തിരുവനന്തപുരം: സ്വർണക്കടത്ത് കേസും, സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളും നിറഞ്ഞുനിൽക്കുന്ന കേരളത്തിലെ മാധ്യമ ലോകത്തെ വിശകലനം ചെയ്ത് റിപ്പോർട്ടർ ടിവി എഡിറ്റർ എം വി നികേഷ് കുമാർ ദേശാഭിമാനിയിൽ എഴുതിയ, 'ചാനൽ മുറികളിലെ രാഷ്ട്രീയം' എന്ന് ലേഖനം ചൂടേറിയ സംവാദത്തിന് ഇടയാക്കിയിരിക്കുകയാണ്.

സ്വതന്ത്ര മാധ്യമങ്ങൾ ഇല്ലാതാവുന്നതിന്റെ അപകടങ്ങളും, ചാനൽ മുറികളിലെ രാഷ്ട്രീയവുമാണ് നികേഷ് ലേഖനത്തിൽ വിശദീകരിക്കുന്നത്. ഒട്ടും ലാഭകരമല്ലാത്ത വാർത്താ ചാനലുകൾ വൻകിട കോർപറേറ്റുകളുടെ മോഹവല്ലിയായി മാറിയത് ഭരണകൂടവുമായുള്ള കമ്യൂണിക്കേഷന്റെ ചാലകശക്തി ആയതുകൊണ്ടാണെന്നും, ആർഎസ്എസ് അനുഭാവമുള്ള എഡിറ്റർമാർക്കുവേണ്ടിയുള്ള കടിപിടിയാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നതെന്നും നികേഷ് കുമാർ ലേഖനത്തിൽ പറഞ്ഞു.

'കംപ്ലീറ്റ് ആർഎസ്എസ് എന്നുറപ്പിക്കാൻ കഴിയുന്ന എഡിറ്റർമാരുടെ ക്ഷാമമുണ്ട്. അർണബ് ഇല്ലെങ്കിൽ തോഴിയെന്ന നിലയുള്ളവർക്കുവേണ്ടി പ്രധാന ചാനലുകൾ വാശിയേറിയ പോരാട്ടമാണ്. അവർ എത്തുന്ന ന്യൂസ് റൂമുകൾ രാജ്യസ്നേഹ ക്ലാസുകൾകൊണ്ട് നിറയുന്നു. രാജ്യത്തെ മതനിരപേക്ഷവാദികളുടെ കണ്ണീരിൽ ചവിട്ടിപ്പണിയുന്ന അയോധ്യാക്ഷേത്രം അവർക്ക് ലിബറേഷന്റെ ഭൂമികയാകുന്നു. ശശികുമാർ തുടങ്ങിയ വാർത്താ സംസ്‌കാരം എത്തിപ്പെട്ട അവസ്ഥ!' അദ്ദേഹം എഴുതി. അതസമയം, ലേഖനത്തെ അനുകൂലിച്ചും, വിമർശിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത്. ഇടത് അനുകൂല പ്രൊഫൈലുകൾ ലേഖനം വ്യാപകമായി ഷെയർ ചെയ്തപ്പോൾ, ചില കാമ്പുള്ള വിമർശനങ്ങൾ മറുഭാഗത്ത് നിന്ന് വന്നു. കേരളത്തിലെ മാധ്യമരംഗം സംഘപരിവാർ അജണ്ടയോടു ചേർന്നുനിൽക്കാൻ വിമുഖത കാണിച്ചിട്ടുണ്ട്. ഇപ്പോഴും അതങ്ങനെ തന്നെയാണ് എന്നതാണ് മുഖ്യവാദം. ഏതെങ്കിലും തരത്തിൽ കേരളത്തിലെ മാധ്യമരംഗം സെൻസേഷണലൈസ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു വിത്തും ആ വിത്തിനു വളവുമിട്ടു നൽകിയതു നികേഷാണെന്നും വിമർശനം ഉയരുന്നു.

ഹരിമോഹന്റെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം:

നികേഷ് കുമാറിന്റെ നെടുനീളൻ മാധ്യമവിമർശനം കണ്ടു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷനിൽ നിന്നു മാധ്യമപഠനം പൂർത്തിയാക്കി ഇന്നലെ കേരളത്തിൽ വന്നു മാധ്യമപ്രവർത്തണം ആരംഭിക്കുന്ന തുടക്കക്കാരനിൽ നിന്നു പോലും ഇതിനേക്കാൾ വിവേകവും സത്യസന്ധതയും പ്രതീക്ഷിച്ചാൽ അതു തെറ്റാവില്ല.

