കൊച്ചി: തൊടുപുഴയിലെ വഞ്ചനാക്കേസ് ഇടത് സർക്കാരിന്റെ പിന്തുണയോടെ അട്ടിമറിക്കാമെന്ന റിപ്പോർട്ടർ ടിവി ഉടമയും മാധ്യമ പ്രവർത്തകനുമായ എംവി നികേഷ് കുമാറിന്റെ മോഹം പൊലിഞ്ഞു. ലാലിയാ ജോസഫിന്റെ പരാതിയിൽ പൊലീസ് നികേഷിനെതിരെ കുറ്റപത്രം നൽകി. ജാമ്യമില്ലാ വകുപ്പുകൾ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിശ്വാസ വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങൾക്ക് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളും ഉണ്ട്. തൊടുപുഴ പൊലീസ് നൽകിയ കുറ്റപത്രം വിശദപരിശോധനയ്ക്ക് ശേഷം കോടതി അംഗീകരിക്കുകയും ചെയ്തു. ഒരു മാസത്തിനുള്ളിൽ തന്നെ വിചാരണയും തുടങ്ങും. സാക്ഷി മൊഴികൾക്ക് അപ്പുറം രേഖകളിലടിസ്ഥാനമായ തെളിവുകളാണ് കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കേസിൽ നിന്ന് നികേഷ് കുമാറിനെ തടിയൂരാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.

നികേഷിന് പിണറായി സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിക്കാതെ വന്നതോടെയാണ് കുറ്റപത്രത്തിൽ വഞ്ചനാക്കുറ്റം അടക്കം ചുമത്തപ്പെട്ടത്. 12 കോടിരൂപ തട്ടിയെടുത്തു എന്ന ആരോപണവമാണ് നികേഷിനെതിരെ ഉയർന്നിരിക്കുന്നത്. നയാപൈയ കൈയിൽ ഇല്ലാതെ ഇന്ത്യാവിഷൻ ചാനൽ വിട്ടിറങ്ങിയ ശേഷമാണ് നികേഷ് റിപ്പോർട്ടർ ടിവി തുടങ്ങാൻ പുറപ്പെട്ടത്. ഇതിനായി പലരിൽ നിന്നുമായി പണം സ്വരൂപിക്കുകയായിരുന്നു നികേഷ്. ഇങ്ങനെ പലരോടും ഓഹരി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെങ്കിലും ഓഹരി നൽകാതെയും ഓഹരി തട്ടിപ്പിലൂടെ സ്വന്തം പേരിലാക്കുകയും ചെയ്തുവെന്നാണ് നികേഷിനെതിരായാ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചാനലിന്റെ മുൻ വൈസ് ചെയർമാനായിരുന്ന ലാലിയ ജോസഫ് നൽകി പരാതിയാണ് നികേഷിനെ കുടുക്കിലാക്കുന്നത്. പലവഴിക്ക് രക്ഷപ്പെടാൻ നോക്കിയെങ്കിലും നികേഷിന്റെ ശ്രമൊന്നും ഫലം കണ്ടില്ല. 167/2018 കേസ് നമ്പറായാകും ഇത് തൊടുപുഴ കോടതി പരിഗണിക്കുക.

