- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തക്കാരെയും പാർട്ടിക്കാരെയും നിയമിച്ചുകഴിഞ്ഞപ്പോൾ രഞ്ജിത്തിനെ പോലുള്ളവർക്ക് ഇടം എവിടെ? മൺകുടിലിൽ നിന്ന് സ്വപ്രയത്നത്താൽ കാഞ്ഞങ്ങാട് സ്വദേശി ഐഐഎം അദ്ധ്യാപകനാകുമ്പോൾ ചർച്ചയാകുന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റി തഴഞ്ഞ കഥ; നാലാം റാങ്ക് നേടി പട്ടികയിൽ ഇടം കിട്ടിയിട്ടും പുറന്തള്ളിയ നാണക്കേടിന്റെ കഥ
മലപ്പുറം: കൊച്ചുകുടിലിൽ ജനിച്ച് ജീവിതത്തോട് പടവെട്ടി വിദ്യാഭ്യാസം നേടിയ ശേഷം കാലിക്കറ്റ് യൂണിവേഴ്സറ്റിയിൽ നാലാം റാങ്ക് നേടി ലിസ്റ്റിലെത്തിയിട്ടും ജോലി നൽകാതെ ക്രൂരതക്കിരയായ കാസർഗോഡ് കാഞ്ഞങ്ങാട് പാണത്തൂർ കേളപ്പം കയത്തെ ആർ.രഞ്ജിത്ത് അവസാനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) ഇക്കണോമിക്സ് അദ്ധ്യാപകനായി നിയമിതനാകുന്നു.
വിവാദമായ കാലിക്കറ്റ് സർവകലാശാല അദ്ധ്യാപക നിയമനത്തിൽ റാങ്ക് ലിസ്റ്റിലെത്തിയിട്ടും ജോലി ലഭിക്കാതെ പോയ വ്യക്തിയാണ് രഞ്ജിത്ത്്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അദ്ധ്യാപക നിയമന അഭിമുഖത്തിൽ നാലാം റാങ്ക് ഉണ്ടായിരുന്നു. നാലൊഴിവുകൾ ഉണ്ടായിട്ടും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രഞ്ജിത്തിന് മുൻഗണന ഉണ്ടായിട്ടും നിയമനം നൽകാതെ കാലിക്കറ്റ് സർവ്വകലാശാല നിയമനങ്ങളിൽ മുഴുവൻ അട്ടിമറിയും നടത്തി സ്വന്തക്കാരെയും പാർട്ടിക്കാരെയും നിയമിച്ചെന്ന ആരോപണം ശരി വെക്കുന്നതാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെയാണ് കാലിക്കറ്റ് സർവ്വകലാശാലയിൽ നിയമനം നടത്തിയതെന്നും സംവരണ ക്രമവിവരപ്പട്ടികയും ( റിസർവേഷൻ റോസ്റ്റർ ) പുറത്ത് വിട്ടിരുന്നില്ലെന്നുമാണ് പരാതി ഉയർന്നിട്ടുള്ളത്. ഈ സംഭവം ഏറെ വിവാദമാകുകയും മാധ്യമങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഈ നിയമനങ്ങൾക്കെതിരെ ഹൈക്കോടതിയിൽ മുസ്ലിം ലീഗ് സിൻഡിക്കേറ്റ് മെമ്പർ ഡോ.റഷീദ് അഹമ്മദ് കേസ് ഫയൽ ചെയ്തിട്ടുമുണ്ട്.
സംവരണ ക്രമവിവരപ്പട്ടിക ( റിസർവേഷൻ റോസ്റ്റർ ) രഹസ്യ സ്വഭാവം ഉള്ളതാണെന്നും അതുകൊണ്ട് കൈമാറാൻ കഴിയുകയില്ലെന്നുമാണ് സർവ്വകലാശാല ഹൈക്കോടതിയിൽ പറഞ്ഞത്. പട്ടികജാതി സീറ്റുകളിൽ നിയമനം നടക്കേണ്ടുന്ന പല പോസ്റ്റുകളിലേക്കും മതിയായ യോഗ്യരായവർ ഇല്ലാത്തതു കൊണ്ടു ആ പോസ്റ്റുകൾ ഒഴിച്ചിടുകയാണ് സർവ്വകലാശാല ചെയ്തത്.
നിയമനം നേടിയവരിൽ യോഗ്യരേക്കാൾ യോഗ്യതയുള്ള പലരും പുറത്താണ്. സാമൂഹിക സാഹചര്യങ്ങളോടും സാമ്പത്തിക പിന്നാക്കാവസ്ഥകളോടും പൊരുതി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) ഇക്കണോമിക്സ് അദ്ധ്യാപകനായി നിയമനം നേടിയിരിക്കുകയാണ് രഞ്ജിത്ത്.