ആർഎസ്എസ് അനുഭാവമുള്ള എഡിറ്റർമാർക്കു വേണ്ടിയുള്ള കടിപിടിയാണത്രെ കേരളത്തിൽ. ഇന്ത്യയിലെ മാധ്യമരംഗം ആർഎസ്എസ് അജണ്ടയാൽ മുങ്ങിക്കുളിച്ചു നിൽക്കാൻ തുടങ്ങിയിട്ടു കാലം കുറെയായി. അർണബ് ഗോസ്വാമിയും നവികാ കുമാറും രാഹുൽ കൻവാലുമൊക്കെ സംഘപരിവാർ സ്‌പേസിൽ നിന്നു മാധ്യമപ്രവർത്തനം നടത്തുന്നത് ഇന്നലെയാണു നികേഷ് അറിഞ്ഞതെന്നു കരുതുന്നില്ല. അപ്പോഴും കേരളത്തിലെ മാധ്യമരംഗം സംഘപരിവാർ അജണ്ടയോടു ചേർന്നുനിൽക്കാൻ വിമുഖത കാണിച്ചിട്ടുണ്ട്. ഇപ്പോഴും അതങ്ങനെ തന്നെയാണ്.

കേരളത്തിലെ മാധ്യമസ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന ഒന്നോ രണ്ടോ മുതലാളിമാർ ഒഴിച്ച് എവിടെയാണു സംഘപരിവാർ സാന്നിധ്യം നികേഷിനു ചൂണ്ടിക്കാണിക്കാനുള്ളത്? കേരളത്തിലെ മാധ്യമസ്ഥാപനങ്ങളിലുള്ള എഡിറ്റർമാരുടെ പേരുകൾ വ്യക്തമായി എഴുതിക്കൊണ്ടുതന്നെ ഇക്കാര്യം പറയാൻ നികേഷിന് എന്തുകൊണ്ടു കഴിയുന്നില്ല? ആർഎസ്എസ് അനുഭാവമുള്ള എഡിറ്റർമാർക്കു വേണ്ടിയുള്ള കടിപിടിയുണ്ടെന്ന വാദം ഒരണു പോലും നിലനിൽക്കുന്നതല്ല എന്നു മറ്റാരേക്കാളും നന്നായി നികേഷിന് അറിയാം.

സിന്ധു സൂര്യകുമാർ, ശ്രീകണ്ഠൻ നായർ, ജോണി ലൂക്കോസ്, രാജീവ് ദേവരാജ്, പ്രമോദ് രാമൻ, പ്രദീപ് പിള്ള. ഇതിൽ ആർഎസ്എസ് അനുഭാവമുള്ള എത്ര എഡിറ്റർമാരെ നികേഷിനു ചൂണ്ടിക്കാണിക്കാനുണ്ട്? ഈ എഡിറ്റർമാരിൽ എത്ര പേർ ഇടതുപക്ഷ അനുഭവമുള്ളവരും അതിലെത്ര പേർ സിപിഐ.എം അനുഭാവമുള്ളവരുമാണ്? ഇനി ഇതിൽ ആരെങ്കിലും ആർഎസ്എസ് അജണ്ട വെച്ചുപുലർത്തുന്നു എന്ന സംശയത്തിൽ നിന്നാണു നികേഷ് ഇത് എഴുതിയതെങ്കിൽ അതു വ്യക്തമാക്കേണ്ടതിന്റെ ബാധ്യത നികേഷിനു തന്നെയാണ്. ഒപ്പം മുട്ടിൽ ഇഴയുന്ന, പിണറായി വിജയനെ മാത്രം ആക്രമിക്കുന്ന കേരളത്തിലെ പൊളിറ്റിക്കൽ റിപ്പോർട്ടർമാർ ആരൊക്കെയാണെന്നു പൊതുസമൂഹത്തിനു പരിചയപ്പെടുത്തി കൊടുക്കാനും നികേഷ് തയ്യാറാകണം. മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത മാസ്‌കിനു വിലക്കില്ലെന്നു പറഞ്ഞതിനു ചില പൊളിറ്റിക്കൽ റിപ്പോർട്ടർമാർ സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെട്ടിട്ട് ഒരാഴ്ച പോലും തികഞ്ഞിട്ടില്ലെന്നു നികേഷ് ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു.

ഏതു സാഹചര്യത്തിലാണ് ഇങ്ങനെയൊരു ലേഖനം എഴുതാൻ, അതും ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കാൻ താങ്കൾ തയ്യാറായത്? ഇന്ത്യൻ മാധ്യമമേഖല ഒന്നാകെ സംഘപരിവാർ കരങ്ങളിൽ പെട്ട് ഊർദ്ധ്വശ്വാസം വലിക്കുന്ന സാഹചര്യത്തിലോ? അങ്ങനെയെങ്കിൽ എത്രയോ കൊല്ലം മുൻപെഴുതേണ്ട ലേഖനമായിരുന്നു നികേഷ് ഇത്. വളരെ കൃത്യമാണു ലേഖനത്തിന്റെ പശ്ചാത്തലവും ഉദ്ദേശവും. സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ടു തന്റെ പേര് ഉയർന്നുകേട്ടതിന്റെ അസ്വസ്ഥതയിൽ മാധ്യമരംഗമൊന്നാകെ മലീമസമായെന്നു സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയാണു ലേഖനത്തിൽ മുഴുവനുള്ളത്.

