കായംകുളം: വിദ്യാർത്ഥിയുടെ സെൽഫിഭ്രമത്തിെന്റ അമിതാവേശം മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചു. തന്റെ പ്രതികരണത്തിൽ ഭയന്നുപോയ വിദ്യാർത്ഥിയെ ആശ്വസിപ്പിച്ച് ഫേട്ടോയും എടുപ്പിച്ച് മടക്കി അയച്ചു.

സിപിഎം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിൽ തിങ്കളാഴ്ച രാവിലത്തെ ഫോട്ടോസെഷനാണ് പ്രശ്‌നമായത്. ഈ സമയത്താണ് വിദ്യാർത്ഥി അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ കൈയിൽ കടന്നുപിടിച്ച് സെൽഫിയെടുക്കാൻ ആഞ്ഞത്. ഇതോടെ മുഖഭാവം മാറിയ മുഖ്യമന്ത്രി ഗൗരവത്തിൽ കൈ തട്ടിമാറ്റി ഒഴിവാക്കി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പല ഗ്രൂപ്പുകളിലും പൊരിഞ്ഞ ചർച്ചയും നടന്നു.

മുഖ്യമന്ത്രിക്ക് സെൽഫിയെടുക്കുന്നതിൽ താൽപ്പര്യക്കുറവുണ്ടോ? ഒരു പാവം കുട്ടിയോട് അങ്ങനെ ചെയ്യാമോ എന്നതൊക്കെയായിരുന്നു ചർച്ചയുടെ വിഷയങ്ങൾ. ഇതിനിടെ മുഖ്യമന്ത്രിയുമായി വിഐപികൾ എടുത്ത സെൽഫികളും ഉയർന്നുവന്നു. ഇതിന് സമാനമായ ചർച്ച റിപ്പോർട്ടർ ടിവിയുടെ പേരിലുള്ള ഗ്രൂപ്പിലും നടന്നു. റിപ്പോർട്ടർ ടി വിയിൽ ജോലി ചെയ്യുന്നവരും മുമ്പ് ജോലി ചെയ്തിരുന്നവരും എല്ലാം അംഗമായ ഗ്രൂപ്പ്.

ഇതിൽ വന്ന മുഖ്യമന്ത്രിയെ കളിയാക്കുന്ന ഫോട്ടോയാണ് വിവാദമാകുന്നത്. മുഖ്യമന്ത്രിയായ സമയത്ത് തിരുവനന്തപുരത്തെ മോഡൽ സ്‌കൂളിലെത്തിയ മുഖ്യമന്ത്രിയുമായി ചേർന്ന് സ്ഥലം കൗൺസിർ സെൽഫിയെടുക്കുന്ന ഫോട്ടോ. ഇത് അന്ന് പ്രമുഖ പത്രങ്ങളിലെല്ലാം വന്നിരുന്നു. ഈ ഫോട്ടോയിൽ ലൗവിന്റെ ചിഹ്നം നൽകി സെൽഫി ചർച്ചയ്ക്കിടെ ഗ്രൂപ്പ് അംഗം ഇട്ടു. ഇതാണ് റിപ്പോർട്ടറിലെ ജീവനക്കാരേയും മുൻ ജീവനക്കാരനേയും ചൊടിപ്പിച്ചത്.

റിപ്പോർട്ടർ ടിവിയിലെ മാർക്കറ്റിങ് വിഭാഗത്തിലെ ശ്രീകാന്താണ് മുഖ്യമന്ത്രിയെ കളിയാക്കുന്ന തരത്തിലെ ചിത്രം ഗ്രൂപ്പിലിട്ടത്. ഇതിനെതിരെ അപ്പോൾ തന്നെ പ്രതിഷേധമുയർന്നു. ശ്രീകാന്ത് സിപിഎം മെമ്പറാണ്. പോരാത്തതിന് കോട്ടയം ജില്ലയിലെ സിപിഎം ബ്രാഞ്ച് മെമ്പർ. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലെ ഫോട്ടോ വിവാദ കൊടുങ്കാറ്റുണ്ടാകുന്നത്. നിങ്ങൾ ഒരു സിപിഎം മെമ്പറാണ്. പിണറായിയെ ന്യായീകരിക്കേണ്ടതില്ല. പക്ഷേ ഇത്തരത്തിൽ കളിയാക്കരുത്. അങ്ങനെയായിരുന്നു പ്രണയ ചിഹ്നവുമായി ഇട്ട ഫോട്ടോയ്ക്ക് കിട്ടിയ മറുപടി. പ്രണയമുള്ളവർക്കൊപ്പം മാത്രമേ മുഖ്യമന്ത്രി സെൽഫിയെടുക്കാറുള്ളൂവെന്ന ദുസ്സൂചനയാണ് ഈ ചിത്രത്തിൽ ഉള്ളതെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രിയെ അപമാനിച്ചത് സിപിഎം നേതാവായതു കൊണ്ട് തന്നെ പ്രശ്‌നത്തിന്റെ ഗൗരവം ചിലർ കോട്ടയം സിപിഎം ജില്ലാ കമ്മറ്റിയെ ബോധ്യപ്പെടുത്തി. ഇതോടെ റിപ്പോർട്ടറിലെ ജീവനക്കാരനെതിരെ പാർട്ടി നടപടിയെടുക്കുമെന്ന അവസ്ഥയും വന്നു. അതിരുവിട്ട കളിയാക്കലാണ് സഖാവ് നടത്തിയതെന്നാണ് നേതൃത്വത്തിന്റേയും വിലയിരുത്തൽ. പാർട്ടിയെ അവഹേളിക്കുന്നതാണിതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.