ഐപിസി പ്രകാരം 120ബി, 406, 465, 467, 468, 341 എന്നീ വകുപ്പുകളാണ് തൊടുപുഴ പൊലീസ് ചുമത്തിയിരിക്കുന്നത്. കേസിൽ അവസാന നിമിഷ ഒത്തുതീർപ്പുൾക്ക് ഇനിയും സാധ്യതയുണ്ട്. അതിലൂടെ മാത്രമേ ശിക്ഷ ഒഴിവാക്കാൻ നികേഷിന് കഴിയൂവെന്നാണ് വിലയിരുത്തൽ. ഇതിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടാൽ നികേഷിനും ഭാര്യയ്ക്കും ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. മലയാള ന്യൂസ് ചാനൽ സംസ്‌കാരത്തിന് പുത്തൻ വഴി തെളിച്ചത് ഇന്ത്യാവിഷനിലൂടെ നികേഷാണ്. തുടർന്നാണ് റിപ്പോർട്ടർ തുടങ്ങിയത്. നികേഷിന്റെ ഭാര്യ റാണി ഏഷ്യാനെറ്റിലൂടെയാണ് മാധ്യമ രംഗത്ത് എത്തിയത്. നികേഷിനൊപ്പം ഇന്ത്യാവിഷനിലും റിപ്പോർട്ടറിലും വാർത്താ അവതരണത്തിൽ മികവ് കാട്ടി. ഇങ്ങനെ കേരളം ഏറെ അംഗീകരിച്ച മാധ്യമ ദമ്പതികൾക്കാണ് ക്രിമിനൽ കേസിൽ പൊലീസ് കുറ്റപത്രം നൽകുന്നത്.

കുറ്റപത്രത്തെ ചോദ്യം ചെയ്ത് ഒരു കോടതിയിലും പോകാൻ നികേഷിന് കഴിയില്ല. കീഴ് കോടതിയിൽ കേസിന് തീർപ്പുണ്ടാക്കണമെന്ന സുപ്രീംകോടതി വിധിയാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ കേസ് ഊരാക്കുടുക്കായി മാറുകയും ചെയ്യും. നേരത്തെ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നികേഷ് നൽകിയ ഹർജി തൊടുപുഴ കോടതി ആദ്യം തള്ളി. പിന്നീട് ഹൈക്കോടതി സിംഗിൾ ബഞ്ചിൽ നിന്ന് കേസിനെതിരെ സ്റ്റേ വാങ്ങി. ഇത് ഡിവിഷൻ ബഞ്ച് തള്ളിയതോടെയാണ് സുപ്രീംകോടതിയിൽ കേസുമായെത്തിയത്. ആദ്യം സ്റ്റേ അനുവദിച്ച കോടതി നികേഷിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളി. ഇത് വെറും സിവിൽ കേസാണെന്നും ക്രിമിനൽ സ്വഭാവം കേസിനില്ലെന്നുമായിരുന്നു നികേഷിന്റെ നിലപാട്. എന്നാൽ സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല. ക്രിമിനൽ കേസ് നിലനിൽക്കുമെന്നും വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കില്ലെന്ന ഉപാധിയോടെ കേസിൽ നികേഷ് ജാമ്യം നേടുകയും ചെയ്തു.

അതിനിടെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച തെളിവുകളടക്കം നികേഷിനെതിരെ മുഖ്യമന്ത്രിക്ക് ലാലിയ ജോസഫ് പരാതി നൽകി. ഇത് സർക്കാർ ഗൗരവത്തോടെ എടുത്തു. ഇതോടെ അട്ടിമറി ശ്രമങ്ങളെല്ലാം പൊളിഞ്ഞു. നികേഷിന്റെ ഭാര്യയും അവതാരകയുമായ റാണി ജോർജ്ജും കേസിൽ പ്രതിയാണ്. അവരും കേസിൽ കുടുങ്ങും. സാക്ഷികൾക്ക അപ്പുറം ബാങ്ക് സ്റ്റേറ്റ്‌മെന്റും മറ്റും കുറ്റപത്രത്തിനൊപ്പം തെളിവായി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിചാരണയിൽ നികേഷിന് പ്രതിരോധം തീർക്കുക ഏറെ പ്രയാസമായിരിക്കും. ഇത് റിപ്പോർട്ടർ ടിവിയേയും പ്രതിസന്ധിയിലേക്ക് എത്തിക്കും. റിപ്പോർട്ടർ ചാനൽ തുടങ്ങാൻ വേണ്ടി ഒന്നരക്കോടി രൂപ ലാലിയ ജോസഫ് പണമായി നൽകിയിരുന്നു. ഇത് കൂടാതെ ഇൻഡോ ഏഷ്യൻ ന്യൂസ് ചാനലിന് ബാങ്ക് വായ്പയെടുക്കുന്നതിന് ലാലിയ ജോസഫ് വസ്തുവകകൾ ഈടുനൽകുകയും, ആ ഈട് ഉപയോഗിച്ച് 10 കോടി രൂപ ചാനൽ ബാങ്ക് വായ്പ എടുക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ചാണ് ചാനലിന്റെ കെട്ടിടം അടക്കം നിർമ്മിച്ചത്.