ഇന്ത്യയിലെ മാധ്യമപ്രവർത്തകരിൽ ധാർമികത വെച്ചുപുലർത്തുന്നതു താൻ മാത്രമാണെന്നും തന്റെ മാധ്യമസ്ഥാപനം അതിന്റെ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്നതാണെന്നും ബാക്കിയുള്ളതൊക്കെയും സംഘപരിവാർ അജണ്ടയിൽ പ്രവർത്തിക്കുന്നതാണെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നത് അടിമുടി അശ്ലീലമാണ്. ധാർമികതയുടെ ഒരു കണികയെങ്കിലും ബാക്കി നിന്നിരുന്നെങ്കിൽ അഴീക്കോട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അവരോധിക്കപ്പെട്ട ശേഷം മാധ്യമപ്രവർത്തനം അവസാനിപ്പിച്ചുവെന്നു പ്രഖ്യാപിച്ച നിങ്ങൾ വാക്കു പാലിക്കുക എന്ന മിനിമം മാന്യത പുലർത്തണമായിരുന്നു എന്നോർമിപ്പിക്കുന്നു.

ഐസ്‌ക്രീം പാർലർ കാലത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ റജീന എന്ന സ്ത്രീയെ മുൻനിർത്തി ഇന്നുള്ളതിനേക്കാളധികം ലൈവും അന്തിചർച്ചയും നടത്തിയതു താങ്കൾ കൊട്ടിഘോഷിക്കുന്ന, താങ്കൾ തലപ്പത്തുണ്ടായിരുന്ന ഇന്ത്യാ വിഷൻ എന്ന മാധ്യമസ്ഥാപനമാണ് നികേഷ്. സോളാർ കാലത്ത് സരിതയെ മുൻനിർത്തി ഉമ്മൻ ചാണ്ടിയെ ആക്രമിച്ചത് ആരായിരുന്നു? താങ്കൾ മുന്നിൽനിന്നു നയിച്ച മാധ്യമവിചാരണ കേരളം മറന്നിട്ടുണ്ടാകില്ല എന്നു വിശ്വസിക്കുന്നു. ഏതെങ്കിലും തരത്തിൽ കേരളത്തിലെ മാധ്യമരംഗം സെൻസേഷണലൈസ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു വിത്തും ആ വിത്തിനു വളവുമിട്ടു നൽകിയതു താങ്കളാണ്.

ഇപ്പോഴത്തെ ലേഖനത്തിന്റെ ആകെത്തുക സ്വപ്ന പറഞ്ഞതൊക്കെയും പച്ചക്കള്ളമാണെന്നുള്ള വാദമാണ് എന്നാണു മനസിലായത്. സരിതയെ പൂർണമായി വിശ്വസിക്കാൻ നിങ്ങൾ കാണിച്ച വിശാലമനസ്‌കതയെ ചോദ്യം ചെയ്യുന്നില്ല. മറ്റൊരു കാര്യം മാത്രമാണു പറയാനുള്ളത്. നടിയെ ആക്രമിച്ച കേസിൽ റിപ്പോർട്ടർ ടി.വി നടത്തിയ ഇടപെടലിനെ നടിയടക്കം അഭിനന്ദിച്ചിരുന്നു. ബാലചന്ദ്ര കുമാറിനെയും കേസിലെ പല ശബ്ദരേഖകളെയും കേരളത്തിനു പരിചയപ്പെടുത്തിക്കൊടുത്തതു നിങ്ങളും റിപ്പോർട്ടർ ടി.വിയുമായിരുന്നു എന്നോർമിക്കണം.

വിചാരണ പോലും ആരംഭിക്കാത്ത കേസിൽ നിങ്ങൾ മുന്നോട്ടുകൊണ്ടുവന്ന തെളിവുകളെ സ്വീകരിച്ച കുറെയേറെ മനുഷ്യരുണ്ട്. സ്വപ്നയെ കണ്ണുമടച്ച് അവിശ്വസിക്കാനും അവരുടെ ആരോപണങ്ങളിൽ കഴമ്പില്ല എന്നു സ്ഥാപിക്കാനും ശ്രമിക്കുമ്പോൾ, നടിയെ ആക്രമിച്ച കേസിലെ ഓരോ ബ്രേക്കിങ്ങുകളുടെയും മെറിറ്റിനെക്കൂടിയാണു നിങ്ങൾ റദ്ദാക്കാനൊരുങ്ങുന്നത് എന്നോർത്താൽ നന്ന്.

