ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്തിന്റെ കൊലപാതകത്തിൽ ഒരു എസ്ഡിപിഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ. വെള്ളകിണർ സ്വദേശി സിനു ആണ് അറസ്റ്റിലായത്. എസ്ഡിപിഐ ആലപ്പുഴ ഏരിയാ സെക്രട്ടറിയാണ് സിനു. സിനു കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ നേരിട്ട് പങ്കാളിയെന്ന് പൊലീസ് അറിയിച്ചു.

കൊലപാകത്തിൽ നേരിട്ട് പങ്കെടുത്ത വെള്ളക്കിണർ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരെ നേരത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിടിയിലായ അനൂപ്, അഫ്റഫ് എന്നിവരെ ബംഗളുരുവിൽ നിന്നും അക്കു എന്ന് വിളിക്കുന്ന റസീബിനെ ആലപ്പുഴയിൽ നിന്നുമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

ഡിസംബർ 19 ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറിൽ ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ ഒരു സംഘം ആക്രമികൾ വെട്ടിക്കൊന്നത്.

പുലർച്ചെ പ്രഭാതസവാരിക്കിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ വാതിലിൽ മുട്ടിയ അക്രമികൾ വാതിൽ തുറന്നയുടൻ വെട്ടിക്കൊല്ലുകയായിരുന്നു. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെ ഒരുസംഘം വെട്ടിക്കൊന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു രൺജിത് വധവും.