- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സായുധസേന, കേന്ദ്രസംസ്ഥാന ജീവനക്കാർ എന്നിവർ വിരമിച്ചു താമസത്തിനായി വന്നാൽ വാടകക്കാരൻ ഒഴിയണം; ഉടമയ്ക്കു പ്രത്യേകിച്ചു വീടില്ലാത്ത സ്ഥിതി വന്നാലും മാറിക്കൊടുക്കണം; മൂന്നു വർഷത്തിലൊരിക്കൽ 20% വാടക വർധിപ്പിക്കാം; വാടക നിയന്ത്രണത്തിന് പുതിയ നിയമം വരും
തിരുവനന്തപുരം: മൂന്നു വർഷത്തിലൊരിക്കൽ ഇനി 20% വാടക വർധിപ്പിക്കാം. ഇതു ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെ വാടക നിയന്ത്രണത്തിന് പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു. 1965ലെ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം. ഇതിന് 2014ൽ തീരുമാനിച്ചുവെങ്കിലും ബിൽ നിയമസഭയിൽ അവതരിപ്പിച്ചിരുന്നില്ല. യുഡിഎഫ് സർക്കാരിന്റെ ഭേദഗതികളിൽ പലതും പരിഷ്‌കരിച്ചാണ് പുതിയ ബിൽ തയ്യാറാക്കുന്നത്. ബില്ലിന് മന്ത്രിസഭ താമസിയാതെ അംഗീകാരം നൽകും. ഹിന്ദു, ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമങ്ങൾ ഈ ബില്ലിന് ബാധകമല്ല. അതിനാൽ ബില്ല് പാസായശേഷം രാഷ്ട്രപതിയുടെ അനുമതി നേടേണ്ടതുമുണ്ട്. ഈ നടപടിക്രമങ്ങളെല്ലാം അതിവേഗം പൂർത്തിയാക്കാനാണ് സർക്കാർ താൽപ്പര്യപ്പെടുന്നത്. നിയമം നടപ്പാകുമ്പോൾ വാടകക്കരാറുകൾ രജിസ്റ്റർ ചെയ്യണം. നിലവിൽ 11 മാസത്തേക്കാണു കരാർ എഴുതുന്നത്. നിയമം നടപ്പാകുമ്പോൾ എത്രവർഷത്തേക്കു വേണമെങ്കിലും കരാർ എഴുതാം. വാടകയ്‌ക്കെടുത്ത് ആദ്യമാസം തന്നെ കരാർ രജിസ്റ്റർ ചെയ്യണമെന്നാണു വ്യവസ്ഥ. നിയമം നിലവിൽ വരുമ്പോൾ നിലവിലെ വാടകക്കാരും ഉടമകളും തമ്മിൽ ഒരു വർഷ
തിരുവനന്തപുരം: മൂന്നു വർഷത്തിലൊരിക്കൽ ഇനി 20% വാടക വർധിപ്പിക്കാം. ഇതു ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെ വാടക നിയന്ത്രണത്തിന് പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു. 1965ലെ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം. ഇതിന് 2014ൽ തീരുമാനിച്ചുവെങ്കിലും ബിൽ നിയമസഭയിൽ അവതരിപ്പിച്ചിരുന്നില്ല. യുഡിഎഫ് സർക്കാരിന്റെ ഭേദഗതികളിൽ പലതും പരിഷ്‌കരിച്ചാണ് പുതിയ ബിൽ തയ്യാറാക്കുന്നത്. ബില്ലിന് മന്ത്രിസഭ താമസിയാതെ അംഗീകാരം നൽകും. ഹിന്ദു, ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമങ്ങൾ ഈ ബില്ലിന് ബാധകമല്ല. അതിനാൽ ബില്ല് പാസായശേഷം രാഷ്ട്രപതിയുടെ അനുമതി നേടേണ്ടതുമുണ്ട്.