മുട്ടിലിഴഞ്ഞു മാധ്യമപ്രവർത്തനം നടത്തുന്നവരുണ്ട്. കേരളത്തിനു വെളിയിൽ മോദിക്കു മുന്നിൽ മുട്ടിലിഴയുന്നവരാണെങ്കിൽ കേരളത്തിലത് പിണറായിക്കു മുൻപിലാണെന്ന വലിയ വ്യത്യാസമുണ്ട് നികേഷ്. നിങ്ങളുടെ ലേഖനം അതിനു പിന്നിലെ രാഷ്ട്രീയത്തെ തുറന്നുകാട്ടി. അതിനു നന്ദി. ഒപ്പം മുഖ്യധാരാ മാധ്യമങ്ങളിൽ ഇന്നേവരെ എല്ലാ അന്തിച്ചർച്ചകളിലും വിവാദങ്ങളിലും ഭാഗമായ ശേഷം അതു വിട്ട് ഓൺലൈൻ മാധ്യമരംഗത്തേക്കു കടന്ന മാധ്യമപ്രവർത്തകർ സ്വയം വെളിവാകുന്ന ദിവസങ്ങൾ കൂടിയാണിത്. അതിനു കാരണമായതിനു സ്വപ്നയ്ക്കും നന്ദി. താങ്കളുടെ പേരു സ്വർണ്ണക്കടത്ത് കേസിൽ ഉയർന്നുകേട്ടതിൽ വസ്തുതകൾ ഇല്ലെന്നു വിശ്വസിക്കാനാണ് എനിക്കുമിഷ്ടം. അതിന്റെ പേരിൽ കേരളത്തിലെ മാധ്യമപ്രവർത്തകർ ഒന്നടങ്കം വീണ്ടും ക്രൂശിക്കപ്പെടുന്നതു കാണാൻ വയ്യാത്തതുകൊണ്ടാണ്.

രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരുടെ കമന്റ് കൂടി വായിക്കാം

പ്രിയപ്പെട്ട നികേഷ്, മലയാള ചാനലുകളുടെ എഡിറ്റോറിയൽ തലപ്പത്ത് ആർഎസ്എസ് അനുഭാവികൾ ആണെന്ന് താങ്കൾ പറഞ്ഞുവയ്ക്കുന്നു. എന്നാൽ പ്രധാന ചാനലുകളുടെ പേരും എഡിറ്റോറിയൽ തലപ്പത്ത് ഉള്ളവരുടെ പേരും അവരുടെ രാഷ്ട്രീയ അനുഭാവവും കൂടി താങ്കൾ എഴുതിയിരുന്നെങ്കിൽ ഈ ലേഖനം പിന്നീട് ഒരു വരി പോലും മുന്നോട്ടു പോകുമായിരുന്നില്ല എന്ന് താങ്കൾക്കറിയാം. അതുകൊണ്ടുതന്നെ ബോധപൂർവം അതെഴുതാതെ വിടാൻ താങ്കൾ കാട്ടിയ ജാഗ്രതയ്ക്ക് അഭിനന്ദനങ്ങൾ. അത് അംഗീകരിക്കുന്നില്ലെങ്കിൽ താങ്കൾക്ക് ഞാൻ ചെറിയൊരു അസൈന്മെന്റ് തരാം. താഴെക്കൊടുത്തിരിക്കുന്ന ചാനലുകളുടെ എഡിറ്റോറിയൽ തലപ്പത്തുള്ളവരുടെ രാഷ്ട്രീയ അനുഭാവം എന്താണെന്ന് എഴുതൂ.

ഏഷ്യാനെറ്റ് ന്യൂസ്
24ന്യൂസ്
മനോരമ ന്യൂസ്
മാതൃഭൂമി ന്യൂസ്
മീഡിയ വൺ ടിവി
ന്യൂസ്18
റിപ്പോർട്ടർ ടിവി
(കൈരളി ന്യൂസ്, ജനം ടിവി, ജയ്ഹിന്ദ് ടിവി എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്)
ആൾക്കാർ ഏറ്റവുമധികം കാണുന്ന അന്തിചർച്ചകളിലെ അവതാരകർ പറയുന്നതും ചാനൽ എഡിറ്റോറിയൽ തലപ്പത്തു നിന്നും തീരുമാനിക്കുന്ന രാഷ്ട്രീയം ആവണമല്ലോ. എങ്കിൽ താഴെ പറയുന്ന സ്ഥിരക്കാരുടെ രാഷ്ട്രീയം കൂടി എഴുതിക്കോളൂ.
വിനു വി ജോൺ
പി ജി സുരേഷ് കുമാർ
അബ്ജോത് വർഗീസ്
ഹാഷ്മി ഇബ്രാഹിം
ഗോപീകൃഷ്ണൻ
അയ്യപ്പദാസ് അരവിന്ദാക്ഷൻ
ഷാനി പ്രഭാകരൻ
നിഷ പുരുഷോത്തമൻ
മുഹമ്മദ് റാഷിദ്
അഭിലാഷ് മോഹനൻ
മാതു സജി
സ്മൃതി പരുത്തിക്കാട്
അജിംസ് എസ് എ
നിഷാദ് റാവുത്തർ
അപർണ കുറുപ്പ്
രേണുക എം ജി
അഭിലാഷ് കെ പി
കൃഷ്ണരാജ് വി എസ്
നികേഷ് കുമാർ
അപർണ സെൻ

വിഷയാധിഷ്ഠിത രാഷ്ട്രീയം മാത്രം പറയുന്ന എഡിറ്റോറിയൽ മേധാവികളുടെയും അവതാരകരുടെയും പേരിനൊപ്പം 'നിഷ്പക്ഷമതി' എന്ന് ചേർത്തോളൂ. ബാക്കിയുള്ളവരുടെ പേരിനൊപ്പം അവരുടെ രാഷ്ട്രീയ അനുഭാവം എഴുതിക്കോളൂ. ഞാനല്ല, പ്രേക്ഷകർ വിലയിരുത്തും.
ആർഎസ്എസ് അനുഭാവം ഉള്ളവർക്ക് വേണ്ടിയുള്ള കടിപിടി നടക്കുകയാണല്ലോ. അർണാബ് ഇല്ലെങ്കിൽ തോഴിയുടെ അനുഭാവം പറഞ്ഞാലും മതി. കാണട്ടെ.

