മെൽബൺ: റിസർവ് ബാങ്ക് പലിശ നിരക്ക് റെക്കോർഡ് താഴ്ചയിലെത്തി. പതിനേഴ് മാസമായി 2.5 ശതമാനം നിരക്കിൽ തുടർന്നു വന്നിരുന്ന പലിശ നിരക്ക് 2.25 ശതമാനം ആയി കുറയ്ക്കാൻ ഇന്നു ചേർന്ന യോഗം തീരുമാനിക്കുകയായിരുന്നു. പലിശ നിരക്ക് 2.25 ശതമാനം ആയതോടെ ഹോം ലോൺ നിരക്കുകളിൽ വൻ ഇളവാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

തികച്ചും അപ്രതീക്ഷിതമായാണ് റിസർവ് ബാങ്ക് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചത്. നിരക്ക് 2.5 ശതമാനത്തിൽ തന്നെ തുടരുമെന്ന് മിക്ക സാമ്പത്തിക വിദഗ്ധരും പ്രവചിച്ചിരുന്നെങ്കിലും പലിശ നിരക്കിൽ വീണ്ടും ഇളവു നൽകാൻ ആർബിഎ തീരുമാനിക്കുകയായിരുന്നു. ഓസ്‌ട്രേലിയൻ ഡോളർ വില കുറഞ്ഞു നിൽക്കുന്ന അവസരത്തിൽ പലിശ നിരക്കിൽ ഇനിയും ഇളവു പ്രഖ്യാപിക്കുകയില്ലെന്ന ധാരണയിലായിരുന്നു സാമ്പത്തിക വിദഗ്ദ്ധർ.

പതിനേഴു മാസം നീണ്ട കാലയളവിനൊടുവിലാണ് പലിശ നിരക്കിൽ ഇളവു പ്രഖ്യാപിക്കുന്നത്. 2013 ഓഗസ്റ്റിനു ശേഷം പലിശ 2.5 ശതമാനമായി മാസങ്ങളോളം നിലനിൽക്കുകയായിരുന്നു. 1990-കളുടെ മധ്യത്തിൽ 18 മാസത്തോളം പലിശ നിരക്ക് വർധിക്കാതെ തുടർന്നതാണ് ഇതിനു മുമ്പ് പലിശ നിരക്ക് വ്യത്യാസമില്ലാതെ തുടർന്ന ദൈർഘ്യമേറിയ കാലയളവ്.

റിസർവ് ബാങ്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. റിസർവ് ബാങ്ക് സ്വതന്ത്ര ബോഡിയാകുകയും നാണ്യപ്പെരുപ്പം ലക്ഷ്യമിടാൻ തുടങ്ങിയ നാൾ മുതലുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. റിസർവ് ബാങ്ക് മണിട്ടറി മീറ്റിങ് കൂടിച്ചേരുന്നതിനു മുമ്പു തന്നെ പലിശനിരക്കിൽ വ്യതിയാനം വരുത്തുന്നതിനെക്കുറിച്ച് ഒട്ടേറെ ചർച്ചകളാണ് നിലനിന്നിരുന്നത്. ബ്ലൂംബർഗിന്റെ 29 സാമ്പത്തിക വിദഗ്ധരിൽ ഏഴു പേർ മാത്രമാണ് ഇന്നത്തെ നിരക്ക് കുറയ്ക്കൽ സാധ്യതയെക്കുറിച്ച് പ്രവചിച്ചിരുന്നത്.

യുഎസ് ഡോളറിനെതിരേ ഓസ്‌ട്രേലിയൻ ഡോളറിന്റെ വില 76.65 സെന്റായി ഇടിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ വീണ്ടുമൊരു പലിശ ഇളവിനെക്കുറിച്ച് വിപണിയിലുള്ളവർ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം പലിശ ഇളവ് ഹോം ലോണുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനുള്ള അവസരമാണെന്ന് പ്രോപ്പർട്ടി അനലിസ്റ്റ് ടിം ലോലെസ് പറയുന്നു. സ്റ്റാൻഡേർഡ് വേരിയബിൾ മോർട്ട്‌ഗേജ് നിരക്ക് 5.7 ശതമാനമായും ശരാശരി ലോൺ നിരക്കുകൾ 4.85 ശതമാനമായും കുറഞ്ഞിട്ടുണ്ടെന്നാണ് ടിം ലോലെസ് വ്യക്തമാക്കുന്നത്. 1968-നു ശേഷം ഹോം ലോണുകളിൽ വന്നിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നാണ് പറയുന്നത്.

കുറഞ്ഞ മോർട്ട്‌ഗേജ് നിരക്കുകൾ ഹൗസിങ് വിപണിക്ക് കരുത്തു നൽകാൻ പ്രാപ്തമാണ്. അതേസമയം ഓസ്‌ട്രേലിയയിൽ പലിശ നിരക്ക് കുറയുമ്പോൾ മറിച്ചാണ് കണ്ടുവരുന്നതെന്നും ടിം വ്യക്തമാക്കുന്നു. 2011 നവംബറിൽ പലിശ നിരക്കിൽ ഇടിവു സംഭവിക്കാൻ തുടങ്ങിയപ്പോൾ മുതൽ വീടു വിപണി ശക്തമാകേണ്ടതിനു പകരം പിന്നേയും ഹൗസിങ് മാർക്കറ്റ് ദുർബലമാകുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൺസ്യൂമർ ആത്മവിശ്വാസക്കുറവ്, മോർട്ട്‌ഗേജ് ലഭ്യമാകാനുള്ള ബുദ്ധിമുട്ട്, കുറഞ്ഞ വാടക തുടങ്ങിയവയെല്ലാം തന്നെ ഹൗസിങ് മാർക്കറ്റിനെ പിന്നോട്ടു വലിക്കുന്ന ഘടകങ്ങളാണ്.

അതേസമയം പല വിദേശ കറൻസികൾക്കും എതിരേ ഓസ്‌ട്രേലിയൻ ഡോളറിന്റെ വിലയിടിഞ്ഞു നിൽക്കുന്നതു തന്നെയാണ് പലിശ നിരക്ക് കുറയ്ക്കാൻ കാരണമാക്കിയതെന്ന് റിസർവ് ബാങ്ക് ഗവർണർ ഗ്ലെൻ സ്റ്റീവൻസ് വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയൻ സമ്പദ് രംഗം ദുർബലപ്പെടുക, തൊഴിലില്ലായ്മ നിരക്ക് വർധിക്കുക, കമോദിറ്റി വിലകൾ താഴുക തുടങ്ങിയ സാഹചര്യങ്ങൾ നിലനിൽക്കവേ പലിശ നിരക്കിൽ ഇളവു വരുത്തുന്നതാണ് അഭികാമ്യം എന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് നിരക്ക് താഴ്‌ത്തിയതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.