- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുവരെ തുള്ളി വെള്ളം കുടിച്ചില്ല; മലമ്പുഴ ചെറാട് മലയിൽ തിങ്കളാഴ്ച കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ രാത്രിയിലും പരിശ്രമം തുടരുന്നു; ബെംഗളൂരു പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള കമാണ്ടോകൾ മലമ്പുഴയിലേക്ക് പുറപ്പെട്ടു; ചെങ്കുത്തായ മലയിൽ കയർ ഉറപ്പിച്ച് കെട്ടാൻ പറ്റിയ ഇടമില്ലാത്തത് എൻഡിആർഎഫിനെ കുഴയ്ക്കുന്നു; നാട് മുഴുവൻ ബാബുവിന് വേണ്ടിയുള്ള പ്രാർത്ഥനയിൽ
പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ ( ആർ ബാബു-23) രക്ഷപ്പെടുത്താൻ രാത്രിയിലും കഠിന പരിശ്രമം തുടരുന്നു. ബാംഗ്ലൂർ പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള കമാണ്ടോകൾ വ്യോമസേനയുടെ എഎൻ 32 വിമാനത്തിൽ സൂലൂരിലേക്ക് പുറപ്പെട്ടു. 45 മിനിട്ടാണ് ഉദ്ദേശിക്കുന്ന യാത്രാസമയം. അവിടെ നിന്ന് റോഡ് മാർഗം മലമ്പുഴയിലെത്തും. രക്ഷപ്രവർത്തകരുടെ സുഗമമായ സഞ്ചാരത്തിന് വാളയാർ മുതൽ മലമ്പുഴ വരെയുള്ള റോഡിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ പൊലീസിന് നിർദ്ദേശം നൽകി.
ആറ് എൻഡിആർഎഫ് അംഗങ്ങളും വനം വകുപ്പ്, അഗ്‌നിരക്ഷാ സേന അംഗങ്ങളും വഴികാട്ടികളും ഉൾപ്പെടുന്ന സംഘം രാത്രി മലയുടെ മുകളിൽ ക്യംപ് ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനാവശ്യമായ കയറും മറ്റു സാമഗ്രികളും അടക്കമാണ് ഇവർ മല കയറിയത്. ഇവർക്കുള്ള ഭക്ഷണവും വെള്ളവുമായി ആദിവാസികൾ ഉൾപ്പെടുന്ന മറ്റൊരു സംഘവും മല കയറിയിട്ടുണ്ട്. ഇവരും രാത്രി മലമുകളിൽ തമ്പടിക്കും.
കയർ കെട്ടി രക്ഷാപ്രവർത്തനം നടത്താനുള്ള സാധ്യതയാണ് എൻഡിആർഎഫ് നോക്കുന്നത്. കയർ ബലമായി ഉറപ്പിച്ചു കെട്ടാനോ വലിച്ചു പിടിക്കാനോ പറ്റിയ ഇടം മലമുകളിൽ ഇല്ലാത്തതും ബാബു ഇരിക്കുന്ന അത്രയും താഴേക്ക് എത്തുന്ന നീളമുള്ള കയർ ഇല്ലാത്തതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അങ്ങനെ വന്നാൽ സാഹചര്യം കൈകാര്യം ചെയ്യാൻ പർവതാരോഹണത്തിൽ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ള സൈനികരെ എത്തിക്കുന്നുണ്ട്.
കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനത്തിന്റെ സാധ്യതയും ബുധനാഴ്ച രാവിലെ പരിഗണിക്കും. പർവതാരോഹകരെ സ്ഥലത്ത് എത്തിക്കാനും സാധ്യതയുണ്ട്. പർവതാരോഹകരുടെ സഹായത്തോടെ ബാബുവിനെ മലമുകളിലേക്കു കയർ വഴി ഉയർത്തി അവിടെ നിന്നു ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം നടത്താനാണു കൂടുതൽ സാധ്യത.
