തിരുവനന്തപുരം: കർഷകരുടെ ആവശ്യങ്ങൾ ന്യായമാണെന്നു കണ്ടെത്തിയ സുപ്രീം കോടതി കാർഷിക നിയമം സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ദുരഭിമാനം വെടിഞ്ഞ് ഈ കരിനിയമം പൂർണമായി പിൻവലിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി.

ഏകപക്ഷീയമായി വിദഗ്ധസമിതിയെ നിയമിച്ചും വീണ്ടും കോടതിയിലേക്ക് കർഷകരെ വലിച്ചിഴച്ചും ഇനിയും അവരെ ദ്രോഹിക്കരുത്. വിദഗ്ധസമിതിയംഗങ്ങൾ കാർഷിക നിയമത്തെ അനുകൂലിക്കുന്നവരാണ്. കർഷകർക്ക് സ്വീകാര്യമായ വിദഗ്ധസമിതിയാണ് വേണ്ടത്. കർഷകർക്കുവേണ്ടി കൊണ്ടുവന്ന നിയമത്തെ കർഷകർ തന്നെ എതിർക്കുമ്പോൾ, ഇതു കർഷകർക്കുവേണ്ടിയുള്ള നിയമമല്ലെന്നു വ്യക്തം.

കനത്ത മഴയിലും മഞ്ഞിലും തണുപ്പിലും സുദീർഘമായ സഹനസമരം നടത്തി വരുന്ന കർഷകരെ അഭിവാദ്യം ചെയ്യുന്നു. കർഷകർക്കിത് ജീവന്മരണ പോരാട്ടമാണ്. കർഷകരോടൊപ്പം അടിയുറച്ചുനിന്ന് കോൺഗ്രസ് കാർഷിക കരിനിയമങ്ങൾക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു.