- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സുധാകരനെ അധിക്ഷേപിച്ചു വ്യാജവാർത്ത നൽകി; റിപ്പോർട്ടർ ചാനൽ പരസ്യമായി മാപ്പു പറഞ്ഞതായി മന്ത്രി അനുരാഗ് സിങ് ഠാക്കൂർ പാർലമെന്റിൽ; ചാനൽ എംഡി നികേഷ് കുമാറിനെതിരെ ഒരു കോടിയുടെ നഷ്ടപരിഹാര കേസുമായി മുന്നോട്ടെന്ന് കെപിസിസി അധ്യക്ഷൻ
കൊച്ചി: മോൻസൺ മാവുങ്കൽ വിവാദവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വ്യാജവാർത്ത നൽകിയ റിപ്പോർട്ടർ ചാനൽ മാപ്പു പറഞ്ഞു. ചാനൽ പരസ്യമായി മാപ്പു രേഖപ്പെടുത്തി രണ്ടുദിവസം ചാനലിൽ സ്ക്രോൾ ചെയ്തിട്ടുണ്ടെന്ന് വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂർ രേഖാമൂലം ലോക്സഭയിൽ അറിയിച്ചു.
റിപ്പോർട്ടർ ചാനലിനെതിരായി ലഭിച്ച പരാതികൾ പരിശോധിക്കുകയും 1995ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്ക്(റെഗുലേഷൻ) അക്ടിലെ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് വ്യാജ വാർത്ത നൽകിയതിന് ക്ഷമാപണം നടത്താൻ കേന്ദ്രസർക്കാർ ഉത്തരവ് നൽകിയതെന്നും കേന്ദ്രമന്ത്രി സഭയെ അറിയിച്ചു.
വ്യാജവാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരായി സ്വീകരിച്ച നടപടികളെ സംബന്ധിച്ച് കെ.സുധാകരന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം ലോക്സഭയെ അറിയിച്ചത്. സഭ്യതയ്ക്ക് നിരക്കാത്ത മാധ്യമപ്രവർത്തനം നടത്തിയ റിപ്പോർട്ടർ ചാനലിനും അതിന്റെ എംഡിക്കുമെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഈ കേസുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ പറഞ്ഞു.
റിപ്പോർട്ടർ ചാനലും എം.വി നികേഷ് കുമാറും സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന മാധ്യമ പ്രവർത്തനം തന്നെ മാത്രമല്ല നാടിനെ മുഴുവനും ബാധിക്കുമെന്നും സുധാകരൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ചാനലിനെതിരെ ഇതുവരെയും നടപടിക്ക് മുതിരാതിരുന്നത് എം വിരാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയനേതാവിനെ ഓർത്താണെന്നും സുധാകരൻ പറഞ്ഞിരുന്നത്.
മോൻസൻ മാവുങ്കലിന്റെ കലൂരിലുള്ള വീട്ടിലെ തിരുമ്മൽകേന്ദ്രത്തിൽ വെച്ച് കെ സുധാകരനെ മോശമായി കണ്ടുവെന്ന് ആരോപിച്ചാ ചാനൽ വാർത്ത നൽകിയത്. ഈ വാർത്തയുടെ പേരിൽ കെ സുധാകരൻ നികേഷിനെ വെല്ലുവിളിച്ചു കൊണ്ട് ഫേസ്ബുക്ക് കുറിപ്പും ഇറക്കിയിരുന്നു.
ആ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
പല തവണ പാർട്ടി പ്രവർത്തകരും സ്നേഹിതന്മാരും നിർബന്ധിച്ചിട്ടും റിപ്പോർട്ടർ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികൾക്ക് മുതിരാതിരുന്നത് എം വി രാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓർത്തിട്ടാണ്.
സ്വന്തം ജീവനോളം വിശ്വാസമായിരുന്നു ഞങ്ങളിരുവരും തമ്മിൽ. കാല് കുത്തിക്കില്ലെന്ന് പിണറായി വിജയനടക്കമുള്ളവർ വീമ്പടിച്ചു പ്രസംഗിച്ച കണ്ണൂരിന്റെ മണ്ണിൽ, പതിറ്റാണ്ടുകളോളം ഒരു പോറൽ പോലുമേൽക്കാതെ എം വി ആറിനെ കാത്തത് കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ എന്നെയും മറ്റു കോൺഗ്രസ് നേതാക്കളെയും വ്യക്തിഹത്യ ചെയ്യുന്നത് പലകുറി കണ്ടിട്ടും കാണാത്തത് പോലെ മുന്നോട്ട് പോയത് ഞങ്ങൾക്ക് പ്രിയപ്പെട്ട എം വി ആറിന്റെ മകനോടുള്ള സ്നേഹം കൊണ്ടു തന്നെയാണ്.
സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന മാധ്യമ പ്രവർത്തനം എന്നെ മാത്രമല്ല, നമ്മുടെ നാടിനെ മുഴുവനും ബാധിക്കും. ആ തിരിച്ചറിവിന്റെ പേരിൽ റിപ്പോർട്ടർ ചാനലിനെതിരെ 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചു. ഒപ്പം അപകീർത്തികരമായ വാർത്തയുടെ പേരിൽ ചാനലിന്റെ സംപ്രേഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നൽകിയിട്ടുമുണ്ട്.
രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ ഒരുപാട് ത്യാഗം സഹിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്വന്തം കുടുംബത്തെ മറന്നും സമൂഹത്തെ സേവിക്കാൻ തുനിഞ്ഞിറങ്ങിയവർ ആണ് പൊതു പ്രവർത്തകർ. ഈ രാജ്യം തന്നെ കെട്ടിപ്പടുത്ത പാർട്ടിയെയും ജീവിതം തന്നെ രാഷ്ട്ര സേവനത്തിനായി ഉഴിഞ്ഞു വച്ച നേതാക്കളെയും എന്തിനെന്നില്ലാതെ അപമാനിക്കുന്നത് ഇനിയും കൈയും കെട്ടി നോക്കി നിൽക്കാനാകില്ല.
സംസ്ഥാന ആഭ്യന്തര വകുപ്പ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിച്ച ഒരു ക്രിമിനലുമായി എന്നെ ബന്ധിപ്പിക്കാൻ ശ്രമിച്ചതും, ജനങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത പ്രിയ സഹപ്രവർത്തകൻ ടോണി ചമ്മണി ഒളിവിലെന്ന് വ്യാജവാർത്ത കൊടുത്തതും എന്ത് തരം മാധ്യമ പ്രവർത്തനമാണ്? കോൺഗ്രസിന്റെ നേതാക്കൾക്കെതിരെ എന്തും പറയാം എന്നൊരു ധാരണ ഉണ്ടെങ്കിൽ അതങ്ങോട്ട് മാറ്റി വച്ചേക്കണം.
അസത്യവും അവാസ്തവവും പ്രചരിപ്പിക്കുന്നത് മുഖമുദ്ര ആക്കിയൊരു ദൃശ്യ മാധ്യമത്തെ എങ്ങനെ നേരിടണം എന്ന് കോൺഗ്രസിന് അറിയാഞ്ഞിട്ടല്ല... ഇനിയും ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ, എം വിആറിന്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കും.
മറുനാടന് മലയാളി ബ്യൂറോ