ഡെറാഡൂൺ: 'കീറിയ ജീൻസ്' വിവാദത്തിൽ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി തീർത്ഥ്​ സിങ്​ റാവത്ത് മാപ്പുപറഞ്ഞു​. തന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് തീർത്ഥ്​ സിങ്​ റാവത്ത് മാപ്പ് പറഞ്ഞ് രം​ഗത്തെത്തിയത്. ആരെ​യെങ്കിലും ​വേദനിപ്പിച്ചെങ്കിൽ മാപ്പ്​ ചോദിക്കുന്നതായി പറഞ്ഞ റാവത്ത്​ പക്ഷേ, തന്റെ പരാമർശം തിരുത്താൻ തയാറായില്ല. ജീൻസ്​ ധരിക്കുന്നതിന്​ തനിക്കൊരു കുഴപ്പവുമില്ല. എന്നാൽ കീറിയ ജീൻസ്​ ധരിക്കുന്നതിനോട്​ താൽപര്യമില്ലെന്ന്​ അദ്ദേഹം ആവർത്തിച്ചു.

ഉത്തരാഖണ്ഡ്​ ബാലാവകാശ കമ്മിഷൻ നടത്തിയ പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ ജീൻസിനെ കുറിച്ചുള്ള പരാമർശം. ഫാഷന്റെ ഭാഗമായി കീറിയ ജീൻസ് ധരിക്കുന്ന സ്ത്രീകളെ കുറിച്ചായിരുന്നു വിമർശനം. ഇത്തരം സ്ത്രീകൾ അവരുടെ കുട്ടികൾക്ക് എന്ത് മൂല്യമാണ് പകർന്നു നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

ചൊവ്വാഴ്ച ഒരു ചടങ്ങിൽ സംബന്ധിക്കവെയാണ് റാവത്ത് വിവാദ പരാമർശം നടത്തിയത്. ഇന്നത്തെ യുവജനങ്ങൾക്ക് മൂല്യങ്ങൾ നഷ്ടപ്പെട്ടെന്നും വിചിത്രമായ ഫാഷൻ ട്രെൻഡുകളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുട്ടു വരെ കീറിയ ജീൻസ് ഇടുമ്പോൾ വലിയ ആളുകളായാണ് കണക്കാക്കുന്നതെന്നും സ്ത്രീകളും ഇത്തരം ട്രെൻഡുകൾ പിന്തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇത്തരം ജീൻസുകൾ വാങ്ങാനാണ് അവർ കടയിൽപ്പോകുന്നത്. അങ്ങനെയുള്ളത് കിട്ടിയില്ലെങ്കിൽ കത്രിക വച്ച് ജീൻസ് മുറിച്ച് ആ തരത്തിലാക്കും' – റാവത്ത് പറഞ്ഞു. വിമാനത്തിൽ തന്റെ അടുത്തുള്ള സീറ്റിലിരുന്ന സ്ത്രീയുടെ വസ്ത്രധാരണത്തെക്കുറിച്ചും റാവത്ത് പറഞ്ഞു. ‘ബൂട്ട്സും മുട്ടുവരെ കീറിയ ജീൻസും കൈയിൽ നിരവധി വളകളുമായിരുന്നു അവരുടെ വേഷം. രണ്ടു കുട്ടികളും ഇവർക്കൊപ്പം യാത്ര ചെയ്തിരുന്നു. അവരൊരു സന്നദ്ധ സംഘടന നടത്തുന്നുണ്ട്. സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നയാളാണ്. രണ്ടു കുട്ടികളും ഉണ്ട്. പക്ഷേ, മുട്ടുവരെ കീറിയ ജീൻസാണ് ധരിക്കുന്നത്. എന്ത് മൂല്യങ്ങളാണ് ഇവർ പകർന്നുനൽകുന്നത്?' – റാവത്ത് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തമായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയരുകയും കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയടക്കം രംഗത്തെത്തുകയും ചെയ്​തിരുന്നു. ഈ പ്രസ്​താവന പുറത്ത്​ വന്നതോടെ​ ട്വിറ്ററിൽ ജീൻസ്​ തരംഗമായിരുന്നു​. കോൺഗ്രസ്​ നേതാവ്​ സഞ്​ജയ്​ ജായാണ്​ കീറിയ ജീൻസിന്റെ ചിത്രമിട്ട്​ പ്രതിഷേധത്തിന്​ തുടക്കമിട്ടത്​. പിന്നീട്​ നടി ഗുൽ പനാങ്​, ശിവസേന നേതാവ്​ പ്രിയങ്കചതുർവേദി മുൻ മിസ്​ ഇന്ത്യ സിമ്രാൻ കൗർ മുണ്ഡി എന്നിവരെല്ലാം പ്രതിഷേധവുമായെത്തി.