- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാഞ്ചസ്റ്ററിൽ റദ്ദാക്കിയ ടെസ്റ്റ് അടുത്തവർഷം കളിക്കാമെന്ന് ബിസിസിഐ; ഏകദിന, ട്വന്റി പരമ്പരയ്ക്ക് ഒപ്പം ഒരു ടെസ്റ്റ് കൂടി ഉൾപ്പെടുത്താം; ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡുമായി നേരിട്ട് ചർച്ച ചെയ്യാൻ സൗരവ് ഗാംഗുലി ഇംഗ്ലണ്ടിലേക്ക്
മാഞ്ചസ്റ്റർ: ഇന്ത്യൻ ടീമിന്റെ സപ്പോർട്ട് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് റദ്ദാക്കിയ മാഞ്ചസ്റ്റർ ക്രിക്കറ്റ് ടെസ്റ്റ് അടുത്തവർഷം കളിക്കാമെന്ന് ബിസിസിഐ. അടുത്തവർഷം ഏകദിന, ട്വന്റി 20 പരമ്പരക്കായി ഇന്ത്യ ഇംഗ്ലണ്ടിലെത്തുമ്പോൾ ഒരു ടെസ്റ്റ് കൂടി പരമ്പരയിൽ ഉൾപ്പെടുത്താമെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന് മുന്നിൽ ബിസിസിഐയുടെ വാഗ്ദാനം.
മാഞ്ചസ്റ്റർ ടെസ്റ്റ് പിന്നീട് കളിക്കുന്നതിനെക്കുറിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡുമായി ചർച്ച ചെയ്യാനായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഈ മാസം 22ന് ഇംഗ്ലണ്ടിലെത്തും. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രതിനിധികളുമായി മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരുമായും ഗാംഗുലി ചർച്ച നടത്തും.
മാഞ്ചസ്റ്ററിൽ വെള്ളിയാഴ്ച തുടങ്ങേണ്ടിയിരുന്ന അവസാന ടെസ്റ്റ് മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് റദ്ദാക്കിയത്. ഇന്ത്യൻ ടീം അസിസ്റ്റന്റ് ഫിസിയോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മാഞ്ചസ്റ്റർ ടെസ്റ്റിൽ കളിക്കാനാകില്ലെന്ന നിലപാടിലേക്ക് ചില മുതിർന്ന താരങ്ങൾ എത്തിയത്. വീണ്ടും കോവിഡ് പരിശോധന നടത്താമെന്നും നെഗറ്റീവെങ്കിൽ ഒന്നോ രണ്ടോ ദിവസം വൈകി മത്സരം തുടങ്ങാമെന്നും ഇരുബോർഡുകളും നിർദ്ദേശിച്ചെങ്കിലും, കുടുംബാംഗങ്ങൾ ഒപ്പമുള്ളതിനാൽ താരങ്ങൾ വഴങ്ങിയില്ല.
ഈ മാസം 19ന് ഐപിഎൽ തുടങ്ങേണ്ടതിനാൽ ടെസ്റ്റ് അനിശ്ചിതമായി നീട്ടാൻ ബിസിസിഐയും മടിച്ചു.ഇന്ത്യൻ താരങ്ങൾ കളിക്കില്ലെന്ന് അറിയിച്ചതായും ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിച്ചതായി കണക്കാക്കുമെന്നും ഉച്ചയ്ക്ക് ഒരു മണിയോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വാർത്താക്കുറിപ്പിറക്കി. പരന്പര 2. - 2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചെന്നായി പ്രചാരണം. എന്നാൽ ബിസിസിഐ ഇടഞ്ഞതോടെ വാർത്താക്കുറിപ്പ് പിൻവലിച്ച ഇസിബി ഇംഗ്ലണ്ട് വിജയികളെന്ന ഭാഗം ഒഴിവാക്കി പുതിയ പ്രസ്താവന ഇറക്കി.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് നിയമപ്രകാരം താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ മത്സരം ഉപേക്ഷിക്കാമെന്നും ഒരു ടീമിനെയും വിജയികളായി കണക്കാക്കേണ്ടതില്ലെന്നും ബിസിസഐ വാദിച്ചു.
അടുത്ത ജൂലൈയിൽ ഏകദിന ട്വന്റി 20 പരമ്പരകൾക്കായി ഇംഗ്ലണ്ടിൽ എത്തുമ്പോൾ ഒരു ടെസ്റ്റ് കളിക്കാമെന്നും, തത്ക്കാലം പരമ്പര 2-1 എന്ന നിലയിൽ മരവിപ്പിച്ച് നിർത്താമെന്നും ബിസിസിഐ നിർദേശിക്കുകയായിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് ഗാംഗുലി 22ന് ഇംഗ്ലണ്ടിലേക്ക് പോകുന്നത്.
ഡിസംബറിൽ ഇംഗ്ലണ്ട് താരങ്ങൾ കോവിഡ് ബാധിതരായപ്പോൾ , ദക്ഷിണാഫ്രിക്കൻ പര്യടനം ഉപേക്ഷിച്ച് ഇംഗ്ലണ്ട് ടീം മടങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കൻ ബോർഡിന് കനത്ത സാമ്പത്തിക നഷ്ടമാണ് അന്ന് നേരിട്ടത്.
സ്പോർട്സ് ഡെസ്ക്