നികേഷ് കുമാറിന്റെ ലേഖനം:

ചാനൽ മുറികളിലെ രാഷ്ട്രീയം

വർഗീയ കോമരമായ അഭിഭാഷകൻ ഒരു 'തള്ളു'കാരനിൽ സ്വർണക്കടത്തുകാരിയെ ഉപയോഗിച്ചുനടത്തിയ 'സ്റ്റിങ് ഓപ്പറേഷൻ' കേരളത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പിടിക്കാൻ ചൂണ്ടയിൽ കൊരുക്കാൻ കരുതിവച്ച ഇര ഞാനായിരുന്നു. പക്ഷേ, ഒത്തില്ല.

തൊണ്ണൂറുകളുടെ തുടക്കത്തിൽ ശശികുമാറിന്റെ നേതൃത്വത്തിൽ ഏഷ്യാനെറ്റിന്റെ ഉത്ഭവത്തോടെയാണ് കേരളത്തിൽ ദൃശ്യമാധ്യമ ചരിത്രം ശരിയായ അർഥത്തിൽ തുടങ്ങുന്നത്. രണ്ടായിരത്തിന്റെ തുടക്കത്തിൽ ഡോ. എം കെ മുനീറിന്റെ ഇന്ത്യാ വിഷനിലൂടെ വാർത്താ ചാനൽ സംസ്‌കാരവും എത്തി. അന്നുമുതൽ ഇന്നുവരെ പറഞ്ഞുപതിഞ്ഞ ഒന്നുണ്ട്. കേരളത്തിലെ ടെലിവിഷൽ ന്യൂസ് റൂമുകൾ പഴയ എസ്എഫ്ഐക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നുവച്ചാൽ ഇടതുപക്ഷാനുഭാവം ഉള്ളവരാണ് ടെലിവിഷൻ നിയന്ത്രിക്കുന്നതെന്ന്. പച്ചക്കള്ളമാണ് അത്. ഇന്നത്തെ വാർത്താമുറികളിൽ, പൊളിറ്റിക്കൽ റിപ്പോർട്ടിങ്ങിന് ചുമതലപ്പെട്ടവരിൽ ഇടതുപക്ഷാനുഭാവമുള്ളവരെ കണ്ടെത്തണമെങ്കിൽ മഷിയിട്ട് നോക്കണം. അഥവാ ഉണ്ടായിട്ടുണ്ടെങ്കിൽ വളരെ വേഗത്തിൽ അവരെ 'ചുമതലപ്പെട്ടവർ' എത്തിക്കേണ്ടിടത്ത് എത്തിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് ന്യൂസ് ചാനലുകൾ ഇങ്ങനെ മാറിയത്? മാനേജ്‌മെന്റുകൾ മാറിയതുതന്നെ മൂലകാരണം. വാർത്താ ചാനലുകളുടെ ഘടനയുടെ എഡിറ്റോറിയൽ നിയന്ത്രിക്കുന്ന തട്ടുകളെ മൂന്നായി തിരിക്കാം.

ഒന്ന്: മാനേജ്‌മെന്റ്. തൊണ്ണൂറുകളുടെ തുടക്കത്തിൽത്തന്നെ രാജ്യമാകമാനം ന്യൂസ് ചാനലുകളെ കോർപറേറ്റുകൾ വാങ്ങിയിരുന്നു. ഇത്തിരി വൈകിയാണെങ്കിലും കേരളത്തിലും അത് സംഭവിച്ചു. കേരളത്തിലെ മറ്റെല്ലാ മേഖലകളെയും മിഡിൽ ഈസ്റ്റിൽനിന്നുള്ള വ്യവസായികളാണ് ഏറ്റെടുക്കുന്നതെങ്കിൽ വാർത്താനിർമ്മാണ കമ്പനികൾ പിടിച്ചത് തെക്കുനിന്നും വടക്കുനിന്നും വന്ന ആർഎസ്എസ് സ്വഭാവക്കാരാണ്. ഒട്ടും ലാഭകരമല്ലാത്ത വാർത്താ ചാനലുകൾ വൻകിട കോർപറേറ്റുകളുടെ മോഹവല്ലിയായി മാറിയത് ഭരണകൂടവുമായുള്ള കമ്യൂണിക്കേഷന്റെ ചാലകശക്തി ആയതുകൊണ്ടാണല്ലോ.