ലാലിയ ജോസഫ് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ തൊടുപുഴ ഡിവൈഎസ്‌പി പ്രാഥമിക അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായിരുന്നു. ഈ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് എം വിനികേഷ് കുമാറിനെയും ഭാര്യ റാണി വർഗീസിനെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തൊടുപുഴ ഡിവൈഎസ്‌പി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പണം തട്ടിയെടുക്കൽ, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ചാനലിന്റെ മുഖ്യ ഓഹരി ഉടമയാക്കാമെന്നും ഡയറക്ടറാക്കാമെന്നുമാണ് പണം മുടക്കുന്നതിന്റെ പ്രതിഫലമായി ലാലിയയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്.

പരാതിക്കാരിയും നികേഷ് കുമാറും മാത്രമായിരിക്കും ഡയറക്ടർമാർ എന്നാണ് തുടക്കത്തിൽ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് നികേഷ് കുമാറും ഭാര്യയും ചേർന്ന് പരാതിക്കാരി അറിയാതെ കമ്പനിയുടെ ഓഹരി ഘടന മാറ്റുകയും അർഹതപ്പെട്ട ഓഹരി നൽകാതിരിക്കുകയും പിന്നീട്, നൽകിയ ഓഹരി തന്നെ പരാതിക്കാരി അറിയാതെ വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയും ചെയ്തു എന്നായിരുന്നു പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായ വേളയിലാണ് നികേഷ് അഴീക്കോട് മത്സരിക്കാൻ വേണ്ടി ഇറങ്ങിയത്. ഈ വേളയിൽ പൊലീസ് കാര്യമായ നടപടി എടുത്തില്ല. പിന്നീട് തോറ്റതോടെ നികേഷിനെതിരെ അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. ഇതാണ് ഊരാക്കുടുക്കിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. സി പി മാത്യുവും ഭാര്യ ലാലിയ ജോസഫും നൽകിയ 1.5 കോടി രൂപയിൽ നിന്നാണ് ഈ സ്ഥാപനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

തുടക്കത്തിലെ ചെലവുകൾക്ക് ഉള്ളതായിരുന്നു ഈ തുക. ലാലിയയുടെ പേരിലുള്ള നിരവധി സ്വത്തുക്കളുടെ ഈടിന്മേൽ ആണ് പിന്നീട് 12 കോടി രൂപ കൂടി റിപ്പോർട്ടർ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ലോൺ എടുക്കുന്നത്. അത് കൂടാതെ പലപ്പോഴായി കോടികൾ പിന്നെയും ലാലിയ നിക്ഷേപിച്ചിട്ടുണ്ട്. 55 ശതമാനം ഓഹരികൾ സി പി മാത്യുവിനും ലാലിയക്കും കൂടി നൽകാമെന്ന വ്യവസ്ഥയിലാണ് അവർ നിക്ഷേപത്തിന് തയ്യാറായത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്നാൽ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ അത് 27 ശതമാനമായി പിന്നീട് നിജപ്പെടുത്തിയതായും പറയുന്നു. ലാലിയ സി പി ദമ്പതികളുടെ പീരുമേട്ടിലുള്ള 100 ഏക്കർ തോട്ടം തൊടുപുഴ തറവാടും വീടും പറമ്പും തൊടുപുഴ ആറിനു തീരത്തുള്ള 2 ഏക്കർ ടൂറിസം പ്ലോട്ട് തിരുവനന്തപുരത്തെയും എറണാകുളത്തെയും ഫ്ളാറ്റുകൾ എന്നിവ 15 വർഷത്തേക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എറണാകുളം ബാനർജി റോഡ് ശാഖയിൽ പണയപ്പെടുതിയാണ് ഈ പണം സമാഹരിച്ചത്. ഈ നിക്ഷേപങ്ങൾക്കാണ് റിപ്പോർട്ടർ ടിവിയുടെ 27 ശതമാനം ഓഹരി നല്കാൻ കരാർ ഉണ്ടാക്കിയത്.