ഈ നടപടിക്രമങ്ങളെല്ലാം അതിവേഗം പൂർത്തിയാക്കാനാണ് സർക്കാർ താൽപ്പര്യപ്പെടുന്നത്. നിയമം നടപ്പാകുമ്പോൾ വാടകക്കരാറുകൾ രജിസ്റ്റർ ചെയ്യണം. നിലവിൽ 11 മാസത്തേക്കാണു കരാർ എഴുതുന്നത്. നിയമം നടപ്പാകുമ്പോൾ എത്രവർഷത്തേക്കു വേണമെങ്കിലും കരാർ എഴുതാം. വാടകയ്‌ക്കെടുത്ത് ആദ്യമാസം തന്നെ കരാർ രജിസ്റ്റർ ചെയ്യണമെന്നാണു വ്യവസ്ഥ. നിയമം നിലവിൽ വരുമ്പോൾ നിലവിലെ വാടകക്കാരും ഉടമകളും തമ്മിൽ ഒരു വർഷത്തിനകം പുതിയ കരാറിൽ ഏർപ്പെട്ടു രജിസ്റ്റർ ചെയ്യണം.
വാടകസ്ഥലത്ത് ഉടമ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുമ്പോൾ വാടക 15% വർധിപ്പിക്കാം. അറ്റകുറ്റപ്പണി നടത്തിയാൽ 10%ഉം കെട്ടിടത്തിനു ഘടനാപരമായ മാറ്റം വരുത്തിയാൽ 30%ഉം വാടക ഉയർത്താനാകും. അറ്റകുറ്റപ്പണിക്കും പുനർനിർമ്മാണത്തിനും വേണ്ടി വാടകക്കാരെ ഒഴിവാക്കാം. പിന്നീടു വാടകയ്ക്കു കൊടുക്കുമ്പോൾ ഒഴിപ്പിക്കപ്പെട്ടവർക്ക് പ്രഥമ പരിഗണന നൽകണമെന്നതാണ് വ്യവസ്ഥ.
വാടക നൽകുന്നതിനു പ്രത്യേക തീയതി കരാറിൽ രേഖപ്പെടുത്തിയില്ലെങ്കിൽ തൊട്ടടുത്തമാസം 15ന് അകം വാടക നൽകണം. അല്ലെങ്കിൽ 12% പലിശ കൂടി നൽകണം. വാടകത്തുകയ്ക്ക് ഉടമ രസീത് നൽകണം. അല്ലെങ്കിൽ, ഉടമയുടെ ബാങ്ക് അക്കൗണ്ടിലാണു വാടകക്കാരൻ തുക അടയ്‌ക്കേണ്ടത്. വാടകയ്ക്ക് എടുത്തയാൾക്ക് അതു മറ്റൊരാൾക്കു വാടകയ്ക്കു നൽകാൻ അധികാരമില്ല.
ഒഴിപ്പിക്കുന്നതിനു മുൻപ് ഉടമ നോട്ടിസ് നൽകണം. രണ്ടുമാസം വാടകക്കുടിശിക വരുത്തിയവരെയും കെട്ടിടം ആറുമാസം ഉപയോഗിക്കാത്തവരെയും കരാർ കാലാവധിക്കുമുൻപ് ഒഴിപ്പിക്കാൻ ഉമടയ്ക്ക് അധികാരമുണ്ട്. അയൽക്കാരോടു മോശമായി പെരുമാറുന്നവരെയും വാടകയ്ക്ക് എടുത്തശേഷം അനാശാസ്യപ്രവർത്തനത്തിനു നിയമനടപടിക്കു വിധേയരായവരെയും ഒഴിപ്പിക്കാനും കഴിയും.
സായുധസേന, കേന്ദ്രസംസ്ഥാന ജീവനക്കാർ എന്നിവർ വിരമിച്ചു താമസത്തിനായി വന്നാൽ വാടകക്കാരൻ ഒഴിയണം. ഉടമയ്ക്കു പ്രത്യേകിച്ചു വീടില്ലാത്ത സ്ഥിതി വന്നാലും ഒഴിയേണ്ടതാണ്. കെട്ടിടയുടമ മരിച്ചാൽ അനന്തരാവകാശികളാണ് ഉടമകൾ.