സുമി: യുക്രൈനിൽ റഷ്യ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിക്കുകയും മാനുഷിക ഇടനാഴി തുറക്കുകയും ചെയ്തതോടെ ഇന്ത്യ രക്ഷാദൗത്യം പുനരാരംഭിച്ചു. സുമിയിൽ നിന്നും 694 വിദ്യാർത്ഥികളുമായി ബസുകൾ പോൾട്ടോവയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സുമിയിൽ നിന്നും മധ്യ യുക്രൈൻ നഗരമായ പോൾട്ടോവയിൽ എത്തിക്കുന്ന വിദ്യാർത്ഥികളെ അവിടെ നിന്നും പിന്നീട് മാറ്റും. ഹംഗറിയിലേക്കോ റൊമാനിയയിലേക്കോ പോളണ്ടിലേക്കോ ഈ വിദ്യാർത്ഥികളെ കൊണ്ടു പോകാനാണ് സാധ്യത. ഒഴിപ്പിക്കൽ പൂർത്തിയാക്കിയ ശേഷം വിമാനങ്ങളുടെ കാര്യത്തിൽ വ്യക്തത വരും.

യുദ്ധബാധിത പ്രദേശമായ സുമിയിൽനിന്ന് 694 ഇന്ത്യൻ വിദ്യാർത്ഥികളെയാണ് ഒഴിപ്പിക്കുന്നത്. ഇതിൽ പകുതിയോളം മലയാളികളാണെന്നാണ് സൂചന. വിദ്യാർത്ഥികളെ ബസ്സിൽ പോൾട്ടാവയിലേക്ക് നീക്കിയതായി കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.

ഇന്ന് രാവിലെയാണ് യുക്രൈൻ സുരക്ഷിത പാത പ്രഖ്യാപിച്ചത്. പിന്നാലെ രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു. വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി യുക്രൈനിലെ ഇന്ത്യൻ എംബസിയോ കേന്ദ്രസർക്കാരോ വിവരങ്ങൾ നൽകിയിട്ടില്ല. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് സഞ്ചാരപാത സംബന്ധിച്ച് വിവരങ്ങൾ നൽകാത്തതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസവും വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ സ്റ്റുഡന്റ് ഏജന്റുമാരുമായി ചേർന്ന് ഇന്ത്യൻ എംബസി നീക്കം നടത്തിയിരുന്നു. രണ്ട് ഹോസ്റ്റലുകളിലായി 690 വിദ്യാർത്ഥികളാണ് സുമിയിൽ ഉണ്ടായിരുന്നത് എന്നാണ് ഇന്ത്യൻ എംബസിയുടെ കണക്ക്. ഇന്നലെ മൂന്ന് ബസുകളും മിനിവാനുകളും ഒഴിപ്പിക്കലിനായി അയച്ചെങ്കിലും ഈ വാഹനങ്ങളെ യുക്രൈൻ സൈന്യം തടഞ്ഞു. എന്നാൽ ഇന്നലെ പോൾട്ടോവയിലേക്ക് കൂടുതൽ ബസുകൾ എത്തിയെന്നാണ് വിവരം. ഈ ബസുകളാണ് ഇപ്പോൾ സുമിയിലെത്തി വിദ്യാർത്ഥികളേയും കൊണ്ട് പോൾട്ടോവയിലേക്ക് വരുന്നത്. കുട്ടികളെ പോൾട്ടോവയിലേക്ക് എത്തിക്കാൻ സാധിച്ചാൽ സുമിയിലെ രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.

അതേസമയം കാർകീവിൽ ഇപ്പോഴും വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നുണ്ട്. എന്നാൽ അവിടെ നിന്നും നിരവധി വിദ്യാർത്ഥികൾ നടന്നും വാഹനങ്ങളിലുമായി പോളണ്ട് അതിർത്തികളിലും മറ്റും എത്തുന്നുണ്ട്. ഇന്നലെയും 44 വിദ്യാർത്ഥികൾ ഇങ്ങനെ അതിർത്തി കടന്ന് എത്തിയിരുന്നു. ഇന്ന് അഞ്ച് വിദ്യാർത്ഥികളും സമാനമായ രീതിയിൽ പുറത്തേക്ക് എത്തി.

സുമിയിൽ നിന്നുള്ള ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണെന്ന് യുക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവിടെ രക്ഷാപ്രവർത്തനം ആരംഭിച്ചത്. നിലവിൽ സമാധാനപരമായി ഒഴിപ്പിക്കൽ തുടരുന്നുവെന്നാണ് വിവരം. ഇന്ത്യക്കാരെ കൂടാതെ മറ്റു രാജ്യങ്ങളിലെ വിദ്യാർത്ഥികളേയും മാറ്റുന്നുണ്ട്.

കീവിൽ സംഘർഷാവസ്ഥ ഇപ്പോഴും തുടരുന്നുവെന്നാണ് വിവരം. നഗരത്തിൽ കുടുങ്ങിയവരെ പുറത്തേക്ക് കൊണ്ടു പോകുകയായിരുന്ന ബസിന് നേരെ ഷെല്ലാക്രമണം നടന്നതായി സൂചനയുണ്ട്. അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റതായാണ് വിവരം. 12 മണിക്കൂർ നേരത്തേക്കാണ് ആളുകൾക്ക് പുറത്ത് കടക്കാനായി യുക്രൈനും റഷ്യയും സുരക്ഷിത പാത പ്രഖ്യാപിച്ചത്.

യുക്രൈന്റെ കൂടി സഹകരണത്തോടെയാണ് ഒഴിപ്പിക്കൽ നടക്കുന്നതെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശ വിദ്യാർത്ഥികൾ അടക്കമുള്ള സാധാരണ ജനങ്ങളെ ഒഴിപ്പിക്കുന്നതിന് സുമി മുതൽ പോൾട്ടോവ വരെ ഒരു മാനുഷിക ഇടനാഴി അനുവദിക്കുന്ന കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ട്. വെടിനിർത്തൽ പ്രഖ്യാപനത്തിൽ റഷ്യ ഉറച്ചുനിൽക്കണമെന്നും മനുഷ്യ ജീവൻ അപകടത്തിലാക്കുന്ന നടപടികളിൽനിന്ന് വിട്ടുനിൽക്കണമെന്നും മാനുഷിക സഹായം ലഭ്യമാക്കണമെന്നും റഷ്യയോട് ആവശ്യപ്പെടുകയാണെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

സുമി ഉൾപ്പെടെ യൂക്രൈനിലെ നാലു നഗരങ്ങളിലാണ് റഷ്യ ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ചത്. കീവ്, ചെർണിഹീവ്, മരിയൂപോൾ, സുമി എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ. ഇന്ത്യൻ സമയം 12.30 ന് വെടിനിർത്തൽ നിലവിൽ വന്നുവെന്ന് റഷ്യ അറിയിച്ചു. ഇവിടങ്ങളിൽ സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യ ഇടനാഴി തുറക്കുമെന്ന് യുഎന്നിലെ റഷ്യൻ പ്രതിനിധി വാസിലി നെബൻസ്യ അറിയിച്ചിരുന്നു.

യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചശേഷം, കഴിഞ്ഞ 24 മണിക്കൂറിനിടെ, 1,68,000 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. 5550 പേർ അതിർത്തി കടന്നു. യക്രൈനിൽ നിന്നും വരുന്ന സിവിലിയന്മാർക്ക് തങ്ങൾ താമസസൗകര്യം അടക്കം നൽകുന്നതായും റഷ്യൻ പ്രതിനിധി യുഎന്നിൽ അറിയിച്ചു.