- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഞ്ജിത്ത് ശ്രീനിവാസന്റേത് എസ് ഡി പി ഐയുടെ പ്രതികാരക്കൊല; അരുംകൊലയ്ക്ക് പിന്നിൽ ഷാനിനെ വധിച്ചതിന്റെ വൈരാഗ്യം; ആകെ 25 പ്രതികൾ; കൃത്യത്തിന് മുൻപ് ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ട്
ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതികളിൽ അനൂപ്, ജസീബ് എന്നിവരെ റിമാൻഡ് ചെയ്തു. ജനുവരി 12 വരെയാണ് കോടതി ഇരുവരെയും റിമാൻഡ് ചെയ്തത്.
ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയതിലെ വൈരാഗ്യമാണ് രഞ്ജിത്തിന്റെ അരുംകൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.
കൃത്യത്തിന് മുൻപ് പല സ്ഥലങ്ങളിൽവെച്ച് എസ്ഡിപിഐ പ്രവർത്തകർ ഗൂഢാലോചന നടത്തി. കേസിൽ 25 ഓളം പ്രതികളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിൽ പന്ത്രണ്ട് പേരാണ് മുഖ്യപ്രതികൾ.
പിടിയിലായവരുടെ കൂട്ട് പ്രതികൾക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. പ്രതികൾ ഉപയോഗിച്ച ഒരു വാഹനം കൂടി ഇന്ന് തെളിവെടുപ്പിനിടെ കണ്ടെത്തി. ആലപ്പുഴ വലിയചുടുകാട് ഭാഗത്തുനിന്നാണ് അറസ്റ്റിലായ ജസീബിന്റെ പേരിലുള്ള ഇരുചക്ര വാഹനം കണ്ടെത്തിയത്.
സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അനൂപ് അഷ്റഫ്, ജസീബ് എന്നിവർ സഞ്ചരിച്ച വാഹനമാണ് കണ്ടെത്തിയത്. സംഭവശേഷം ഇവർ വലിയ ചുടുകാടിന് സമീപം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി വാഹനം കണ്ടെത്തിയത്. വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വാഹനത്തിൽ നിന്നും പോപ്പുലർ ഫ്രണ്ടിന്റെ ലഘുലേഖകളും, പുസ്തകങ്ങളും കായിക പരിശീലന ഗൈഡും കണ്ടെടുത്തു. ഫോറൻസിക് സംഘം വാഹനം പരിശോധിച്ചു. ജസീബാണ് വാഹനത്തിന്റെ ഉടമ. രൺജീതിനെ കൊലപ്പെടുത്താൻ എത്തിയ അക്രമി സംഘം സഞ്ചരിച്ച രണ്ട് വാഹനങ്ങൾ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
രഞ്ജിത് വധക്കേസിലെ പ്രധാന പ്രതിയാണ് അനൂപ് അഷ്റഫ്. ബംഗളൂരുവിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പമുള്ള കൂടുതൽ പേർ കസ്റ്റഡിയിൽ ആയിട്ടുണ്ടെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
ഇരുചക്രവാഹനങ്ങളിൽ എത്തിയാണ് അക്രമികൾ രഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ആറ് വാഹനങ്ങളിലായെത്തിയ 12 അംഗ സംഘമാണ് കൃത്യം നടത്തിയത്.
സംഭവത്തിൽ ഇതുവരെ ഏഴ് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ച് പേർ പ്രതികൾക്ക് സഹായം ചെയ്തവരാണ്. കൃത്യത്തിൽ പങ്കെടുത്ത പത്ത് പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇവർക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.
അതേസമയം, ഷാൻ കേസിൽ അറസ്റ്റിലായ പ്രതികളെ, അവർ ഒളിവിൽ കഴിഞ്ഞ തൃശൂരിൽ എത്തിച്ച് തെളിവെടുത്തു. ആർ എസ് എസ് പ്രവർത്തകരായ പ്രതികൾ ഒളിവിൽ കഴിഞ്ഞ കള്ളായിയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്.
കൊലക്കേസിൽ കേസിൽ നേരിട്ട് പങ്കാളികളായ കെ.വി.വിഷ്ണു, കെ.യു. അഭിമന്യു, കെ.യു.സനന്ദ്, ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച തൃക്കൂർ കള്ളായി കല്ലൻകുന്നേൽ സുധീഷ് എന്ന സുരേഷ് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. ഗൂഢാലോചനയിൽ പങ്കെടുത്ത കൂടുതൽ ആർഎസ്എസ് നേതാക്കൾക്കായി അന്വേഷണം ഊർജ്ജിതമാണ്.
മറുനാടന് മലയാളി ബ്യൂറോ