- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടക കൊടുക്കാൻ പോലും കാശില്ല; കോൺഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ഡൽഹി അക്‌ബർ റോഡിലെ പാർട്ടി ആസ്ഥാനത്തിന്റെ വാടക കുടിശിക പന്ത്രണ്ടര ലക്ഷത്തിലേറെ; സോണിയയുടെ ജൻപഥ് വസതിയും വാടക മുടക്കി
ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതി അടക്കം നിരവധി കോൺഗ്രസ് നേതാക്കളുടെ വസതികളുടെ വാടക അടയ്ക്കുന്നില്ല. സുജിത് പട്ടേൽ എന്ന വ്യക്തി വിവരാവകാശം വഴി തേടിയപ്പോഴാണ് ഇത് പുറത്തുവന്നത്. കേന്ദ്ര ഭവന-നഗരവികസന മന്ത്രാലയമാണ് മറുപടി നൽകിയിരിക്കുന്നത്.
അക്‌ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തിന് 12,69,902 രൂപ വാടക കുടിശികയുണ്ട്. ഏറ്റവും ഒടുവിൽ വാടക അടച്ചിരിക്കുന്നത് 2012 ഡിസംബറിലാണെന്ന ഞെട്ടിക്കുന്ന വിവരവും ഉണ്ട്.
10 ജൻപത് റോഡിലെ സോണിയ ഗാന്ധിയുടെ വസതിക്ക് 4,610 രൂപയാണ് കുടിശിക. ഏറ്റവും ഒടുവിൽ വാടക കൊടുത്തത് 2020 സെപ്റ്റംബറിലും. സോണിയയുടെ പേഴ്‌സണൽ സെക്രട്ടറിയായ വിൻസന്റ് ജോൻജ് താമസിക്കുന്ന ചാണക്യപുരിയിലെ സി-11-109 നമ്പർ ബംഗ്ലാവിന് 5,07,911 രൂപയാണ് കുടിശിക. 2013 ഓഗസ്റ്റിലാണ് ഏറ്റവും ഒടുവിൽ വാടക കെട്ടിയത്.
സർക്കാർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാർട്ടി സംവിധാനങ്ങൾ മൂന്നു വർഷത്തിനകം സ്വന്തം കെട്ടിടത്തിലേക്കു മാറണമെന്നാണ് ചട്ടം. അതിന് ശേഷം സർക്കാർ വസതി അവർ ഒഴിഞ്ഞുകൊടുക്കണം. 2013 ൽ അക്‌ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനം ഒഴിയാണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് പലതവണയായി നീട്ടിയെടുക്കുകയായിരുന്നു. കോൺഗ്രസിന് 2010 ജൂണിൽ റോസ് അവന്യു 9 എയിൽ പാർട്ടി ഓഫീസ് പണിയാൻ സ്ഥലം അനുവദിക്കുകയും ചെയ്തിരുന്നു.
2010 ജൂണിൽ സ്ഥലം അനുവദിച്ചതോടെ 2013 ജൂണിൽ പാർട്ടി നിലവിലെ ആസ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാൽ റൗസ് അവന്യൂവിൽ കെട്ടിടനിർമ്മാണത്തിന് അനുമതി ലഭച്ചില്ലെന്നു ചൂണ്ടിക്കാട്ടി പാർട്ടി കാലാവധി ദീർഘിപ്പിച്ചുവാങ്ങുകയായിരുന്നു.1976 മുതൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആസ്ഥാനമാണ് അക്‌ബർ റോഡിലെ കെട്ടിടം.
2020 ജൂലൈയിൽ ലോധി റോഡിലെ വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചിരുന്നു.
വാടക അടയ്ക്കുന്നില്ലെന്ന വാർത്ത വന്നതോടെ ബിജെപി നേതാക്കൾ സോണിയയ്ക്ക് നേരേ പരിഹാസവുമായി രംഗത്തെത്തി. അഴിമതി നടത്താൻ അവസരം ഇല്ലാത്തതുകൊണ്ടാണ് സോണിയയ്ക്ക് വാടക അടയക്കാൻ കഴിയാത്തതെന്ന് ബിജെപിയുടെ തേജീന്ദർ പാൽ സിങ് ബഗ്ഗ പരിഹസിച്ചു. 'തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റതിന് ശേഷം സോണിയാജിക്ക് വീട്ടുവാടക അടയ്ക്കാൻ കഴിയുന്നില്ല. അത് അഴിമതി നടത്താൻ ഇപ്പോൾ അവർക്ക് കഴിയാത്തതുകൊണ്ട് ആണെന്ന് വ്യക്തം. എന്നിരുന്നാലും, രാഷ്ട്രീയ ഭിന്നതകൾ മാറ്റി വച്ച് അവരെ ഒരു മനുഷ്യനെന്ന നിലയിൽ എനിക്ക് സഹായിക്കണം എന്നുണ്ട്. സോണിയ ഗാന്ധി ദുരിതാശ്വാസ ഫണ്ട് രൂപീകരിച്ച് ഞാൻ പ്രചാരണത്തിന് തുടക്കമിടുകയാണ്', തേജീന്ദർ പറഞ്ഞു. 10 രൂപ അക്കൗണ്ടിലേക്ക് അയച്ച് എല്ലാവരും അവരെ സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പണം കൈമാറിയതിന്റെ സ്‌ക്രീൻ ഷോട്ടും അദ്ദേഹം ട്വീറ്റ് ചെയ്തു.
കോൺഗ്രസ് സാമ്പത്തിക പ്രതിസന്ധിയിൽ
കോൺഗ്രസ് പാർട്ടി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. സാമ്പത്തിക സമാഹരണം സംബന്ധിച്ച് എഐസിസി യോഗങ്ങളിൽ ചർച്ച നടന്നതായും വിവിധ സംസ്ഥാന ഘടകങ്ങളുമായി സംസാരിച്ചതായും കഴിഞ്ഞ വർഷം റിപ്പോർട്ടുണ്ടായിരുന്നു.
സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുക എന്നത് കോൺഗ്രസിനെ സംബന്ധിച്ച് അടിയന്തരാവശ്യമാണ്. ഡൽഹിയിലെ പാർട്ടി ഓഫീസ് ഏറെക്കാലമായി പുനർ നിർമ്മാണത്തിലാണ്. പുതിയ പാർട്ടി ഓഫീസ് എന്ന ആവശ്യവും ചൂടുപിടിച്ചു.
കേന്ദ്രത്തിൽ 2014ൽ അധികാരം നഷ്ടപ്പെട്ടതു മുതൽ കോൺഗ്രസിന്റെ സാമ്പത്തിക സ്ഥിതി മോശമായി തുടരുകയായിരുന്നു. മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് തിരിച്ചടി നേരിടേണ്ടിവരികയും ബിജെപി വലിയ വളർച്ച നേടുകയും ചെയ്തതും കോൺഗ്രസിന് തിരിച്ചടിയായി.
മറുനാടന് മലയാളി ബ്യൂറോ