തിരുവനന്തപുരം: കേരളത്തിൽ സ്ഥിരതാമസമാക്കിയ ഇതര സംസ്ഥാനക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്കു കേന്ദ്ര വ്യവസ്ഥ അനുസരിച്ച് 10% സാമ്പത്തിക സംവരണാനുകൂല്യം ലഭ്യമാക്കുമ്പോൾ സർക്കാർ പ്രതീക്ഷ ഹാട്രിക് ഭരണത്തിൽ. കേരളത്തിലെ ഇതരസംസ്ഥാനക്കാരുടെ വോട്ടുകൾ മുഴുവൻ ഭാവിയിൽ ഇടതുപക്ഷത്തിന് അനുകൂലമാക്കാനുള്ള തന്ത്രമാണ് ഇതിന് പിന്നിൽ. ഓരോ നിയമസഭാ മണ്ഡലത്തിലും ആയിരക്കണക്കിന് അന്യസംസംസ്ഥാന കുടുംബങ്ങളുണ്ട്.

സമീപകാലത്ത് എത്തിയവർ, വർഷങ്ങളായി ഇവിടെ താമസിക്കുന്നവർ, ജോലിക്കായി താമസിക്കുന്നവരും മടങ്ങാൻ സാധ്യതയുള്ളവരും എന്നിങ്ങനെ തിരിച്ചാണ് പിന്നാക്ക, പട്ടിക വിഭാഗക്കാരായ ഇതര സംസ്ഥാനക്കാർക്ക് ഇപ്പോൾ ആനുകൂല്യങ്ങൾ നൽകുന്നത്. നിലവിലെ വ്യവസ്ഥ പ്രകാരം അതിഥിത്തൊഴിലാളികളെ സാമ്പത്തിക-പിന്നാക്ക വിഭാഗ സംവരണത്തിനു പരിഗണിക്കാൻ സാധിക്കില്ല. ഇതിന് മാറ്റം വരുത്താനാണ് സർക്കാരിന്റെ ഇടപെടൽ. ഇത് ഇടതുപക്ഷത്തിന്റെ ജനസ്വാധീനത്തിലും പ്രതിഫലിക്കുമെന്നാണ് ഇടതു പക്ഷത്തിന്റെ കണക്കുകൂട്ടൽ.

കേരളത്തിൽ സ്ഥിരതാമസമാക്കിയ ഇതര സംസ്ഥാനക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്കു കേന്ദ്ര വ്യവസ്ഥ അനുസരിച്ച് 10% സാമ്പത്തിക സംവരണാനുകൂല്യം ലഭിക്കുന്നതിനു സർട്ടിഫിക്കറ്റ് (ഇഡബ്ല്യുഎസ്) നൽകാൻ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു. നിലവിൽ പിന്നോക്കക്കാർക്ക് സംവരണം നൽകുന്നുണ്ട്. ഇത് ജാതി അടിസ്ഥാനത്തിലാണ്. മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കം നിൽക്കുന്നവർക്ക് നിലവിൽ ഇതരസംസ്ഥാനത്തുള്ളവരാണെങ്കിൽ അത് ലഭ്യമല്ല. ഈ സാഹചര്യത്തിൽ കേരളത്തിൽ സ്ഥിര താമസമാക്കിയ എല്ലാവർക്കും സംവരണം ഉറപ്പാക്കാനാണ് നീക്കം.

സംസ്ഥാനത്ത് നിലവിലിരിക്കുന്ന തൊഴിൽ സംവരണത്തെ ബാധിക്കാത്ത വിധത്തിൽ വിദ്യാഭ്യാസ, തൊഴിൽ ആനുകൂല്യങ്ങൾ ഇവർക്കു ലഭ്യമാക്കാനായി കരട് നിർദ്ദേശം പരിഷ്‌കരിച്ചു സമർപ്പിക്കാൻ തൊഴിൽ, നിയമ വകുപ്പുകളെ ചുമതലപ്പെടുത്തി. ഭരണഘടനാ ഭേദഗതിയിലൂടെയാണ് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10% സംവരണം നൽകാൻ 2019ൽ കേന്ദ്രം തീരുമാനിച്ചത്. ഓരോ സംസ്ഥാനത്തും ഇത് എങ്ങനെ നടപ്പാക്കണമെന്നു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്നും വിശദീകരിച്ചു.

കേരളത്തിൽ ജസ്റ്റിസ് കെ.ശശിധരൻ നായർ കമ്മിഷൻ നിർദ്ദേശം അനുസരിച്ച് 4 ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനം ഉള്ളവർക്കാണ് ആനുകൂല്യം നൽകുന്നത്. പിന്നോക്കക്കാർക്ക് നേരത്തെ സംവരണാനുകൂലം നൽകിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നു കുടിയേറിയ എല്ലാവർക്കും ഇപ്പോൾ സംവരണാനുകൂല്യങ്ങൾ ഇല്ല. എന്നാൽ ഇവർക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാൻ 2019ൽ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാനക്കാരായ പിന്നാക്ക, പട്ടിക വിഭാഗക്കാർക്ക് ആനുകൂല്യങ്ങൾ നൽകി വരുന്നു. ഇതേ മാതൃകയിലാണ് സ്ഥിര താമസക്കാരും ഇതര സംസ്ഥാനക്കാരുമായ മുന്നാക്കക്കാർക്കു പ്രത്യേക മേഖലകളിൽ സാമ്പത്തിക സംവരണ ആനുകൂല്യങ്ങൾ അനുവദിക്കുക.

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിഷനോട് ഇതു സംബന്ധിച്ചു സർക്കാർ അഭിപ്രായം തേടിയിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് കരട് ശുപാർശ തയാറാക്കിയത്. തൊഴിൽ, നിയമ വകുപ്പുകളുടെ ശുപാർശ ലഭിച്ചാൽ മന്ത്രിസഭ ഇതിന് അന്തിമ അംഗീകാരം നൽകും.