- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവേഷക വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അദ്ധ്യാപകർക്കെതിരെ പരാതിയുമായി കുടുംബം; ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചു; നിരന്തരം മാനസികമായി പീഡിപ്പിച്ചത് ആത്മഹത്യയ്ക്ക കാരണമായെന്ന് സഹോദരി; ജീവനൊടുക്കിയത് എംടെക് സ്വർണമെഡലോടെ വിജയിച്ച വിദ്യാർത്ഥിനി
പാലക്കാട്: പയ്യലൂർ സ്വദേശിനിയായ എൻജിനീയറിങ് ഗവേഷക വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അദ്ധ്യാപകർക്കെതിരെ പരാതിയുമായി കുടുംബം. വിമുക്ത ഭടൻ കൃഷ്ണൻകുട്ടിയുടെ മകൾ കൃഷ്ണകുമാരിയെ ആണു ശനിയാഴ്ച രാത്രി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 33 വയസായിരുന്നു.
ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കൃഷ്ണ കുമാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൊയമ്പത്തൂരിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളേജിൽ കഴിഞ്ഞ അഞ്ച് വർഷമായി ഗവേഷണം നടത്തി വരികയായിരുന്നു ഇവർ. ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് സഹോദരി രാധിക പറയുന്നു. ഗൈഡ് നിരന്തരം കൃഷ്ണകുമാരിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
20 വർഷം കഴിഞ്ഞാലും ഗവേഷണം പൂർത്തിയാക്കില്ലെന്ന തരത്തിൽ ഗൈഡ് സമ്മർദത്തിലാക്കിയിരുന്നെന്നാണ് വിവരം. എംടെക് സ്വർണമെഡലോടെ വിജയിച്ച കൃഷ്ണകുമാരി ഇൻസ്പെയർ അവാർഡ് ജേതാവ് കൂടിയാണ്.
മെറിറ്റിൽ കിട്ടിയ സ്കോളർഷിപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവേഷക വിദ്യാർത്ഥിയായി ചേർന്നത്. അഞ്ച് വർഷമായി ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഗവേഷണം നടത്തിവരികയായിരുന്നു. ഗൈഡായി ഡോക്ടർ എൻ. രാധികയാണ് പ്രവർത്തിച്ചിരുന്നതെന്നും ഇവർ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
കോളേജിൽ ഇക്കഴിഞ്ഞ ദിവസം വീണ്ടും എത്തിയെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് പ്രബന്ധം നിരസിക്കുകയായിരുന്നുവെന്നും ഇതിൽ കൃഷ്ണകുമാരിക്ക് മാനസികവിഷമമുണ്ടായിരുന്നുവെന്നും സഹോദരി മാധ്യമങ്ങളോട് വെളിപ്പെടുത്തി. മാനസിക പീഡനം സഹിക്കാവുന്നതിലുമപ്പുറമായപ്പോഴാണ് ആത്മഹത്യയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
അതേസമയം, കൃഷ്ണകുമാരിയുമായി നല്ല ബന്ധമാണുണ്ടായിരുന്നതെന്നും പ്രബന്ധത്തിൽ ചില തിരുത്തലുകൾ വരുത്തണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ഗൈഡ് ഡോ. എൻ. രാധിക പ്രതികരിച്ചു. 2016ൽ ഗവേഷക വിദ്യാർത്ഥിനിയായി ചേർന്ന സമയത്ത് സിന്ധു തമ്പാട്ടി എന്നൊരു വ്യക്തിയായിരുന്നു ഗൈഡ്. പിന്നീടാണ് എൻ. രാധിക ഈ സഥാനത്തേക്ക് എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