തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികൾക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നൽകണമെന്ന് നടി രമ്യാ നമ്പീശൻ. നിയൊരാൾക്കും അത്തരത്തിലൊരു കുറ്റകൃത്യം ചെയ്യാനുള്ള തോന്നൽ പോലും ഉണ്ടാകാത്ത തരത്തിലുള്ള ശിക്ഷ വേണം നൽകാൻ. നടിയെ ആക്രമിച്ചത് അത്യപൂർവ്വവും ക്രൂരവുമായ കുറ്റമാണ്. സത്യം തെളിയാൻ അവൾക്കൊപ്പം ഏതറ്റം വരെ പോകാനും തങ്ങൾ തയ്യാറാണെന്നും രമ്യാ നമ്പീശൻ പറഞ്ഞു.

പുരുഷ വിരോധമുള്ള സംഘടനയല്ല വിമൻ ഇൻ സിനിമാ കളക്ടീവെന്നും, പേടി കൂടാതെ ജോലി ചെയ്യാൻ സാഹചര്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും രമ്യ പറഞ്ഞു. ഡബ്ല്യൂ. സി. സി പുരുഷ വിരോധം വച്ചുപുലർത്തുന്ന സംഘടനയല്ല. സിനിമാ സെറ്റുകളിൽ കുറച്ചു കൂടി ആരോഗ്യകരമായ അന്തരീക്ഷമുണ്ടാക്കുകയാണ് ലക്ഷ്യം. ഒരു മാസത്തിനകം സംഘടനയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകും. പിന്നാലെ അംഗത്വ വിതരണം നൽകും.

ക്യാമ്പെയ്‌ന് ശേഷം വിപുലമായ പദ്ധതികളാണ് സംഘടന ആലോചിക്കുന്നതെന്നും രമ്യ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നവർക്ക് നേരെ സോഷ്യൽ മീഡിയയിലൂടെയുള്ള മോശം പരാമർശങ്ങളെ അവഗണിക്കുക്കയാണെന്നും രമ്യ പറഞ്ഞു.