കൊച്ചി: അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുള്ള തർക്കം തീവ്രതയോടെ മുന്നോട്ടു പോകുന്നതിനിടെയിതാ ഒരു കല്യാണവിശേഷം. ഒരു മാദ്ധ്യമപ്രവർത്തകനും അഭിഭാഷകയും തമ്മിലുള്ള വിവാഹമാണു കഴിഞ്ഞ ദിവസം നടന്നത്.

മതപരമായ ചടങ്ങുകളൊന്നും വിവാഹത്തിനുണ്ടായിരുന്നില്ല. മുതിർന്ന സിപിഐ(എം) നേതാവ് എം എം ലോറൻസിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

ജിഷ വധക്കേസ് പുറംലോകം അറിയാൻ ഇടയാക്കിയ മാദ്ധ്യമപ്രവർത്തകൻ സഹിൻ ആന്റണിയാണു കഥയിലെ നായകൻ. അഭിഭാഷകയും ഡിവൈഎഫ്‌ഐ നേതാവുമായ മനീഷ രാധാകൃഷ്ണനാണ് ഒരു കമ്യൂണിസ്റ്റു വിവാഹത്തിലൂടെ സഹിന്റെ ജീവിതപങ്കാളിയായത്.

സുഹൃത്തുക്കൾ നവമാദ്ധ്യമങ്ങളിലൂടെ ഇരുവരുടെയും വിവാഹവിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. 'മാദ്ധ്യമരംഗത്തെ പുലിക്കുട്ടി സഹിൻ ആന്റണിയും, ഡി വൈ എഫ് ഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗം സഖാവ് അഡ്വ.മനീഷ രാധാകൃഷ്ണനും തമ്മിലുള്ള വിവാഹം മതപരമായ ഒരു ചടങ്ങും ഇല്ലാതെ എം എം ലോറൻസ് സഖാവിന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്നു'വെന്ന് ഏറെ സന്തോഷത്തോടെയാണ് സുഹൃത്തുക്കൾ അറിയിച്ചത്. വിവാഹ മംഗളാശംസകൾക്കൊപ്പം നൂറു ചുവപ്പൻ അഭിവാദ്യങ്ങളും ഈ മാദ്ധ്യമപ്രവർത്തകനും അഭിഭാഷകയ്ക്കും സുഹൃത്തുക്കളേകി.

അധികം ആരും അറിയാതെ സാധാരണ ഒരു കൊലപാതകമായി 'ഒതുക്ക' പ്പെടുമായിരുന്ന ജിഷ വധക്കേസിൽ വഴിതിരിവുണ്ടാക്കിയത് റിപ്പോർട്ടർ ചാനലിലെ സീനിയർ റിപ്പോർട്ടർ സഹിൻ ആന്റണിയാണ്. സഹിന്റെ ഇടപെടൽ തന്നെയാണ് മുഖ്യധാരാ മാദ്ധ്യമങ്ങളിലടക്കം നാലാം പേജിലെ ചെറിയ വാർത്തയായി മാറിയ ജിഷ കൊലക്കേസിനെ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

ലോ കോളേജിലെ മുൻ വിദ്യാർത്ഥിയാണെന്നതും ജിഷ കൊലക്കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ സഹിനു സഹായകമായിരുന്നു. അദ്ധ്യാപികയായ മിനിയിൽ നിന്നാണ് സഹിൻ കൊലപാതക വിവരം അറിയുന്നത്. കയ്യിൽ 530 രൂപ മാത്രം വച്ച് പെരുമ്പാവൂരിലേക്ക് വണ്ടികയറിയ സഹിൻ ഏറെ പാടുപെട്ടാണ് കേസിന്റെ മഹസർ സംഘടിപ്പിച്ചത്. ആദ്യം മഹസർ തരാൻ കൂട്ടാക്കാതിരുന്ന പൊലീസുകാർ 500 രൂപ കിട്ടിയപ്പോൾ മഹസർ നൽകി. കേസിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ റിപ്പോർട്ടർ ചാനൽ എംഡി എംവി നികേഷ് കുമാറിനെ സഹിൻ തന്നെ നേരിട്ട് വിളിക്കുകയായിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും ജിഷ കൊലക്കേസ് വാർത്തകളിൽ നിറയുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയോട് ഇത് അങ്ങയുടെ ഭരണപരാജയമല്ലേ എന്നു ചോദിച്ചതിനു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മർദനവും സഹിന് ഏൽക്കേണ്ടി വന്നിരുന്നു.

ഡിവൈഎഫ്‌ഐയുടെ എറണാകുളം ജില്ലാ കമ്മിറ്റി അംഗമാണു സഹിന്റെ ജീവിതസഖിയായ അഡ്വ. മനീഷ രാധാകൃഷ്ണൻ. കൊച്ചി സ്വദേശിയായ മനീഷ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുകയാണ്.