മുംബൈ: ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സിഇഒ വികാസ് ഖഞ്ചന്ദാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.വീട്ടിൽ വച്ചായിരുന്നു അറസ്റ്റ്. ടിആർപി തട്ടിപ്പ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുന്ന പതിമൂന്നാമത്തെ പ്രതിയാണ് വികാസ്.നേരത്തെ വികാസിനെ പൊലീസ് അഞ്ച് ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ഇയാളിൽ നിന്ന് ലഭിച്ചുവെന്നാണ് പൊലീസ് പറയുതന്ന്.റിപ്പബ്ലിക് ടിവി, ബോക്‌സ് സിനിമ,ഫക്ത് മറാത്ത എന്നീ ചാനലുകൾ തട്ടിപ്പിലൂടെ റേറ്റിങ് പെരുപ്പിച്ച് കാണിച്ചെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തൽ.

കേസിൽ പൊലീസ് അന്വേഷണം വിലക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്ക് ടിവി സുപ്രീംകോടതിയിൽ നൽകിയ ഹർജ്ജി കോടതി പരിഗണിച്ചിരുന്നില്ല.മുംബൈ പൊലീസിന് മുന്നിൽ ഹാജരാകാൻ റിപ്പബ്ലിക് ടിവി പ്രതിനിധികൾക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇതിനെ വെല്ലുവിളിച്ച് കൊണ്ടാണ് ചാനൽ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, ഹൈക്കോടതികളിൽ വിശ്വാസമുണ്ടാകണമെന്നും ഹൈക്കോടതി കേൾക്കുന്നതിന് മുൻപേ സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് അനുയോജ്യമല്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേസ് തള്ളിയതിന് പിന്നാലെ ചാനൽ ഹർജി പിൻവലിക്കുകയും ഹൈക്കോടതിയെ സമീപിക്കുമെന്ന് സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു. ഈതിന്റെ തുടർച്ചയായാണ് സിഇഒ വികാസ് കഞ്ചൻധാനി അറസ്റ്റിലാകുന്നത്.ഇതിന് പുറമെ ടിആർപി തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അർണബിന്റെ ഹർജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വികാസിന്റെ അറസ്റ്റ്.

ടി ആർ പി തട്ടിപ്പ് എന്ത് എങ്ങിനെ...

ടി.വി.കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന പ്രതിവാര കണക്കെടുപ്പാണ് ടി.ആർ.പി റേറ്റിങ്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) തയ്യാറാക്കുന്ന ടെലിവിഷൻ റേറ്റിങ് പോയന്റ് അഥവാ ടി.ആർ.പി. ഉപയോഗിച്ചാണ് ഓരോ ടെലിവിഷൻ ചാനലുകളുടെയും പരിപാടികളുടെയും സ്വീകാര്യത അളക്കുന്നത്.രഹസ്യമായി തിരഞ്ഞെടുത്ത ഏതാനും വീടുകളിൽ സ്ഥാപിച്ച ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഏതൊക്കെ പരിപാടികളാണ് പ്രേക്ഷകർ കാണുന്നത് എന്നു കണക്കുകൂട്ടുന്നത്.ബാർകിന് വേണ്ടി റേറ്റിങ് ബോക്സുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഹൻസ റിസേർച്ച് എന്ന കമ്പനിയാണ്.ഹൻസ റിസേർച്ച് കമ്പനിയുടെ പ്രതിനിധിയായ നിതിൻ ദിയോകറാണ് ചില ചാനലുകൾ ബോക്സുകളിൽ കൃത്രിമം നടത്തുന്നുവെന്ന് കാണിച്ച് റിപ്പബ്ലിക് ടിവിക്കെതിരെ പരാതി നൽകിയത്.ഒക്ടോബർ ആറിനാണ് ടിആർപി തട്ടിപ്പ് കേസിൽ മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് തട്ടിപ്പ് നടന്നതായി പൊലീസ് സ്ഥിരീകരിക്കുന്നത്.
ഉപകരണംവെച്ച വീടുകൾ ഏതൊക്കെയെന്ന് മനസ്സിലാക്കി വീട്ടുകാർക്ക് പ്രത്യേക ചാനലുകളും പരിപാടികളും കാണാൻ നിർദ്ദേശം നൽകിയാണ് ടി.ആർ.പി. കണക്കെ
ടുപ്പിൽ തട്ടിപ്പു നടത്തിയത്. കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന മീറ്ററുകൾ സ്ഥാപിച്ചിട്ടുള്ള വീട്ടുകാർക്ക് പണം നൽകി സ്വാധീനിക്കുന്നു എന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തൽ.