മലയിൽ കുടുങ്ങിയിട്ടു രണ്ടു രാത്രിയും ഒരു പകലും കഴിഞ്ഞിട്ടും ബാബുവിനു വെള്ളമോ ഭക്ഷണമോ എത്തിക്കാനായിട്ടില്ല. രാത്രിയിലെ തണുപ്പും പകൽ പാറയിൽ നിന്നുള്ള ചൂടും മുഴുവൻ ഏറ്റത് ബാബുവിന്റെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടോയെന്നു വ്യക്തമല്ല.
മകന് വേണ്ടി പ്രാർത്ഥനയോടെ അമ്മ
മതിയായ സുരക്ഷാമുൻകരുതൽ സ്വീകരിക്കാതെ മകൻ സാഹസിക യാത്ര നടത്തിയത് തെറ്റായിപ്പോയെങ്കിലും മകന് വേണ്ടി പ്രാർത്ഥിക്കണമെന്ന് ബാബുവിന്റെ മാതാവ് പ്രതികരിച്ചു. രക്ഷാപ്രവർത്തകർ ആത്ഥാർഥമായി പ്രവർത്തിക്കുന്നുണ്ട്. അവനെ രക്ഷപ്പെടുത്താൻ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മകന് വേണ്ടി പ്രാർത്ഥിക്കണം. മകന് വേണ്ടിയും രക്ഷാപ്രവർത്തകർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നുവെന്നും മാതാവ് പറഞ്ഞു.
സംഭവം തിങ്കളാഴ്ച ഉച്ചയോടെ
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേർന്നാണ് മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാൽ കുട്ടികൾ രണ്ടുപേരും പകുതിയെത്തിയപ്പോൾ തിരികെ പോയി. ബാബു മലമുകളിലേയ്ക്ക് പോയി. മലയുടെ മുകളിൽനിന്ന് കാൽ തെന്നിവീണ ബാബു പാറക്കെട്ടിനിടയിൽ കുടുങ്ങുകയായിരുന്നു.
താഴെയുള്ളവരെ ബാബു ഫോണിൽ വിവരമറിയിച്ചു. ചിലർ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നേരം ഇരുട്ടിത്തുടങ്ങിയതോടെ അവർ തിരിച്ചുപോന്നു. അപ്പോൾ ബാബു തന്നെ അപകടത്തിൽപ്പെട്ട വിവരം തന്റെ ഫോണിൽനിന്ന് അഗ്‌നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു. സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.
മൊബൈൽ റെയ്ഞ്ച് ഇല്ലാത്തതും വെളിച്ചക്കുറവും പ്രതിസന്ധിയാണ്.
രാത്രിയോടെ ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടർന്നെങ്കിലും ദുർഘടമായതിനാൽ ബാബുവിനെ രക്ഷിക്കാനായില്ല. മലയുടെ കീഴിൽ ബാബുവിന്റെ കുടുംബാംഗങ്ങളും പൊലീസും നാട്ടുകാരും കാത്തുനിൽക്കുകയാണ്.
ഇന്ന് രാവിലെ വീണ്ടും രക്ഷാപ്രവർത്തകർ മലയിലേക്ക് പോയെങ്കിലും ബാബുവിന്റെ അടുത്തേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. കാലുകളിൽ മുറിവും പേശീവേദനയുമായി യുവാവ് ഇപ്പോഴും മലയിടുക്കിൽ കഴിയുകയാണ്. പ്രദേശത്ത് വന്യ മൃഗശല്യവും രൂക്ഷമാണ്. ചെറാട് നിന്നു ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്നു വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിനും മുൻപും മല കയറുന്നതിനിടെ കാൽ വഴുതി വീണ് ബാബുവിന് പരുക്കേറ്റിരുന്നു.
ഉച്ച വരെ മലയുടെ ഒരു ഭാഗത്ത് നിന്നുള്ള ആളുകൾക്ക് ബാബുവിനെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. വസ്ത്രം വീശികാണിച്ച് ആളുകൾക്ക് സിഗ്‌നൽ കൊടുത്തിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