ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തിൽ ആലപ്പുഴയിൽ ഒരു പോളിങ് സ്റ്റേഷനിൽ നടന്ന വോട്ടെടുപ്പ് അസാധുവാക്കി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരനാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ എട്ടിന് ആലപ്പുഴ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കാട്ടൂർ കിഴക്ക് വാർഡിലെ സർവോദയപുരം സ്മാൾസ്‌കെയിൽ കയർ മാറ്റ് പ്രൊഡ്യൂസർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലെ രണ്ടാം നമ്പർ പോളിങ് സ്‌റ്റേഷനിൽ നടന്ന വോട്ടെടുപ്പാണ് അസാധുവാക്കിയത്.

വോട്ടെടുപ്പിൽ ഈ പോളിങ് സ്‌റ്റേഷനിലെ വോട്ടിങ് യന്ത്രത്തിലെ സാങ്കേതിക തകരാറു കാരണം അതിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ലെന്ന് വരണാധികാരി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. ഡിസംബർ 14 ന് ഈ പോളിങ് ബൂത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഡിസംബർ 16ന് വോട്ടെണ്ണൽ നടക്കും.

അതിനിടെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ പരസ്യ പ്രചാരണം നാളെ അവസാനിക്കും. ഡിസംബർ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. നാളെ വൈകിട്ട് ആറിന് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളും പ്രവർത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേർന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണം. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കൊട്ടിക്കലാശം ഒഴിവാക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്ഷോയ്ക്കും വാഹനറാലിക്കും പരമാവധി മൂന്ന് വാഹനങ്ങൾ മാത്രമേ പാടുള്ളു എന്നും കർശന നിർദ്ദേശമുണ്ട്. ഡിസംബർ 16ന് വോട്ടെണ്ണൽ നടക്കും.

തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്ത് 76.78% പോളിങ്ങാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച വോട്ടെടുപ്പ് നടന്ന 5 ജില്ലകളിൽ വയനാട്ടിലാണു കൂടുതൽ പോളിങ്, 79.49%. കോട്ടയം 73.95, എറണാകുളം 77.25, തൃശൂർ 75.10, പാലക്കാട് 78.14 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ പോളിങ് ശതമാനം. കൊച്ചി കോർപറേഷനിൽ 62.04, തൃശൂർ കോർപറേഷനിൽ 63.31 ശതമാനം വീതവുമാണു പോളിങ്ങെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ആദ്യഘട്ടത്തിലെ പോളിങ് 73.12% ആണ്.