ബാർക്കിനുവേണ്ടി മുംബൈയിലെ 2,000 വീടുകളിലാണ് ഹസ്ന റിസർച്ച് ടി.ആർ.പി. നിർണയിക്കുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചത്. ഇതിനു നിയോഗിക്കപ്പെട്ട ജീവനക്കാരിൽ ചിലർ ടെലിവിഷൻ ചാനലുകൾക്കായി കൃത്രിമം കാണിച്ചെന്ന സംശയത്തിലാണ് ഹസ്ന പൊലീസിനെ സമീപിച്ചത്. ഉപകരണം സ്ഥാപിച്ച വീട്ടിൽ ആളില്ലാത്തപ്പോഴും ടെലിവിഷൻ തുറന്നുവെക്കാൻ അവർ ആവശ്യപ്പെട്ടു. ചില വീട്ടുകാർക്ക് അതിന് പ്രതിഫലവും നൽകി. ഇംഗ്ലീഷ് അറിയുന്ന ഒരാളുപോലുമില്ലാത്ത ചില വീട്ടുകാർ പണം കിട്ടുമെന്നതുകൊണ്ട് വീട്ടിൽ ഇംഗ്ലീഷ് ചാനൽ സ്ഥിരമായി വെക്കുന്നതായി അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തി . ടെലിവിഷൻ ചാനലുകൾക്ക് പരസ്യങ്ങൾ കിട്ടുന്നതും പരസ്യനിരക്ക് നിർണയിക്കപ്പെടുന്നതും ടി.ആർ.പി.യുടെകൂടി അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ഇതിൽ കൃത്രിമം കാണിക്കുന്നതിന് ചാനലുകൾ കോടികൾ മുടക്കിയിട്ടുണ്ടെന്നായിരുന്നു പൊലീസിന്റെ സംശയം.പരാതിയിൽ മൂന്ന് ചാനലുകൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. റിപ്പബ്‌ളിക് ടി.വിക്കും ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ രണ്ട് മറാഠി ചാനലുകൾക്കും എതിരെയായിരുന്നു കേസ്.

അന്വേഷണം പുരോഗമിക്കുന്തോറും സമാന രീതിയിൽ തട്ടിപ്പ് കൂടുതൽ പേരുടെ വിവരങ്ങൾ പുറത്ത് വന്നു.ഇന്ത്യ ടുഡെ ടിവിക്ക് നേരെയും സമാനരീതിയിൽ പരാതി ഉയർന്നിരുന്നു. പക്ഷെ തെളിവുകൾ ഇല്ലെന്ന കാരണത്താൽ പൊലീസിന് തുടർനടപടികളിലേക്കെത്താൻ സാധിച്ചില്ല.''ഇന്ത്യാ ടുഡേ ടിവിയുടെ പേര് പരാമർശിക്കുന്നത്, പരാതി പ്രകാരമാണ്. എന്നാൽ അന്വേഷണം മുന്നോട്ടുപോയ ഘട്ടത്തിൽ ബാർകോ, മറ്റ് സാക്ഷികളോ, ആരോപണവിധേയരോ ഇന്ത്യാ ടുഡേ ടിവിയുടെ പേര് പറഞ്ഞിട്ടില്ല. ഇന്ത്യാ ടുഡേയ്ക്ക് എതിരെ ഇതുവരെ തെളിവ് കിട്ടിയിട്ടില്ല. റിപ്പബ്ലിക് ടിവിക്കും മറാത്തി ചാനലുകൾക്കും എതിരെ അന്വേഷണം ഊർജിതമായി മുന്നോട്ടുപോവുകയാണ് എന്നായിരുന്നു അന്വേഷണസംഘത്തിന്റെ മേധാവി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

തട്ടിപ്പിലേക്ക് വാതിൽ തുറന്ന് സുശാന്ത് സിങ്ങിന്റെ ആത്മഹത്യ

സുശാന്തിന്റെ അപ്രതീക്ഷിത മരണം ആരാധകർക്കും സിനിമ പ്രേമികൾക്കും ഒരു ഞെട്ടലാണെങ്കിലും ആ മരണം വഴി തുറന്ന് മൂടിക്കിടന്ന നിരവധി സത്യങ്ങളിലേക്കായിരുന്നു. ലഹരിയുടെ ഭീതിതമായ ലോകത്തെ തുറന്ന് കാ്ട്ടി അന്വേഷത്തിന് വഴിവെച്ചത് പോലെ ടിആർപി റേറ്റിങ്ങിന്റെ തട്ടിപ്പിലേക്കും വഴി തുറന്നത് സുശാന്തിന്റെ ആത്മഹത്യയായിരുന്നു.സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ, മുംബൈ പൊലീസും ചില മാധ്യമങ്ങളും തമ്മിൽ ശീതയുദ്ധം നടക്കുന്നതിനിടെയാണ് പുതിയ വിവാദവും പുറത്തുവന്നത്. നിരവധി വ്യാജവാർത്തകളാണ് സുശാന്തിന്റെ മരണത്തെപ്പറ്റി ചാനലുകളിൽ നിറഞ്ഞത്. ഇത് കേന്ദ്രീകരിച്ച് തുടങ്ങിയ അന്വേഷണമാണ് ടിആർപിയിലേക്ക് എത്തിയത്.സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയതോതിൽ വ്യാജവാർത്തകൾ പ്രചരിച്ച സാഹചര്യത്തിൽ, ഇത് അന്വേഷണത്തെത്തന്നെ ബാധിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചതെന്നായിരുന്നു മുംബൈ പൊലീസ് വ്യക്തമാക്കിയത്. ഈ വിവരങ്ങളെല്ലാം കേന്ദ്രസർക്കാരുമായി പങ്കുവച്ചിരുന്നു. തുടർന്നാണ് മറാഠി ചാനലുകളുടെ ഉടമകളെ അറസ്റ്റ് ഉണ്ടായത്.

