- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
റിസർവ് ബാങ്കിന്റെ മൂലധനത്തിൽ കൈവെക്കുന്നത് അപകടകരം; ലോകത്താകമാനം സാമ്പത്തീക മാന്ദ്യം ഉണ്ടായപ്പോഴും ഇന്ത്യയിലെ ബാങ്കുകളെ പിടിച്ചു നിർത്തിയത് ആർബിഐയുടെ ശക്തമായ ഇടപെടൽ; ആർബിഐയുടെ കയ്യിലെ മൂലധനം എടുത്ത് ചെലവഴിച്ചാൽ അത് വെള്ളത്തിൽ വരച്ച വരപോലെയാകും: ജിതിൻ ജേക്കബ് എഴുതുന്നു
ലളിതമായി പറഞ്ഞു തുടങ്ങാം ;- എന്റെ വരുമാനത്തേക്കാൾ കൂടുതൽ ആണ് ചെലവ്. അപ്പോൾ ഞാൻ എന്ത് ചെയ്യും? ഒന്നെങ്കിൽ ചെലവ് കുറച്ച് വരുമാനത്തിന് അനുസരിച്ച് ജീവിക്കും അല്ലെങ്കിൽ കടം വാങ്ങും. പക്ഷെ കടം വാങ്ങുന്നതിന് പരിധി വെച്ചില്ലെങ്കിലോ? കാണുന്നിടത്തുനിന്നെല്ലാം കടം വാങ്ങിച്ചാൽ അത് തിരിച്ചു കൊടുക്കാൻ സാധിച്ചെന്നു വരില്ല. അപ്പോൾ പിന്നെ എന്തെങ്കിലും ആവശ്യത്തിന് പിന്നീട് ആരെങ്കിലും കടം തരുമോ? അതുതന്നെയുമല്ല ഞാൻ സാമ്പത്തീകമായി തകർന്നു നിൽക്കുക ആണെന്നും, സാമ്പത്തീക അച്ചടക്കം പാലിക്കാത്തവനാണെന്നും എല്ലാവരും അറിയുകയും ചെയ്യും. അപ്പോൾ ഞാൻ എന്ത് ചെയ്യണം? തിരികെ കൊടുക്കാൻ പറ്റുന്ന തുക മാത്രം കടമായി വാങ്ങുക. എന്റെ ആസ്തിയുടെ ഇത്ര ശതമാനമേ ഞാൻ കടം വാങ്ങൂ എന്ന് തീരുമാനം എടുക്കുകയും അത് പിന്തുടരുകയും ചെയ്യുക. സർക്കാരുകളും ഇതേ നയമാണ് പിന്തുടരുന്നത്. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ബജറ്റ് പോലും വരവിനേക്കാൾ കൂടുതൽ ചെലവ് കാണിച്ചുകൊണ്ടായിരുന്നു. കർശനമായ സാമ്പത്തീക അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായി വാജ്‌പേയി സർക്കാർ The Fis
ലളിതമായി പറഞ്ഞു തുടങ്ങാം ;-
എന്റെ വരുമാനത്തേക്കാൾ കൂടുതൽ ആണ് ചെലവ്. അപ്പോൾ ഞാൻ എന്ത് ചെയ്യും?
ഒന്നെങ്കിൽ ചെലവ് കുറച്ച് വരുമാനത്തിന് അനുസരിച്ച് ജീവിക്കും അല്ലെങ്കിൽ കടം വാങ്ങും. പക്ഷെ കടം വാങ്ങുന്നതിന് പരിധി വെച്ചില്ലെങ്കിലോ? കാണുന്നിടത്തുനിന്നെല്ലാം കടം വാങ്ങിച്ചാൽ അത് തിരിച്ചു കൊടുക്കാൻ സാധിച്ചെന്നു വരില്ല. അപ്പോൾ പിന്നെ എന്തെങ്കിലും ആവശ്യത്തിന് പിന്നീട് ആരെങ്കിലും കടം തരുമോ? അതുതന്നെയുമല്ല ഞാൻ സാമ്പത്തീകമായി തകർന്നു നിൽക്കുക ആണെന്നും, സാമ്പത്തീക അച്ചടക്കം പാലിക്കാത്തവനാണെന്നും എല്ലാവരും അറിയുകയും ചെയ്യും.
അപ്പോൾ ഞാൻ എന്ത് ചെയ്യണം? തിരികെ കൊടുക്കാൻ പറ്റുന്ന തുക മാത്രം കടമായി വാങ്ങുക. എന്റെ ആസ്തിയുടെ ഇത്ര ശതമാനമേ ഞാൻ കടം വാങ്ങൂ എന്ന് തീരുമാനം എടുക്കുകയും അത് പിന്തുടരുകയും ചെയ്യുക.
