേൽ തൃശ്ശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എക്സൈസ് കമ്മീഷണർക്ക് ശുപാർശ നൽകിയിരുന്നോ? എങ്കിൽ അതിന്റെ പകർപ്പ് പുറത്തു വിടാമോ?
10. പുതുതായി ഡിസ്റ്റിലറികൾ അനുവദിക്കേണ്ടതില്ല എന്ന 1999 ലെ ഉത്തരവ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് മാത്രമാണെന്നും അതിന് പ്രാധാന്യമില്ലെന്നുമാണെങ്കിൽ 2006ലെ ഇടതു മുന്നണി സർക്കാരിന്റെ കാലത്ത് പോലും ആ ഉത്തരവ് അനുസരിച്ച് നിരവധി ഡിസ്റ്റിലറിക്കുള്ള അപേക്ഷകൾ നിരസിച്ചതിന്റെ കാരണം വ്യക്തമാക്കാമോ?