രണ്ട്: എഡിറ്റോറിയൽ തലവൻ. ആർഎസ്എസ് അനുഭാവമുള്ള എഡിറ്റർമാർക്കുവേണ്ടിയുള്ള കടിപിടിയാണ് കേരളത്തിൽ. 'കംപ്ലീറ്റ് ആർഎസ്എസ്' എന്നുറപ്പിക്കാൻ കഴിയുന്ന എഡിറ്റർമാരുടെ ക്ഷാമമുണ്ട്. അർണബ് ഇല്ലെങ്കിൽ തോഴിയെന്ന നിലയുള്ളവർക്കുവേണ്ടി പ്രധാന ചാനലുകൾ വാശിയേറിയ പോരാട്ടമാണ്. അവർ എത്തുന്ന ന്യൂസ് റൂമുകൾ രാജ്യസ്‌നേഹ ക്ലാസുകൾകൊണ്ട് നിറയുന്നു. രാജ്യത്തെ മതനിരപേക്ഷവാദികളുടെ കണ്ണീരിൽ ചവിട്ടിപ്പണിയുന്ന അയോധ്യാക്ഷേത്രം അവർക്ക് ലിബറേഷന്റെ ഭൂമികയാകുന്നു. ശശികുമാർ തുടങ്ങിയ വാർത്താ സംസ്‌കാരം എത്തിപ്പെട്ട അവസ്ഥ!

മൂന്ന്: അവതാരക സിംഹങ്ങൾ/പ്രധാന ബ്യൂറോകളിലെ പൊളിറ്റിക്കൽ റിപ്പോർട്ടർമാർ. ഈ നാടകത്തിലെ ഗ്ലാമർ വേഷങ്ങളാണ് ഇവ. മാനേജ്‌മെന്റിന്റെയും എഡിറ്ററുടെയും 'ആശയം' ഇവരിലേക്ക് കണക്ട് ചെയ്യുകയെന്നത് വലിയ വെല്ലുവിളിയായിട്ടാണ് തുടക്കത്തിൽ കരുതിയിരുന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 'കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴയാൻ' മലയാളത്തിന്റെ അഭിമാനതാരങ്ങൾ തയ്യാറായി. ആർഎസ്എസ് എന്ന വണ്ടി കൂകിപ്പാഞ്ഞുവരുമ്പോൾ പാളം ഇവിടെ പൂർത്തിയായിക്കഴിഞ്ഞു. സിപിഐ എമ്മും പിണറായി വിജയനുമാണ് കേരളത്തിന്റെ പരമശത്രു. 'അവരെ കല്ലെറിയുക' എന്ന നറേറ്റീവിന് സ്മൂത്ത് റൺ കിട്ടുന്നു.

ഒരു രാഷ്ട്രീയ പാർട്ടിയെയും വിടേണ്ടതില്ല. ഭരണാധികാരികളെ മുഖംനോക്കാതെ വിമർശിക്കണം. പക്ഷേ, സ്വർണക്കടത്തിൽ എന്തുണ്ടായിട്ടാണ്? ഇരട്ട ജനവിധി നേടിയ മുഖ്യമന്ത്രിയെ വായുവിൽ നിന്നെടുത്ത ആയുധങ്ങൾ മതിയോ ആക്രമിക്കാൻ? ഏതു വിഷയത്തിലും ചില വീഴ്ചകൾ വീണുകിട്ടുമെന്നതാണ് പിടിവള്ളി. ടെലിവിഷൻ ചർച്ചകൾക്കു പറ്റിയ ഘടകങ്ങൾ ഈ വിഷയത്തിലും ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. ചില പൊലീസുകാർ കറുത്ത മാസ്‌ക് നീക്കിയതും ഒരു എഡിജിപിയുടെ ടെലിഫോൺ വിളിയുമൊക്കെ. ആ പ്ലാറ്റ്‌ഫോമിൽ നിന്നുകൊണ്ടാണ് വാ തുറന്നാൽ വർഗീയത മാത്രം പറയുന്ന ഒരു അഭിഭാഷകൻ ആർഎസ്എസ് നിയന്ത്രണത്തിലുള്ള എച്ച്ആർഡിഎസ് എന്ന സന്നദ്ധസംഘടനയെ ഉപയോഗിച്ച് സ്വപ്ന സുരേഷ് എന്ന സ്വർണക്കടത്തുകാരിയെ കരുവാക്കി പുതിയ അജൻഡ സൃഷ്ടിക്കുന്നത്. കേന്ദ്ര ഏജൻസിയുടെ കേസിൽ വിചാരണത്തടവിന്റെ ഒരുഘട്ടം പൂർത്തിയാക്കിയ ഒരാൾ എങ്ങനെയാണ് തനിക്ക് കേന്ദ്ര സേനയുടെ സംരക്ഷണം മതിയെന്ന് കോടതിയിൽ എഴുതിക്കൊടുക്കുന്നത്? കേരള പൊലീസ് അവർക്ക് വേണ്ടാതായത് എങ്ങനെ?