സർക്കാരുകളും ഇതേ നയമാണ് പിന്തുടരുന്നത്. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ബജറ്റ് പോലും വരവിനേക്കാൾ കൂടുതൽ ചെലവ് കാണിച്ചുകൊണ്ടായിരുന്നു. കർശനമായ സാമ്പത്തീക അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായി വാജ്‌പേയി സർക്കാർ The Fiscal Responsibility and Budget Management Act, 2003 (FRBMA) പാസ്സാക്കുകയും ചെയ്തു. പല കാരണങ്ങൾ കൊണ്ടും ആ നിയമം കൃത്യമായി പിന്തുടർന്നിട്ടില്ല എന്നത് വേറെ കാര്യം.
നരേന്ദ്ര മോദി സർക്കാർ The Fiscal Responsibility and Budget Management Act കർശനമായി പിന്തുടരാൻ 2016 ൽ N K സിങ് കമ്മിറ്റിയെ നിയോഗിച്ചു. ആ കമ്മിറ്റിയുടെ ശുപാർശ പ്രകാരം രാജ്യത്തിന്റെ കടമെടുപ്പ് മൊത്തം ഉൽപ്പാദനത്തിന്റെ (ജിഡിപി) യുടെ 3% ത്തിൽ കൂടരുത് എന്നതാണ്.
അങ്ങനെ കൂടിയാൽ എന്ത് സംഭവിക്കും എന്ന് വീണ്ടും പറയേണ്ടതില്ലല്ലോ. കടം വാങ്ങികൂട്ടിയാൽ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തീക ശേഷിയെ സംശയത്തോടെ മറ്റ് രാജ്യങ്ങൾ നോക്കികാണും. ആഗോള ബാങ്കുകളും റേറ്റിങ് ഏജൻസികളും നമ്മുടെ റേറ്റിങ് താഴ്‌ത്തും. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ ഇടിവുണ്ടാകും. നമ്മുടെ രാജ്യം വാങ്ങുന്ന വായ്‌പ്പകൾക്ക് കൂടുതൽ പലിശ നൽകേണ്ടി വരും. അങ്ങനെ പല പല പ്രശ്‌നങ്ങൾ രാജ്യത്തിന്റെ സാമ്പത്തീക രംഗം നേരിടേണ്ടിവരും.
RBIയോട് 3.60 ലക്ഷം കോടി രൂപ സർക്കാർ ചോദിച്ചത് രാജ്യം കടുത്ത സാമ്പത്തീക പ്രതിസന്ധിയിലൂടെ പോകുന്നതുകൊണ്ടാണെന്നും, ഇന്ത്യ സാമ്പത്തീകമായി തകർച്ചയിലാണെന്നുമൊക്കെയാണ് ഇപ്പോൾ പ്രചാരണം. സർക്കാരിന്റെ മൂലധനം കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് RBI. സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനം. ഇപ്പോഴത്തെ കണക്കു അനുസരിച്ചു RBIയുടെ ക്യാപിറ്റൽ അല്ലെങ്കിൽ മൂലധനം എന്നത് ഏതാണ്ട് 9.59 ലക്ഷം കോടി രൂപയാണ്.
കേന്ദ്രസർക്കാർ പറയുന്നത് RBI ക്ക് ഇത്രയും ഉയർന്ന മൂലധനത്തിന്റെ ആവശ്യം ഇല്ല എന്നതാണ്. മുൻ സാമ്പത്തീക ഉപദേഷ്ട്ടാവ് അരവിന്ദ് സുബ്രമണ്യവും ഇതുതന്നെയാണ് പറയുന്നത്. അമേരിക്ക, ഇംഗ്ലണ്ട് മുതലായ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളുടെ മൂലധനം എന്നത് ആകെ ആസ്തിയുടെ (Asset) 14% മാത്രമാണ്, അതേസമയം RBI യുടേത് 24% ഉം ആണ്. RBI യുടെ ആകെ ആസ്തിയുടെ 76.82% ഉം വിദേശ കറൻസിയും സ്വർണ്ണവുമാണ് എന്നും ഓർക്കുക.
അപ്പോൾ പിന്നെ കേന്ദ്ര സർക്കാർ പറയുന്നത് ന്യായമല്ലേ എന്ന ചോദ്യം ഉയരാം. അതിനു മുമ്പ് ഇപ്പോൾ കേന്ദ്രസർക്കാർ എന്തിനാണ് ഈ തുക ആവശ്യപ്പെടുന്നത് എന്ന് കൂടി നോക്കണം.
