- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺ വഴി പരിചയം; പ്രണയ ചതിയിൽ വീണപ്പോൾ സ്വർണം പണയത്തിലാക്കി കാമുകൻ പണം നൽകിയത് വീട്ടിൽ ആരും അറിയാതെ; ഭയം തുടങ്ങിയപ്പോൾ ആത്മഹത്യാ ശ്രമം; പൊലീസ് എത്തിയപ്പോൾ സത്യം പറഞ്ഞു; മൊബൈലിലെ അന്വേഷണം പ്രതിയെ കുടുക്കി; ചെങ്ങന്നൂരിലെ വില്ലൻ രഞ്ജിത്ത് കുടുങ്ങിയത് ഇങ്ങനെ
ആലപ്പുഴ: ചെങ്ങന്നൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതി വയനാട് സ്വദേശി രഞ്ജിത്തിന്റെ തട്ടിപ്പ് പുറത്തറിഞ്ഞത് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ. ഫോൺ വഴിയാണ് ഇയാൾ ചെങ്ങന്നൂർ സ്വദേശിനിയായ പെൺകുട്ടിയുമായി പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മിൽ അടുപ്പത്തിലായി. താൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം രഞ്ജിത്ത് പെൺകുട്ടിയിൽ നിന്ന് മറച്ചുവെച്ചിരുന്നു.
അടുപ്പത്തിലായ ശേഷം നേരിൽ കാണാൻ ഇരുവരും തീരുമാനിച്ചു. തനിക്ക് സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞ് വിശ്വസിപ്പിച്ചപ്പോൾ തന്റെ കൈവശമുണ്ടായിരുന്ന സ്വർണം പണയം വെച്ച് ഒരു പരിചയക്കാരൻ വഴി രഞ്ജിത്തിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചു. വല്യമ്മയുടെ സ്വർണവും പണയം വെച്ച് പണം അയച്ചു. രണ്ട് തവണയായി 85,000 രൂപയാണ് അയച്ചത്. വീട്ടുകാർ അറിയാതെ പണം അയച്ചു കൊടുത്തതിൽ പിന്നീട് പെൺകുട്ടിക്ക് ഭയപ്പാടുണ്ടായി.
മാനസിക സമ്മർദ്ദം കടുത്തതോടെ പെൺകുട്ടി ഗുളികകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസ് എത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് രഞ്ജിത്തിന് സ്വർണം പണയം വെച്ച് പണം നൽകിയതും അടുപ്പത്തിലായിരുന്നു എന്ന കാര്യവും പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.
വയനാട്ടിലെത്തിയ പൊലീസ് സംഘം മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. വിവരം മനസ്സിലാക്കിയ പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്തു കടന്നുകളയാൻ ശ്രമിച്ചു.പ്രതിയെ കൂടുതൽ തവണ ബന്ധപ്പെട്ട സുഹൃത്തിന്റെ കോൾ ലിസ്റ്റ് പരിശോധനയിലൂടെ കണ്ടത്തി. സുഹൃത്തിനെ നിരീക്ഷണത്തിലാക്കി ഇയാളെ ഉപയോഗിച്ചു പ്രതിയെ വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
വയനാട് സ്വദേശിയായ രഞ്ജിത്തിന് കാര്യമായ ജോലികളൊന്നും തന്നെയില്ല. ഒരു കുട്ടിയുടെ പിതാവാണെങ്കിലും ഭാര്യയും ഇയാളിൽ നിന്ന് അകന്നാണ് കഴിയുന്നത്. സ്വഭാവ ദൂഷ്യമാണ് ഇതിന് കാരണം.
മറുനാടന് മലയാളി ബ്യൂറോ