എന്റെ തലമുറയിലെ മാധ്യമപ്രവർത്തകരാണ് കേരളത്തിലെ ടെലിവിഷൻ ന്യൂസ് നിയന്ത്രിക്കുന്നത്. എല്ലാവർക്കും അറിയാം വിവാദ നായകനായ ഈ ഷാജ് കിരണിനെ. ഞാൻ ഇന്ത്യാവിഷൻ എക്‌സിക്യൂട്ടീവ് എഡിറ്റർ ആയിരിക്കെ ട്രെയിനിയായി മാധ്യമരംഗത്ത് വന്ന ആളാണ്. പിന്നീട് ഏഷ്യാനെറ്റിലും മറ്റുമൊക്കെ പ്രവർത്തിച്ചു. എന്റെ സഹപ്രവർത്തകരെ മോശമാക്കി പറയാൻ ഇഷ്ടപ്പെടുന്നയാളല്ല ഞാൻ. ഷാജ് ക്ഷമിക്കുക. ഇല്ലാത്ത സ്വാധീനമുണ്ടെന്ന് പറഞ്ഞുനടക്കലാണ് അയാളുടെ പണി. കോടികളുടെ കണക്കേ പറയൂ. ഉന്നത പൊലീസ് ബന്ധമേ 'തള്ളൂ'. 'ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല' എന്നുപറയുന്ന ഷാജ് 'പിണറായിയുടെയും കോടിയേരിയുടെയും' വിദേശ ഫണ്ട് 'കൈകാര്യം ചെയ്തില്ലെങ്കിലേ' അത്ഭുതമുള്ളൂ. ഷാജ് കിരണിനെപ്പറ്റി ഞാനീ പറയുന്ന നിരീക്ഷണം ശരിയല്ല എങ്കിൽ അയാളെ അറിയുന്ന സഹപ്രവർത്തകർ മുന്നോട്ടുവരൂ. എന്നെ തിരുത്തൂ.

പൊലീസ് ഉദ്യോഗസ്ഥരോടും ചിലത് പറയാനുണ്ട്. സ്‌കിൻ ഡിസീസിന് മരുന്നുമായി ചിലർ വരും. നിങ്ങളുടെ ചൊറിച്ചിൽ ഈ നാടിന്റെ മതനിരപേക്ഷ ഭൂമികയെ ഒറ്റുകൊടുക്കാനുള്ള വിലയാകരുത്. മരുന്നുമായി വരുന്നവരോട് തൊലിയുടെ രോഗം സംസാരിച്ചാൽ മതി. ഇപ്പോൾ പദവിയിൽനിന്ന് നീക്കംചെയ്യപ്പെട്ട എഡിജിപിക്ക് ഷാജ് കിരൺ എവിടെനിന്നോ മരുന്ന് എത്തിച്ചിട്ടുണ്ട് എന്ന അറിവിന്റെ പുറത്താണ് ഈ ഉപദേശം.

ടെലിവിഷൻ ന്യൂസ് റൂമുകളിലൂടെയാണ് കേരളത്തിൽ വർഗീയ രാഷ്ട്രീയം പടർന്നു പന്തലിച്ചത് എന്ന് ഭാവി കേരളം നിരീക്ഷിക്കും എന്ന ആശങ്ക എനിക്കുണ്ട്. കോർപറേറ്റ് ചാനലുകൾ അതിനായി പ്ലാറ്റ്‌ഫോം ഒരുക്കിക്കഴിഞ്ഞുവെന്ന് പറഞ്ഞുവല്ലോ. എന്തുകൊണ്ടാണ് ടെലിവിഷനിൽ കോർപറേറ്റുകൾക്കു മാത്രം ആധിപത്യം സ്ഥാപിക്കാനാകുന്നത് എന്നത് ഈ ഘട്ടത്തിൽ പരിശോധിക്കേണ്ട വിഷയമാണ്. ഒന്നാമത്തെ കാരണം ഞങ്ങളെപ്പോലുള്ളവരുടെ കഴിവുകേടും വീഴ്ചകളുമാണ്.

ടെലിവിഷൻ ചെലവേറിയ സംരംഭങ്ങളാണ് എന്നതാണ് രണ്ടാമത്തെ പ്രധാന കാരണം. ആനയെ വാങ്ങിയാൽ വിലയായ പന്തീരായിരം പോരല്ലോ. ചാനലുകൾ ഒരു സെക്കൻഡ് മുന്നോട്ടുപോകണമെങ്കിൽ അന്ധാളിപ്പ് തോന്നുന്ന മൂലധനം വേണം. തുടർച്ചയായി ചലിക്കാൻ പണത്തിന്റെ ഫ്രീ ഫ്ളോ ഉണ്ടാകണം. ചെറുതായൊന്ന് തടസ്സപ്പെട്ടാൽ അവതാരകരെ, പ്രധാന ബീറ്റുകളിലെ റിപ്പോർട്ടർമാരെ കോർപറേറ്റുകൾ തട്ടിക്കൊണ്ടുപോകും. ബ്യൂറോകളുടെ പ്രവർത്തനം മന്ദഗതിയിലാകും. അങ്ങനെ വാർത്തയുടെ സീംലെസ് സംപ്രേഷണം നിലയ്ക്കും. ആരും കാണാത്ത ചാനലാകും. എത്ര ചടുലമായ എഡിറ്റോറിയൽ ശക്തിയുണ്ടെങ്കിലും ജീവിച്ചുപോകാൻ കോർപറേറ്റ് മാധ്യമംതന്നെ വേണമെന്ന് ഇന്ത്യാവിഷന്റെ തകർച്ചയോടെ കേരളത്തിലെ ജേർണലിസ്റ്റുകൾ മനസ്സിലാക്കി.

