കോഴിക്കോട്: കോടതിയിൽ മാദ്ധ്യമ പ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചത് ജില്ലാ ജഡിജിയുടെ നിർദ്ദേശപ്രകാരമെന്ന് അന്വേഷണ റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ കോഴിക്കോട് ടൗൺ എസ്.ഐ പിഎം വിമോദ് കുമാർ നൽകിയ വിശദീകരണത്തിലും ഗവൺമെന്റ് പ്ലീഡർ കെ ആലിക്കോയ രേഖാമൂലം അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകിയ റിപ്പോർട്ടിലുമാണ് ജില്ലാ ജഡ്ജിയുടെ നിർദ്ദേശ പ്രകാരമാണ് മാദ്ധ്യമ പ്രവർത്തകർക്ക് അനുമതി നിഷേധിച്ചതെന്ന് വ്യക്തമാക്കുന്നത്.

എസ്.ഐ വിമോദ് സ്വന്തം ഇഷ്ടപ്രകാരമോ മറ്റു താൽപര്യങ്ങൾക്കു വഴങ്ങിയോ അല്ല മാദ്ധ്യമപ്രവർത്തകർക്ക് അനുമതി നിഷേധിച്ചതെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഉമ ബെഹറ സംസ്ഥാന ഡിജിപിക്കു സമർപ്പിക്കാനിരിക്കുന്നത്. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് വെള്ളിയാഴ്ചക്കകം ഡിജിപിക്കു സമർപ്പിക്കാനാണ് തീരുമാനം.

കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു ടൗൺ എസ്.ഐ പിഎം വിമോദ് കുമാർ മാദ്ധ്യമ പ്രവർത്തകർക്ക് കോടതി വളപ്പിലേക്ക് അനുമതി നിഷേധിച്ചതും ഏഷ്യാനെറ്റ് സംഘത്തെ കസ്റ്റഡിയിലെടുത്തതും. തുടർന്ന് മാദ്ധ്യമപ്രവർത്തകർ പൊലീസ് സ്‌റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പ്രശ്‌നം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപി എസ്.ഐ വിമോദ് കുമാറിനെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു.

കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഐസ്‌ക്രീം പാർലർ കേസ് പരിഗണിക്കുന്നത് റിപ്പോർട്ട് ചെയ്യാൻ എത്തിയ ഏഷ്യാനെറ്റ് റിപ്പോർട്ടർ, കാമറാമാൻ, ടെക്‌നീഷ്യൻ, ഡ്രൈവർ എന്നിവരെയാണ് ഒബി വാൻ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്. മാദ്ധ്യമപ്രവർത്തകർക്കു നേരെ അസഭ്യം പറയുകയും ഭീഷണിയും അതിക്രമവും ഉണ്ടായതായി ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. മാദ്ധ്യമ പ്രവർത്തകരുടെ പരാതിയും കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധിച്ചാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

എന്നാൽ എസ്.ഐ വിമോദ് കുമാർ ജഡ്ജിയുടെ നിർദ്ദേശം അനുസരിക്കുകയായിരുന്നെന്ന് ശരിവെയ്ക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ഹാജരാക്കുന്നതിനാൽ സുരക്ഷ ശക്തമാക്കണമെന്നും മാദ്ധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളെ കോടതിയിലേക്ക് കയറ്റേണ്ടതില്ലെന്നുമായിരുന്നു ഗവൺമെന്റ് പ്ലീഡർ കെ ആലിക്കോയ കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.

