കൊച്ചി: മുന്നേറ്റത്തിന്റെ പാതയിലേക്ക് മെല്ലെ ചുവടുവച്ച് നീങ്ങുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പലിശഭാരം കൂട്ടി നോവിക്കാൻ റിവർവ് ബാങ്ക് മുതിർന്നേക്കില്ലെന്ന് പ്രതീക്ഷ. എന്നാൽ പ്രതീക്ഷകൾക്കു അനുസൃതമായ ഇളവുകൾക്ക് സാഹചര്യം ആയിട്ടില്ലെന്നാണ് യാഥാർത്ഥ്യം. ഭക്ഷ്യ വിലപ്പെരുപ്പം ജൂണിൽ 9.56 ശതമാനത്തിൽ നിന്ന് 7.97 ശതമാനത്തിലേക്ക് താഴ്‌ന്നെങ്കിലും ഭീഷണി നിലനിൽക്കുകയാണെന്ന് റിസർവ് ബാങ്ക് തന്നെ സൂചിപ്പിച്ചിരുന്നു. മൺസൂൺ പൊതുവേ ദുർബലമായതിനാൽ ഭക്ഷ്യ വിലപ്പെരുപ്പം ഉയർന്നേക്കുമെന്ന് കരുതപ്പെടുന്നു. ഇറാക്ക്, ലിബിയ എന്നിവിടങ്ങളിലെ രാഷ്ട്രീയ അസ്ഥിരാവസ്ഥ എണ്ണവില വർദ്ധിക്കാനുള്ള സാദ്ധ്യതകളും ശക്തമാക്കുന്നു എന്നിരിക്കേ, മുഖ്യ പലിശ നിരക്കുകൾ ഉയർത്താൻ റിസർവ് ബാങ്ക് മുതിർന്നേക്കില്ലെന്ന് സാമ്പത്തിക ലോകം വിലയിരുത്തുന്നു. അവസാനം പുറത്തുവന്ന കണക്കുകൾ (ജൂൺ) അനുസരിച്ച്, മൊത്തവില അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 5.43 ശതമാനമാണ്.

മേയിലെ 6.01 ശതമാനത്തിൽ നിന്നാണ് ജൂണിൽ നാണയപ്പെരുപ്പം താഴ്ന്നത്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ജൂണിൽ 8.28 ശതമാനത്തിൽ നിന്ന് 7.31 ശതമാനത്തിലേക്കും താഴ്ന്നിരുന്നു. എന്നാൽ, നാണയപ്പെരുപ്പ ഭീഷണി ഇപ്പോഴും ഒഴിഞ്ഞിട്ടില്ലെന്നാണ് റിവർവ് ബാങ്കിന്റെ വിലയിരുത്തൽ. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ നാണയപ്പെരുപ്പ കണക്കുകൾ കൂടി നോക്കിയ ശേഷമേ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ സാദ്ധ്യതയുള്ളൂ എന്ന് സാമ്പത്തിക ലോകം കരുതുന്നു. അതിനാൽ, നാളത്തെ യോഗത്തിൽ റിസർവ് ബാങ്ക് പലിശ നിരക്കുകൾ നിലനിറുത്താനാണ് സാദ്ധ്യത.