സ്വതന്ത്ര ടെലിവിഷൻ ചാനലുകളെ ഒറ്റഞെക്കിന് കൊല്ലാൻ ഇവിടെയുള്ള വൻകിട കേബിൾ നെറ്റ്‌വർക്കുകളുമുണ്ട്. ഒരു ന്യൂസ് ചാനൽ അവരുടെ നെറ്റ്‌വർക്കിൽ കാണിക്കാനുള്ള ശരാശരി തുക ഒരു വർഷം മൂന്നു കോടിയാണ്. സർക്കാരിന്റെ വൈദ്യുത പോസ്റ്റിലൂടെ പോകുന്ന സംവിധാനത്തിനാണ് ഇത്ര വലിയ തുക! കേരളാവിഷൻ പോലുള്ള സഹകരണ പ്രസ്ഥാനങ്ങളാണ് കൂട്ടത്തിലെ ആശ്വാസം. സർക്കാർ പരസ്യങ്ങൾ കിട്ടുന്നത് മൂന്നിലൊന്ന് മാത്രമാണ്. വ്യവസായമായി കണക്കാക്കി വൈദ്യുതി ചാർജിൽ ഇളവുതന്നില്ല. നികുതി ഏറ്റവും ഉയർന്നുനിൽക്കുന്നു. പ്രശ്‌നങ്ങൾ ഏറെയാണ്.

പുതിയ തലമുറയിൽപ്പെട്ട ജേണലിസ്റ്റുകൾ ആകർഷിക്കപ്പെടുന്നത് ടിവിയിലേക്കും ഓൺലൈൻ മീഡിയയിലേക്കുമാണ്. 'ഒന്നൊതുങ്ങി നടന്നോണം'എന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് പുതിയ കുട്ടികളുടെ വരവ്. രാഷ്ട്രീയം കാവിയാകണമെന്ന് ഇന്റർവ്യൂ ഘട്ടത്തിൽത്തന്നെ പറഞ്ഞുകൊടുക്കും. അതല്ലാത്ത ഒറ്റപ്പെട്ട തുരുത്തുകളുണ്ട്. അവ നശിപ്പിക്കപ്പെടുകയാണ് അനുഭവം. കഴിഞ്ഞദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തിരുവനന്തപുരത്തെ വാർത്താസമ്മേളനത്തിൽ എന്നെപ്പറ്റി പറഞ്ഞത് 'ഒത്തുതീർപ്പുകാരനും ബ്ലാക്ക് മെയിലിങ്ങുകാരനും' എന്നാണ്. വാർത്താസമ്മേളനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ റിപ്പോർട്ടർ ആർ റോഷിപാലിനോടു പറഞ്ഞു. 'അയാൾ എന്റെ മൂന്നുവർഷം കളഞ്ഞു. വിടില്ല എന്ന് പറഞ്ഞേക്കൂ' എന്ന്.

മാർക്‌സിസ്റ്റ് വിരോധം കാണിക്കാത്തവരുടെ ജീവൻപോലും ഭീഷണിയിലാണ്. ഒന്നുകിൽ കൃഷ്ണരാജുമാരുടെ കെണിയിൽ വീണ് നാറി പുഴുത്തുചാകും. അല്ലെങ്കിൽ ഗൗരി ലങ്കേഷിനെപ്പോലെ പകൽ വെളിച്ചത്തിൽ തോക്കിനുമുന്നിൽ പിടഞ്ഞുവീഴും. അപ്പോൾ പറയും, ഞങ്ങളല്ല കൊലപാതകികൾ 'ഫ്രിഞ്ച്' ആണെന്ന്.

ഞാൻ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനത്തെയും എന്നെയും വിടുക. അത് നിലനിൽക്കുകയോ നശിക്കുകയോ ചെയ്യട്ടെ. പക്ഷേ, സ്വതന്ത്രമാധ്യമങ്ങൾ നമുക്ക് വേണ്ടേ? അവയ്ക്ക് നിലനിൽപ്പ് പ്രതിസന്ധിയുണ്ട്. അത് അഭിമുഖീകരിക്കാതെ മുന്നോട്ടുപോയാൽ സർവതും നശിക്കും. ജനാധിപത്യ പ്ലാറ്റ്‌ഫോമിൽ നിലനിൽക്കാൻ താങ്ങുവേണം. സർക്കാരിന്റെ, ജനങ്ങളുടെ