- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പബ്ലിക് ദിന നിശ്ചല ദൃശ്യത്തിൽ എന്താണ് സന്ദേശം എന്ന് വ്യക്തമാക്കാൻ കേരളത്തിന് കഴിഞ്ഞില്ല; രാജ്പഥിന് പറ്റിയ നിറവും ആയിരുന്നില്ല; ഫ്‌ളോട്ട് തള്ളിയതിന് കാരണം രാഷ്ട്രീയമല്ല, ഡിസൈനിന്റെ അപാകത എന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്‌ളോട്ട് തള്ളിയത് വിവാദമായതോടെ കേന്ദ്രസർക്കാർ വിശദീകരണവുമായി രംഗത്തെത്തി. നിശ്ചല ദൃശ്യം തള്ളിയതിന് പിന്നിൽ രാഷ്ട്രീയമല്ല, മറിച്ച് ഡിസൈനിന്റെ അപാകതയാണ് എന്നാണ് വിശദീകരണം. ടൂറിസം@75 എന്ന വിഷയത്തിൽ വ്യക്തമായ ഒരു രൂപരേഖയില്ലാതെയാണ് കേരളം ഫ്‌ളോട്ടിന്റെ മാതൃക സമർപ്പിച്ചത്. ഇതിൽ പിന്നീട് മാറ്റം വരുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും വ്യക്തതയില്ലാതെ വന്നപ്പോഴാണ് മാതൃക അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചതെന്നും കേന്ദ്രം വിശദീകരിക്കുന്നു.
ആദ്യം കേരളം നൽകിയത് മുന്നിലും പിന്നിലും ഒരേ മാതൃകയുള്ള രൂപരേഖയാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. മുന്നിലും പിന്നിലും ജഡായുപ്പാറയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. ആദിശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും പ്രതിമ ഉൾപ്പെടുത്താൻ പിന്നീട് കേരളം ശ്രമിച്ചു. എന്നാൽ എന്താണ് സന്ദേശം എന്ന് വിശദീകരിക്കാൻ കേരളത്തിന് കഴിഞ്ഞില്ല. മാത്രമല്ല, രാജ്പഥിന് പറ്റിയ നിറമായിരുന്നില്ല മാതൃകയ്ക്ക് ഉണ്ടായിരുന്നതെന്നും കേന്ദ്രം പറയുന്നു. കേരളം സമർപ്പിച്ച വിവിധ മാതൃകകളുടെ ചിത്രങ്ങളും കേരളം പുറത്തുവിടുന്നു.
ആദിശങ്കരന്റെ പ്രതിമ ഫ്‌ളോട്ടിൽ ചേർത്തുകൂടേ എന്ന കേന്ദ്രത്തിന്റെ ചോദ്യത്തോട്, ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ചേർക്കാമെന്നാണ് കേരളം മറുപടി നൽകിയത്. ഇതിന് പിന്നാലെ ഫ്‌ളോട്ട് അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നത്.
റിപ്പബ്ലിക് ദിന പരേഡിനുള്ള നിശ്ചലദൃശ്യത്തിന് ജടായുപ്പാറയുടെ സ്‌കെച്ചാണ് കേരളം നൽകിയത്. ടൂറിസമാണ് പ്രധാന വിഷയമായി നൽകിയത്. രണ്ടു ഭാഗങ്ങളായുള്ള നിശ്ചല ദൃശ്യത്തിൽ ആദ്യത്തെ കവാടത്തിന്റെ മാതൃകയാണ് തർക്കത്തിന് ഇടയാക്കിയത്.
ജടായുവിന്റെ മുറിഞ്ഞ ചിറകിന്റെ മാതൃകയാണ് കവാടത്തിന്. സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കാനുള്ള സന്ദേശം കൂടി ഇതിലുണ്ടെന്ന വിശദീകരണവും നൽകി. എന്നാൽ അത്തരമൊരു വിഷയം ഉൾപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സമിതി വ്യക്തമാക്കി.
പകരം ആദ്യ ഭാഗത്ത് ആദി ശങ്കരാചാര്യരുടെ പ്രതിമ ആയിക്കൂടേ എന്നും ചോദിച്ചു. ശ്രീനാരായണ ഗുരുവിനെ ഉൾപ്പെടുത്താം എന്ന് കേരളം പ്രതികരിച്ചു. ആദ്യ സ്‌കെച്ച് മാറ്റി ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ചേർത്ത് മറ്റൊരു മാതൃക കേരളം നൽകി. മുന്നിലെ ട്രാക്ടറിൽ ശിവഗിരിക്കുന്നും ശ്രീനാരായണ ഗുരുവും, പിന്നിലെ ട്രോളിയിൽ ജടായുപ്പാറ. ഇതായിരുന്നു ഒടുവിൽ നൽകിയ മാതൃക. ഇതംഗീകരിക്കാം എന്ന സൂചന സമിതി നൽകിയിരുന്നു.
എന്നാൽ അവസാന പന്ത്രണ്ട് സംസ്ഥാനങ്ങളുടെ പട്ടിക വന്നപ്പോൾ കേരളം ഉണ്ടായിരുന്നില്ല. മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗഢ് എന്നിവയാണ് പട്ടികയിലെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ. കഴിഞ്ഞ വർഷം കയർ വിഷയമാക്കിയുള്ള കേരളത്തിന്റെ നിശ്ചലദൃശ്യം പരേഡിലുണ്ടായിരുന്നു. 2019-ലും 2020-ലും കേരളത്തിന്റെ നിശ്ചലദൃശ്യങ്ങൾ കേന്ദ്രം തള്ളിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