ഇപ്പോൾ ഇന്ത്യക്ക് സാമ്പത്തീക പ്രതിസന്ധി ഉണ്ടോ? ഇന്ത്യയുടെ ആഗോള റേറ്റിങ് ഏതെങ്കിലും ആഗോള ധനകാര്യ ഏജൻസി കുറയ്ക്കുകയോ മറ്റോ ചെയ്‌തോ? ഇന്ത്യയുടെ സാമ്പത്തീക വളർച്ച പുറകിലാണോ? വിലക്കയറ്റം രൂക്ഷമാണോ? ഇതിനെല്ലാം ഉത്തരം അല്ല എന്നാണ്.
സാമ്പത്തീക രംഗത്ത് ഉണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങൾ പോലും ആദ്യം ബാധിക്കുക സ്റ്റോക്ക് മാർക്കറ്റുകളെ ആണ്. ഇന്ത്യയുടെ സ്റ്റോക്ക് മാർക്കറ്റുകൾ നല്ല നിലയിൽ തന്നെ പ്രവർത്തിക്കുന്നു. പിന്നെ എന്തിനാണ് ഈ തുക?
പ്രധാനമായും പറഞ്ഞുകേൾക്കുന്നത് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മൂലധനമായി കൊടുക്കാനാണ് എന്നതാണ്. അതിൽത്തന്നെ പ്രധാനം ദേശസാൽകൃത ബാങ്കുകളാണ്. ബേസൽ Norms പ്രകാരം 2019 മാർച്ചിൽ ഇന്ത്യയുടെ ബാങ്കുകളുടെ മൂലധനത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിരിക്കണം എന്നതാണ്. പക്ഷെ അതിന് വേണ്ട തുക ചില്ലറയല്ല. എയർ ഇന്ത്യ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളും കടുത്ത സാമ്പത്തീക ബാധ്യതയിലാണ്. ഇതുപോലുള്ള സ്ഥാപങ്ങൾക്കു വേണ്ടിയാണ് സർക്കാർ പ്രധാനമായും RBI യുടെ മൂലധനം ആവശ്യപ്പെടുന്നത്.
കർഷക വായ്‌പ്പ എഴുതിത്ത്ത്തള്ളൽ, വിളകൾക്ക് ഉയർന്ന താങ്ങുവില കൊടുക്കുക, പെട്രോളിനും ഡീസലിനും നികുതി കുറച്ചതിന്റെ നഷ്ട്ടം നികത്തുക തുടങ്ങിയവയും സർക്കാരിന്റെ മുൻഗണനാ പട്ടികയിലുണ്ട്.
പുറമെ നിന്ന് നോക്കുമ്പോൾ സർക്കാരിന്റെ നീക്കം നല്ലതായി തോന്നുമെങ്കിലും ഇതിൽ വലിയ അപകടം പതിയിരിപ്പുണ്ട്. ഒന്നാമതായി പൊതുമേഖലാ ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും നഷ്ടത്തിലാണ്. പ്രവർത്തന ശൈലി മാറ്റാതെ നികുതിപ്പണം കൊടുത്ത് മാത്രം ഇവയെ കരകയറ്റാനാകില്ല. ബാങ്കുകൾക്ക് കിട്ടാക്കടത്തിന്റെ പ്രശ്‌നങ്ങൾ ഉണ്ട്. ഇപ്പോൾ കേന്ദ്രം ഇത്രയും വലിയ തുക പൊതുമേഖലാ സ്ഥാപനങ്ങൾക്കു മൂലധനമായി കൊടുത്താൽ അത് വെള്ളത്തിൽ വരച്ച വര പോലെയേ ആകൂ. വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ വേറെ മാർഗങ്ങൾ തേടണം.
ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ചട്ടങ്ങൾ അനുസരിച്ചാണ് ഇപ്പോഴും പല പൊതുമേഖലാ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. സമരവും കൊടിപിടുത്തവും, കെടുകാര്യസ്ഥതയും, പ്രൊഫഷണലിസം ഇല്ലാത്തതും ഒക്കെയാണ് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെ ഈ ഗതിയിലാക്കിയത്. സർക്കാറിന്റെ പണം ഇനിയും അതിനുവേണ്ടി ചെലവഴിച്ചു നശിപ്പിക്കരുത്.
RBI രാജ്യത്തിന്റെ സാമ്പത്തീക അടിത്തറ ആണ്. ലോകത്ത് ആകമാനം സാമ്പത്തീക മാന്ദ്യം ഉണ്ടായപ്പോഴും ഇന്ത്യയിലെ ബാങ്കുകൾ പിടിച്ചു നിന്നത് RBI യുടെ ശക്തമായ ഇടപെടൽ ഉണ്ടായതുകൊണ്ടാണ്. അപ്പോൾ RBI എപ്പോഴും ശക്തമായി തന്നെ നിലകൊള്ളണം.