ഇവരെ ചോദ്യം ചെയ്തതിലുടെ കുടുതൽ വിവരങ്ങൾ ലഭിക്കുകയും അറസ്റ്റ് ചെയ്തവരിൽ ഒരാളിൽനിന്ന് 20 ലക്ഷം രൂപയും മറ്റൊരാളിൽനിന്ന് 8.5 ലക്ഷം രൂപയും കണ്ടെടുത്തുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് അന്വേഷണം റിപ്പബ്ലിക്ക് ടിവിയിലേക്ക് എത്തിയത്. ഇതിന്റെ പിന്നാലെയാണ് ചാനൽ അധികൃതരെ അറസ്റ്റ് ചെയ്തത്.

 

നിഷേധിച്ച് റിപ്പബ്ലിക്ക് ടിവി.. പക്ഷെ ഭാവി..!

റേറ്റിങ് കൂട്ടുന്നതിനായി ചാനലിന്റെ ടിആർപിയിൽ തട്ടിപ്പ് നടത്തിയതിന്റെ പേരിലാണ് റിപ്പബ്ലിക് ടിവിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ, സുശാന്ത് സിങ് രാജ്പുത്തിന്റെ കേസിൽ ചാനൽ പൊലീസിനെ വിമർശിച്ചതിലുള്ള വൈരാഗ്യം തീർക്കുകയാണ് പൊലീസ് എന്നാണ് റിപ്പബ്ലിക് ടിവി ആരോപിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മുംബൈ പൊലീസിൽ നിന്ന് അന്വേഷണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചാനൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി പരിഗണിക്കാതെ സുപ്രീംകോടതി തള്ളുകയായിരുന്നു. ഒപ്പം കേസ് റദ്ദാക്കണമെന്നും ചാനൽ ആവശ്യപ്പെട്ടു.പക്ഷെ കേസ് റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് ചാനലിന് അനുകൂല നിലപാടല്ല കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. എങ്കിലും കേസിൽ റിപ്പബ്ലിക് ചാനൽ എഡിറ്റർ അർണബിന് സമൻസ് അയയ്ക്കണമെന്നും അതിനുശേഷം മാത്രമേ അദ്ദേഹത്തെ പ്രതി ചേർക്കാവു എന്നും ബോംബെ ഹൈക്കോടതി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിരുന്നു. കേസ് സിബിഐക്ക് കൈമാറമമെന്നാവശ്യപ്പെട്ട് ചാനൽ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ്

അതേസമയം ചാനലിനെതിരെ തട്ടിപ്പ് തെളിഞ്ഞാൽ ചാനലിന്റെ ഭാവി അനിശ്ചിതത്വത്തിലാവും.ടിആർപിയിൽ എന്തെങ്കിലും തട്ടിപ്പ് നടന്നതായി തെളിഞ്ഞാൽ ഈ ചാനലുകളുടെയെല്ലാം ആസ്തി മരവിപ്പിക്കാൻ പോലും കഴിയുമെന്നും മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിങ് വ്യക്തമാക്കിയിരുന്നു.

പുനർചിന്തനത്തിനൊരുങ്ങി ബാർക്

തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ റേറ്റിങ് നിശ്ചയിക്കുന്ന സംവിധാനം ശക്തിപ്പെടുത്താൻ മൂന്ന് മാസത്തേക്ക് കണക്കെടുപ്പ് നിർത്തിവെക്കുന്നതായി റേറ്റിങ് ഏജൻസിയായ ബാർക് വ്യക്തമാക്കി.സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ എട്ടുമുതൽ 12 വരെ ആഴ്ചകൾ എടുക്കുമെന്ന് ഇതുവരെ വാർത്ത ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് നിർത്തിവെക്കുമെന്നും ബാർക് വ്യക്തമാക്കി. ബാർക്കിന്റെ തീരുമാനത്തെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷൻ സ്വാഗതം ചെയ്തിരുന്നു.