വാഷിങ്ടൻ ഡിസി : ഇന്ത്യയുടെ 72-ാം മത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ വാഷിങ്ടൻ ഡിസി ഇന്ത്യൻ എംബസി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ അംബാസിഡർ തരൺജിത് സിങ് സന്ധു ഇന്ത്യൻ എംബസിക്കു മുമ്പിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനാലാപനവും നടന്നു.

കോവിഡ് 19 മഹാമാരിക്കിടയിലും സ്തുത്യർഹസേവനം അനുഷ്ഠിച്ച എല്ലാവരേയും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിച്ച അംബാസിഡർ ഇന്ത്യ - യുഎസ് ബന്ധം ശക്തമാക്കാൻ കഴിഞ്ഞതിൽ സംതൃപ്തി പ്രകടിപ്പിച്ചു.

യുഎസ് പ്രസിഡന്റ് ബൈഡൻ - വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരുടെ ഭരണകൂടവുമായി ഔട്ടർ സ്പേയ്സ് മുതൽ നാനോ ടെക്നോളജി വരെയുള്ള മേഖലകളിൽ തോളോടു തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും കാലാവസ്ഥാ വ്യതിയാനം, ഹെൽത്ത് കെയർ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും യുഎസ് - ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുമെന്നും അംബാസിഡർ പറഞ്ഞു.

സൻഫ്രാൻസിസ്‌കോ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. ടി. വി. നാഗേന്ദ്ര പ്രസാദ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യ- സാംസ്‌കാരിക- സാമ്പത്തിക മേഖലകളിൽ സൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ വംശജർക്ക് അമേരിക്കക്കാരുമായി സഹകരിച്ചു പ്രവർത്തിക്കുവാൻ കഴിയുന്നത് വലിയ നേട്ടമായി കരുതുന്നുവെന്ന് നാഗേന്ദ്ര അഭിപ്രായപ്പെട്ടു.

വെർച്വൽ ആയി സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ സംസ്ഥാനങ്ങളിൽ നിന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട നിരവധി അംഗങ്ങൾ പങ്കെടുത്തതു ഈ വർഷത്തെ പ്രത്യേകതയായിരുന്നു. കോവിഡ് 19 വാക്സീൻ ഇന്ത്യ മറ്റു പല രാജ്യങ്ങളിലും വിതരണം ചെയ്യുന്നതിന് ഈ സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് പ്രാസംഗീകർ ചൂണ്ടിക്കാട്ടി.