റിപ്പോർട്ടർ ടിവി പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപ് 2011 ഏപ്രിലിൽ 26 % ഓഹരികൾ ലാലിയ ജോസെഫിനു നൽകി. ഒട്ടേറെ നിക്ഷേപകരെ നികേഷ് ഇതിനിടയിൽ റിപ്പോർട്ടറിലേയ്ക്ക് കൊണ്ടുവന്നിരുന്നു. ഒന്നരക്കോടി രൂപയ്ക്ക് പത്ത് ശതമാനം എന്ന നിലയിൽ ആയിരുന്നു കൊണ്ടുവന്നിരുന്നത്. അസറ്റ് ഹോംസ് ഉടമ ഇതിനിടയിൽ മൂന്ന് കോടി നിക്ഷേപിച്ചു. എന്നാൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അവർ പണം തിരിച്ച് വാങ്ങി ഓഹരി പങ്കാളിത്തം ഒഴിവാക്കുകയായിരുന്നു. ഈ ഇടപാട് തീർക്കാനായി ലണ്ടനിലെ ബിസിനസുകാരനായ ജോബി ജോർജിൽ നിന്നും മൂന്ന് കോടി രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. ഒന്നരക്കോടി നൽകിയപ്പോൾ തന്നെ ജോബിയും നികേഷുമായി പ്രശ്നം ഉണ്ടാവുകയും മറ്റൊരു നിക്ഷേപകനോട് പണം വാങ്ങി ജോബിയെ ഒഴിവാക്കുകയും ആയിരുന്നു.

പിന്നീടാണ് ചിക്കിങ്ങ് ഉടമയായ ദുബായിലെ ബിസിനസുകാരൻ മൻസൂർ 25 ശതമാനം ഓഹരി വാങ്ങി നിക്ഷേപം നടത്തുന്നത്. ആര് നിക്ഷേപിച്ചാലും അവരുടെ തുകയുടെ അത്രയും ശതമാനം നികേഷിന്റെ പേരിലും കൊടുക്കുക എന്തായിരുന്നു രീതി. ഉദാഹരണത്തിന് ഒരാൾ ഒന്നരക്കോടി നിക്ഷേപിച്ച് പത്ത് ശതമാനം ഷെയർ എടുത്താൽ പത്ത് ശതമാനം ഷെയർ നികേഷിനാവും.

രണ്ട് ശതമാനം ഷെയർ ഭാര്യ റാണി ജോർജിന്റെ പേരിൽ ഇട്ട ശേഷമാണ് ഇത് ചെയ്തത്. 52 ശതമാനം തന്റെ പേരിൽ നിലനിൽക്കാൻ ആയിരുന്നു ഈ തന്ത്രം. എന്നാൽ പണം ആവശ്യമുള്ളപ്പോൾ എല്ലാ നിക്ഷേപകരും എത്തിയതോടെ ആദ്യം നിക്ഷേപിച്ചവരുടെ ഉടമസ്ഥാവകാശം കുറഞ്ഞു കുറഞ്ഞുവന്നു. അവിടെയാണ് തർക്കം ആരംഭിക്കുന്നത്. ഇതിന് പിന്നിലെ ഗൂഢാലോചനയാണ് തൊടുപുഴ പൊലീസ് കുറ്റപത്രത്തിൽ വിവരിക്കുന്നത്.