ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്താൻ ഡൽഹി പൊലീസ് അനുമതി നൽകിയെന്ന് അവകാശപ്പെട്ട് കർഷക സംഘടനകൾ. ഘാസിപുർ, സിംഘു, ടിക്രി അതിർത്തികളിൽനിന്നാകും ട്രാക്ടർ പരേഡുകൾ ആരംഭിക്കുകെയന്നും വിശദാംശങ്ങൾ യോഗത്തിൽ തീരുമാനിക്കുമെന്നും കർഷക സംഘടനാ നേതാവ് അഭിമന്യു കോഹർ പറഞ്ഞു. കർഷക സംഘടനകളും പൊലീസും തമ്മിൽ നടന്ന ചർച്ചയ്ക്കു ശേഷമാണ് അഭിമന്യുവിന്റെ പ്രതികരണം.

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടർ പരേഡ് നടത്താൻ ഡൽഹി പൊലീസ് അനുമതി നൽകിയതായി അഭിമന്യു അവകാശപ്പെട്ടു. അതേസമയം, ആയിരക്കണക്കിന് കർഷകർ ട്രാക്ടർ പരേഡിൽ പങ്കെടുക്കുമെന്ന് മറ്റൊരു കാർഷിക സംഘടനാ നേതാവ് ഗുർനാം സിങ് ചദുനി പറഞ്ഞു. ഡൽഹി അതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ ജനുവരി 26-ന് നീക്കം ചെയ്യപ്പെടുമെന്നും ഡൽഹിയിൽ പ്രവേശിച്ചതിനു ശേഷം കർഷകർ ട്രാക്ടർ റാലികൾ നടത്തുമെന്ന് കാർഷിക സംഘടനാ നേതാവായ ദർശൻ ലാൽ അവകാശപ്പെട്ടു.

ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസുമായി ധാരണയിലെത്തിയെന്നാണ് സംഘടനകൾ വ്യക്തമാക്കിയത്. നേരത്തെ റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ റാലിക്ക് അനുമതി നൽകില്ലെന്ന നിലപാടിലായിരുന്നു പൊലീസ്.

'ചരിത്രപരവും സമാധാനപരവുമായ പരേഡ് ഞങ്ങൾ നടത്തും, അത് റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷാ ക്രമീകരണങ്ങളെയോ ബാധിക്കില്ല,' സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.'കിസാൻ ഗൺതന്ത്ര് പരേഡ' എന്ന പേരിൽ ട്രാക്ടർ റാലി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.റാലി സമാധാനപരമായിരിക്കും. റൂട്ട് മാപ്പ് തീരുമാനിക്കാനായി ഡൽഹി പൊലീസുമായി ചർച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കർഷകർക്ക് ഡൽഹിയിലേക്ക് പ്രവേശിക്കാനായി പൊലീസ് ബാരിക്കേഡുകൾ മാറ്റുമെന്നും യോഗേന്ദ്ര യാദവ് അറിയിച്ചുകഴിഞ്ഞദിവസം കർഷരുമായി നടത്തിയ ചർച്ചയിൽ ഡൽഹിക്ക് പുറത്ത് ട്രാക്ടർ റാലി നടത്താൻ അനുവദിക്കാമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് നിഷേധിച്ച കർഷകർ, ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതിന് പിന്നാലെയാണ് സമവായത്തിനായി പൊലീസ് വീണ്ടും കർഷകരുമായി ചർച്ച നടത്തിയത്.

റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയിൽ ട്രാക്ടർ റാലി നടത്തുമെന്നാണ് സംഘടനകൾ അറിയിക്കുന്നത്. റാലിയുടെ സഞ്ചാര പാത നാളെ തീരുമാനിക്കും. പരേഡിൽ പങ്കെടുക്കുന്ന കർഷകർ അച്ചടക്കം പാലിക്കണമെന്നും കമ്മിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർനം സിങ് ചാദുനി അഭ്യർത്ഥിച്ചു. ഒരു ലക്ഷം ട്രാക്ടറുകൾ അണനിരത്തിയുള്ള റാലിക്കാണ് കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.

കർഷകർ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടർ റാലി ക്രമസമാധാന വിഷയമാണെന്നും ഇക്കാര്യത്തിൽ പൊലീസാണ് തീരുമാനമെടുക്കേണ്ടതെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കർഷകരുടെ ട്രാക്ടർ റാലിയിൽ ഇടപെടില്ലെന്നും പ്രതിഷേധത്തിൽ പൊലീസിന് ഉചിതമായ നടപടി എടുക്കാമെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിലപാട്

റിപ്പബ്ലിക് ദിനത്തിൽ കർണാടകത്തിലും ട്രാക്ടർ റാലി നടത്തുമെന്ന് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. കാർഷിക നിയമങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള കേന്ദ്ര നിർദ്ദേശം കർഷക സംഘടനകൾ തള്ളിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ബെംഗളുരുവിൽ ആയിരക്കണക്കിന് കർഷകരെ പങ്കെടുപ്പിച്ച് റാലി നടത്തുമെന്ന് കർണാടക രാജ്യ റെയ്ത സംഘമാണ് അറിയിച്ചിരിക്കുന്നത്.

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരും കേന്ദ്രസർക്കാരുമായി വെള്ളിയാഴ്ച നടന്ന 11-ാംവട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന നിലപാടിലാണ് കർഷകരുള്ളത്. കർഷക പ്രതിഷേധങ്ങൾക്കെതിരായ പ്രതിഷേധം രേഖപ്പെടുത്താനാണ് തങ്ങൾ ട്രാക്ടർ റാലി സംഘടിപ്പിക്കുന്നതെന്നും റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കർഷകർ നേരത്തെ വ്യക്തമാക്കിയിരുന്നു.