കഴിഞ്ഞ വർഷം പ്രവർത്തന ലാഭമായി RBI സർക്കാരിന് കൊടുത്ത് 50000 കോടി രൂപയാണ്. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം അടക്കമുള്ള പ്രശ്‌നങ്ങൾ നേരിടുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ RBI യെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടത്. കുറെ വർഷങ്ങളായി ഓരോ വർഷം കിട്ടുന്ന ലാഭം മുഴുവൻ RBI സർക്കാരിന് കൈമാറുകയാണ്. അവരുടെ മൂലധന നിക്ഷേപത്തിലേക്ക് കരുതൽ വെക്കുന്നുമില്ല.
അമേരിക്ക പോലുള്ള രാജ്യങ്ങളെ പോലെയല്ല ഇന്ത്യയുടെ സാമ്പത്തീക രംഗം. അത് തന്നെയുമല്ല നമ്മുടെ രാജ്യം കയറ്റുമതിയെക്കാൾ കൂടുതൽ ഇറക്കുമതി ഉള്ള രാജ്യമാണ്. ഒരു യുദ്ധം വന്നാൽ പോലും ആഗോളമാർക്കെറ്റിൽ പെട്രോൾ വില കുതിക്കും, നമ്മുക്ക് ഇപ്പോഴത്തെ വിലക്ക് പെട്രോൾ കിട്ടില്ല. രാജ്യത്തിന് വേണ്ട പെട്രോളിയം ഉൽപ്പന്നങ്ങളുടെ 81% ഉം നമ്മൾ ഇറക്കുമതി ചെയ്യുകയാണ് എന്നോർക്കണം. പെട്രോൾ മാത്രമല്ല, സ്വർണം, വ്യാവസായിക ഉല്പന്നങ്ങൾക്കുവേണ്ട അസംസ്‌കൃത പദാർത്ഥങ്ങൾ തുടങ്ങി പലതും നമ്മൾ ഇറക്കുമതി ചെയ്യുകയാണ്.
പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രൊഫെഷണൽ ആയിട്ടുള്ള ആളുകളെ നിയമിക്കണം. ജീവനക്കാരുടെ സമീപനങ്ങളിൽ മാറ്റം വരണം. കാലാകാലങ്ങളായി മാറത്ത സേവന നിരക്കുകൾ മാറ്റണം.
ഉദാഹരണത്തിന് പോസ്റ്റ് ഓഫീസുകൾ വഴി നമ്മുടെ മാധ്യമ സ്ഥാപനങ്ങൾ ലക്ഷക്കണക്കിന് മാസികകളാണ് അയക്കുന്നത്. ഇതിനു ഈടാക്കുന്ന തുകയോ? തുച്ഛം ! വെറും 50 പൈസ നിരക്കിൽ പോലും പോസ്റ്റ് ഓഫീസുകൾ വഴി കുങ്കുമവും, മലർവാടിയും, ബാലരമയും, മനോരമയുമൊക്കെ അയക്കുന്നു. പോസ്റ്റ് ഓഫീസുകൾ നഷ്ടത്തിൽ പോകുന്നതിന്റെ ഏറ്റവും ലളിതമായ ഒരു കാര്യം ഇതാണ്. നിരക്കുകൾ കാലാനുസൃതമായി മാറ്റില്ല. മാധ്യമ മുതലാളിമാരെ പിണക്കാൻ സർക്കാരുകൾക്ക് മടി.
ആഗോള സാമ്പത്തീക രംഗത്ത് ഉണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും ഇന്ത്യയുടെ സാമ്പത്തീക രംഗത്തെ ബാധിക്കും. അതുകൊണ്ട് കൂടുതൽ മുൻകരുതൽ എടുക്കുക തന്നെ വേണം. ഇന്ത്യയ്ക്ക് നിലവിൽ സാമ്പത്തീക പ്രതിസന്ധിയോ മറ്റോ ഉണ്ടായിരുന്നെകിൽ കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെ പിന്തുണക്കമായിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെ ഒരു അവസ്ഥ രാജ്യത്ത് ഇല്ല. ബാങ്കുകളെയും മറ്റു പൊതുമേഖലാ സ്ഥാപങ്ങളുടെയും മൂലധനം കൂട്ടാൻ സർക്കാർ കയ്യിലുള്ള ഷെയർ മാർക്കറ്റിൽ വിൽക്കുകയോ മറ്റോ ചെയ്യുന്നതാകും ഉചിതം.
അതല്ലാതെ RBI യുടെ കയ്യിലെ മൂലധനം എടുത്ത് ചെലവഴിച്ചാൽ അത് വെള്ളത്തിൽ വരച്ച വരപോലെയാകും എന്ന് തീർച്ച.
ഇത് മറുനാടൻ മലയാളിയുടെ അഭിപ്രായമല്ല. ജിതിൻ ജേക്കബ് എന്ന വ്യക്തി ഫേസ്‌ബുക്കിൽ കുറിച്ച ലേഖനം.