ജില്ലാ ജഡ്ജിയുടെ ആജ്ഞ അതേപടി അനുസരിക്കുകയാണ് താൻ ചെയ്തതെന്നാണ് വിമോദ് കുമാറിന്റെ വിശദീകരണ റിപ്പോർട്ടും. എസ്.ഐ വിമോദിന്റെയും ഗവൺമെന്റ് പ്ലീഡർ ആലിക്കോയയുടെയും മൊഴിയും രേഖാമൂലമുള്ള റിപ്പോർട്ടുകൾക്കും പുറമെ ഈ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരുടെ വിശദീകരണവും അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിസരത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ നിന്നും അന്ന് പൊലീസുകാർ ഡ്യൂട്ടിക്കെത്തിയിരുന്നു. ജില്ലാ ജഡ്ജിയുടെ വാക്കാലുള്ള നിർദ്ദേശം എസ്.ഐക്ക് ലഭിച്ചതായാണ് ഈ ഉദ്യോഗസ്ഥരെല്ലാം വ്യക്തമാക്കുന്നത്. മാത്രമല്ല, നിലവിലുള്ള പ്രിൻസിപ്പൽ ഐസ്.ഐമാരുടെ കൂട്ടത്തിൽ മികച്ച ഉദ്യാഗസ്ഥനാണ് വിമോദ് കുമാറെന്നും സഹപ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്. ചെമ്മങ്ങാട് പൊലീസ് സ്‌റ്റേഷനിൽ എസ്.ഐയായിരുന്ന വിമോദിന് കഴിഞ്ഞ മാസമായിരുന്നു ടൗൺ സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.

വിമോദ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും സഹ ഉദ്യോഗസ്ഥർ പറയുന്നു. ഇനി രേഖാമൂലം ഉത്തരവുണ്ടെങ്കിൽ മാത്രമെ ആത്മാർത്ഥതയോടെ പൊലീസുകാർ ഉത്തരവ് നടപ്പാക്കാൻ തയ്യാറാകുകയുള്ളൂവെന്നും അല്ലെങ്കിൽ എല്ലാവരും കയ്യൊഴിയുന്ന അവസ്ഥയായിരിക്കുമെന്നും ചില ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു.

മാദ്ധ്യമപ്രവർത്തകർ കോടതിയിലേക്കു കയറുന്നത് തടഞ്ഞെന്നും ഇവരെ പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു വന്നിരുന്നെന്നും കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്നവർ വ്യക്തമാക്കുന്നുണ്ട്. ജില്ലാ ജഡ്ജിയുടെ ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ഇതിന്റെ പേരിൽ ഉദ്യോഗസ്ഥരെ മാനസികമായി തളർത്തുന്ന നടപടിയാണ് ഉണ്ടാകുന്നതെന്നുമാണ് ബന്ധപ്പെട്ട പൊലീസുകാർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം മാവോയിസ്റ്റ് നേതാവിനെ കൊണ്ടുവരുന്ന സാഹചര്യത്തിൽ സുരക്ഷ ഒരുക്കാൻ മാത്രമാണ് നിർദ്ദേശം നൽകിയതെന്നാണ് ജില്ലാ ജഡ്ജി മൂസത് നേരത്തെ ഹൈക്കോടതിക്കു നൽകിയ വിശദീകരണം. എന്നാൽ ഗവൺമെന്റ് പ്ലീഡർ ആലിക്കോയയുടെ റിപ്പോർട്ട് എസ്.ഐക്ക് അനുകൂലമായ പ്രധാന തെളിവായിരിക്കും. നിലവിൽ സസ്‌പെൻഷൻ കാലയളവ് നിശ്ചയിച്ചിട്ടില്ലാത്ത വിമോദ് കുമാറിന് അനുകൂലമാണ് നിലവിലെ അന്വേഷണമെന്നാണ് ബന്ധപ്പെട്ട ഉദ്യാഗസ്ഥർ നൽകുന്ന സൂചന.

അതേസമയം മാദ്ധ്യമപ്രവർത്തകരോടുള്ള മോശമായ പെരുമാറ്റം സസ്‌പെൻഷൻ നിശ്ചിത കാലത്തേക്ക് പരിമിതപ്പെടുത്തി സർവീസിൽ തിരിച്ചു നിയമിക്കുമെന്നും അറിയുന്നു. ജില്ലാ ജഡിജിയുടെ നിർദ്ദേശം മുൻനിർത്തി നിലവിൽ എസ്.ഐ വിമോദിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. രണ്ട് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ഡിജിപ്പിക്കു കൈമാറുമെന്ന് കോഴിക്കോട് കമ്മീഷണർ ഉമ ബെഹ്‌റ മറുനാടൻ മലയാളിയോടു പറഞ്ഞു.