പാലക്കാട്: ഇനി അലനും അമ്മയും സുഖമായി ഉറങ്ങും. രാത്രി ഇനി റെയിൽവേ സ്‌റ്റേഷനിലും ആരും കാണാതെയും ഒളിച്ച് നിൽക്കേണ്ട ഗതികേട് ഇവർക്ക് ഉണ്ടാവില്ല. ഇവർക്ക് വാടക വീടൊരുക്കി ജൂവലറി ഗ്രൂപ്പായ കല്യാൺ രംഗത്ത് എത്തിയതടെയാണ് ഇരുവരുടേയും വലിയൊരു പ്രശ്‌നത്തിന് പരിഹാരമായത്.

വാടക വീടൊരുക്കുന്നതിനോടൊപ്പം സ്വന്തമായി ഒരു വീട് അലനും അമ്മയ്ക്കും നിർമ്മിച്ച് നൽകാനും കല്യാൺ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. കേരള ലീഗൽ സർവീസസ് അഥോറിറ്റിയും ജില്ലാ ജഡ്ജി കെ.ടി. ഇന്ദിരയും വിഷയത്തിൽ ഇടപെട്ടിരുന്നു.

പുതുപ്പരിയാരം എം.എം. സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ അലനും അമ്മയും തീവണ്ടികളിലും റെയിൽവേ സ്റ്റേഷനിലുമാണ് നാളുകളായി ജീവിതം തള്ളി നീക്കിയത്.

ഭർത്താവിന്റെ പീഡനങ്ങളെത്തുടർന്നാണ് ആറുവർഷം മുമ്പ് ഇവർ എറണാകുളത്തെ വീടുവിട്ട് ഇറങ്ങിയത്. ആദ്യം പലയിടത്തും വീട്ടുജോലിചെയ്തു. പിന്നീട് ഒരു മഠത്തിലായിരുന്നു താമസം. ശാരീരികമായ ചില ബുദ്ധിമുട്ടുകൾ കാരണം കാര്യമായ ജോലി ചെയ്യാനായില്ല. മഠത്തിലാക്കിയാൽ എങ്ങോട്ടെങ്കിലും പോകുമെന്ന് മകൻ കരഞ്ഞുപറഞ്ഞതോടെ ചെറിയ വാടകയ്ക്ക് മുണ്ടൂരിൽ വീടെടുക്കയായിരുന്നു എന്നാൽ സഹായത്തിനാരുമില്ലെന്ന് കണ്ടപ്പോൾ വീടിനുനേരേ സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാവുകയായിരുന്നു.ഇത് വീട്ടുകാർക്ക് പ്രശ്നമാവുകയും പിന്നീട് വാടകകൊടുക്കാൻകൂടി പറ്റാതായതോടെ വീടൊഴിവാക്കുകയുമായിരുന്നു.

രണ്ടുമാസമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനുമുന്നിൽ ഭാഗ്യക്കുറി വില്പനയാണ് അലന്റെ അമ്മ നടത്തുന്നത് അതേ സമയം റോഡരികിലെ കച്ചവടം ഒഴിപ്പിച്ചതിനാൽ കുടപോലും വെയ്ക്കാനാവാതെ പൊരിവെയിലിലാണ് കച്ചവടം നടത്തിയത്. പിന്നീട് വേനലായതോടെ പകൽ ലോട്ടറിക്കച്ചവടം കുറയുകയും ചെയ്തതോടെ ഇരുവരും ദുരിതത്തിലായിരുന്നു.

രാത്രി ആയാൽ മകനൊപ്പം ഏതെങ്കിലും തീവണ്ടികളിൽ തൃശ്ശൂർവരെയോ കോയമ്പത്തൂർവരെയോ പോവും. തൃശ്ശൂരിൽ ചിലപ്പോൾ വനിതകൾക്കായുള്ള കാത്തിരിപ്പുകേന്ദ്രത്തിൽ ഉറങ്ങും. ഇങ്ങനെയായിരുന്നു ഇരുവരും തങ്ങളുടെ ജീവിതം ദിവസങ്ങളായി തള്ളി നീക്കുന്നത്.

ഈ ദുരിതത്തിനാണ് മാറ്റം വന്നിരിക്കുന്നത്. പത്തിരിപ്പാലം നഗരിപ്പുറം പാലാരിയിലെ ശ്രീലക്ഷ്മിഭവനമാണ് ഇരുവർക്കും തുണയായി മാറിയത്.ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, പൊലീസ്, റെഡ്‌ക്രോസ്, സാമൂഹികനീതി തുടങ്ങിയ വകുപ്പു പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇതിനോടൊപ്പം അലന്റെ പഠനത്തിനും മറ്റും സഹായത്തിനായി ബാങ്ക് അക്കൗണ്ട് ആരംഭിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.