രഞ്ജിത്ത് ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് കഴിഞ്ഞ വർഷമാണ് ഇന്ത്യയിലെ വ്യവസായരംഗത്തെ വിദേശനിക്ഷേപ വരവിന്റെ ഭാസ്ത്രപരമായ വിതരണത്തെ കറിച്ചുള്ള പഠനത്തിൽ പി.എച്ച്.ഡി പൂർത്തിയാക്കിയത്. കുടിലിൽ ജനിച്ച് ഐഐഎമ്മിൽ അസിസ്റ്റന്റ് പ്രഫസർ ആയ കഥ രഞ്ജിത് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവരിക്കുന്നത്. . ഈ കുടിലിൽ (സ്വർഗത്തിൽ) നിന്നും ഐഐഎം റാഞ്ചിയിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു, എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു, ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു. ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് എന്റെ വിജയം....എന്ന് പറഞ്ഞാണ് രഞ്ജിത്ത് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
രഞ്ജിത്തിന്റെ കുറിപ്പ് വായിക്കാം:
ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്...... ഒരുപാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു IIM (Indian Institute of Management) Assistant Professor ജനിച്ചിരിക്കുന്നു......ഈ വീട് മുതൽ IIM Ranchi വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി..... ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് എന്റെ വിജയം....
ഹയർ സെക്കന്ററിക്ക് തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്നു..... എന്നാലും എന്റെ ചുറ്റുപ്പാടിന്റെ സമർദ്ദം മൂലം പഠനം നിർത്താമെന്നു കരുതിയതാണ്.... എന്തോ ഭാഗ്യം കൊണ്ട് അതെ സമയം പാണത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ രാത്രിക്കാല സെക്യൂരിറ്റി ആയി ജോലി കിട്ടി, പകൽ പഠിക്കാനുള്ള സമയവും. അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു.... അത് ചെയ്യണം ഇത് ചെയ്യണം എന്നു അച്ഛനോ അമ്മയോ പറഞ്ഞു തന്നില്ല, പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല...... ഒഴുക്കിപ്പെട്ട അവസ്ഥ ആയിരുന്നു, പക്ഷെ നീന്തി ഞാൻ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു....
St. Pius College എന്നെ വേദികളിൽ സംസാരിക്കാൻ പഠിപ്പിച്ചു, Central University of Kerala കാസർകോടിന് പുറത്തൊരു ലോകമുണ്ടെന്നു പറഞ്ഞു തന്നു. അങ്ങനെയാണ് IIT Madras ന്റെ വല്ല്യ ലോകത്തു എത്തിയത്. പക്ഷെ അതൊരു വിചിത്ര ലോകമായിരുന്നു, ആദ്യമായിട്ട് ആൾക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി, ഇവിടെ പിടിച്ചു നിൽക്കാൻ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു. മലയാളം മാത്രം സംസാരിച്ചു ശീലിച്ച എനിക്ക് സംസാരിക്കാൻ പോലും ഭയമായിരുന്നു..... ഇതെന്റെ വഴിയല്ല എന്നു തോന്നി PhD പാതിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷെ എന്റെ guide (Dr. Subash) ആ തീരുമാനം തെറ്റാണു എന്നു എന്നെ ബോധ്യപെടുത്തി, തോറ്റു പിന്മാറും മുൻപ് ഒന്ന് പോരാടാൻ പറഞ്ഞു.
തോറ്റു തുടങ്ങി എന്നു തോന്നിയ എനിക്ക് അന്ന് മുതൽ ജയിക്കണമെന്ന വാശി വന്നു. പാണത്തൂർ എന്ന മലയോര മേഖലയിൽ നിന്നുമാണ് എന്റെ യാത്രകളുടെ തുടക്കം.... വിത്തെറിഞ്ഞാൽ പൊന്നു വിളയുന്ന ആ മണ്ണിൽ വിദ്യ പാകിയാലും നൂറു മേനി കൊയ്യാനാകും എന്നു ഞാനും വിശ്വസിച്ചു തുടങ്ങി.
ഈ കുടിലിൽ (സ്വർഗത്തിൽ) നിന്നും IIM Ranchi യിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു, എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു, ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു. എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരും മുൻപ് വാടി പോയ ഒരുപ്പാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്നസാക്ഷത്ക്കാരത്തിന്റെ കഥകൾ ഉണ്ടാകണം. ഒരുപക്ഷെ തലയ്ക്കു മുകളിൽ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്നം കാണുക..... ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരാത്തെത്താം...