തിരുവനന്തപുരം: ബിനോയി കോടിയേരിക്ക് ദുബായി പൊലീസിന്റെ സൽസൽസ്വഭാവ സർട്ടിഫിക്കറ്റും,ക്ലിയറൻസ് സർട്ടിഫിക്കറ്റും കിട്ടിയതോടെ യുദ്ധം ജയിച്ച മട്ടിലാണ് സിപിഎം സംസ്ഥാന നേതൃത്വം.വെറും വ്യാജവാർത്തയെന്ന് തള്ളി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പ് കൂടി ഇറക്കിയതോടെ കാര്യങ്ങളെല്ലാം ശുഭം. പാർട്ടി സൈബർ സഖാക്കന്മാർ വിമർശകരെ ട്രോളി സംതൃപ്തിയടയുന്ന തിരക്കിലാണ്. എന്നാൽ പാർട്ടി കേന്ദ്ര നേതൃത്വം വാർത്തയിൽ ഉന്നയിച്ച ആരോപണങ്ങളുടെ വിശദീകരണത്തിൽ തൃപ്തരാണോയെന്ന ചോദ്യം ഉയരുന്നു.

ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന ആരോപണവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണനെ സിപിഎം കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നതായ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നേതൃത്വം കോടിയേരിയെ വിളിപ്പിച്ചെങ്കിലും ഒരാഴ്‌ച്ചക്കകം പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

താൻ പാർട്ടി കുടുംബത്തിൽപ്പെട്ട ആളാണെന്നും രാകുൽ കൃഷ്ണ പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.ദുബായിലെ കമ്പനി ഉടമകൾ രാകുൽ കൃഷ്ണയ്ക്കൊപ്പമാണ് ബിനോയ്ക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാൻ എത്തിയത്. എന്നാൽ, കഴിഞ്ഞ ദിവസം ദുബായ് പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ബിനോയ് കോടിയേരി പുറത്തുവിട്ടതോടെ പാർട്ടി ആശ്വാസത്തിലായി.

തന്റെ മകനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന നേതൃത്വത്തോട് വിശദീകരിച്ചിരുന്നു. തിരുവനന്തപുരത്ത് ചേർന്ന പാർട്ടിയുടെ സെക്രട്ടറിയേറ്റ് യോഗത്തിലാണ് കോടിയേരി വിശദീകരണം നൽകിയത്.
ബിനോയ് കോടിയേരിക്കെതിരെ നിലവിൽ കേസില്ല. മകൻ ദുബായിൽ 15 വർഷമായി വിവിധ ബിസിനസുകൾ നടത്തുകയാണ്. നേരത്തെ ബിനോയിക്കതിരെ ദുബായിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. ആ കേസ് കോടതിയിൽ നിയമപരമായി പരിഹരിച്ചതാണ് തുടങ്ങിയ കാര്യങ്ങളാണ് കോടിയേരി പറഞ്ഞത്. രേഖകൾ സഹിതമാണ് പാർട്ടി നേതൃത്വത്തേട് കാര്യങ്ങൾ കോടിയേരി വിശദീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നുംഅദ്ദേഹം പാർട്ടിയെ ധരിപ്പിച്ചു. കോടിയേരിയുടെ വിശദീകരണം പാർട്ടി അംഗീകരിച്ചതോടെയാണ് ബിനോയി കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും വ്യക്തമാക്കിയത്.

ബിനോയ് കോടിയേരിക്കെതിരായ പണമിടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് മുന്നിൽ ഒരുപരാതിയും വന്നിട്ടില്ല. 15 വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന ആളാണ് ബിനോയ് കോടിയേരി. പാർട്ടിക്ക് ചേരാത്ത പ്രവൃത്തി ചെയ്താൽ പാർട്ടി നടപടി സ്വീകരിക്കും. പശ്ചിമബംഗാളിലെ രാജ്യസഭാംഗമായിരുന്ന ഋതബ്രത ബാനർജിക്കെതിരായ നടപടി ഇതിന് ഉദാഹരണമാണ്. മുഖ്യമന്ത്രി പറഞ്ഞു.

2003 മുതൽ ദുബായിൽ ജീവിച്ചു വരുന്ന ബിനോയിക്കെതിരെ മാധ്യമങ്ങൾ ഉയർത്തുന്ന ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റു പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.ബിനോയിക്കെതിരെ സാമ്പത്തിക ഇടപാടിന്റെ പേരിൽ ഒരു കേസും ഇന്ത്യയിലൊരിടത്തും നിലവിൽ ഇല്ല. തന്റെ പേരിൽ ദുബായിലും ഏതെങ്കിലും തരത്തിലുള്ള കേസുകളോ, യാത്രാവിലക്കോ നിലവിൽ ഇല്ലെന്ന് ബിനോയ് തന്നെ വ്യക്തമാക്കിയതാണ്. മറിച്ചാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഒരു മാധ്യമവും ഉദ്ധരിച്ചിട്ടില്ല. ദുബായിൽ നടന്ന സാമ്പത്തിക ഇടപാട് സംബന്ധിച്ച് പരാതികൾ ഉള്ളതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒരു വിദേശരാജ്യത്ത് നടന്നൂവെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടിൽ കേരള സർക്കാരിനോ, കേരളത്തിലെ സിപിഎംനോ യാതൊന്നും ചെയ്യാനില്ലെന്നുമായിരുന്നു വിശദീകരണം.

ബിനോയ് കോടിയേരി ദുബൈയിൽ 13 കോടിയുടെ പണം തട്ടിപ്പ് നടത്തിയെന്ന് പരാതിയുമായി വിദേശ കമ്പനിയാണ് രംഗത്തെത്തിയത്. ദുബൈയിലെ ജാസ് ടൂറിസം എൽ.എൽ.സി എന്ന കമ്പനി ഉടമ യു.എ.ഇ സ്വദേശി ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽമർസൂക്കിയുടേതാണ് സിപിഎം നേതൃത്വത്തിന് നൽകിയ പരാതി.

നേരത്തെ മകന്റെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സിപിഐ.എം നേതാവുമായി ചർച്ചകൾ നടത്തിയിരുന്നെന്നും പണം തിരിച്ച് നൽകാമെന്ന് നേതാവ് ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ലെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. പണം തിരികെ നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു കമ്പനിയുടെ വാദം. ഒരു ഔഡി കാർ വാങ്ങുന്നതിന് 53.61 ലക്ഷം ഈടുവായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 7.7 കോടി രൂപയും നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽ നിന്നു നൽകിയെന്നാണ് ദുബായ് കമ്പനി പറയുന്നത്.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ആ സമയത്ത അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമേ 36.06 ലക്ഷമായിരുന്നെന്നും ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്കെന്നും റിപ്പോർട്ട് പറയുന്നു. തിരിച്ചടവിനത്തിൽ കഴിഞ്ഞ മെയ് 16 നു നൽകിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. നേതാവിന്റെ മകൻ ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുന്നതായാണ് വാർത്തകൾ.