മെൽബൺ: ഏറെ പ്രതീക്ഷകൾക്കിടെ നാളെ റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ യോഗം ചേരുന്നു. ചരിത്രത്തിലെ ഏറ്റവും കുറവ് നിരക്കിലേക്കിലേക്ക് ആർബിഎ പലിശ താഴ്‌ത്തുമോയെന്ന് ആശങ്കയോടെ നോക്കുകയാണ് രാജ്യം. സിഡ്‌നി ഹൗസിങ് മാർക്കറ്റിൽ അനുഭവപ്പെടുന്ന ഉയർച്ചയും ഇരുമ്പയിരിന്റെ വിലയിടിഞ്ഞതും പലിശ നിരക്ക് ഇനിയും കുറയ്ക്കാൻ സഹായകമാകുന്ന ഘടകങ്ങളാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

സാമ്പത്തിക മേഖലയിലുള്ള 78 ശതമാനം പേരും വിശ്വസിക്കുന്നത് നാളത്തെ മീറ്റിംഗിൽ പലിശ നിരക്ക് വെട്ടിക്കുറയ്ക്കുമെന്നു തന്നെയാണ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ രണ്ടുശതമാനത്തിലേക്ക് പലിശ നിരക്ക് താഴ്‌ത്തുമെന്നാണ് ഇക്കൂട്ടർ വിശ്വസിക്കുന്നത്. ഫെബ്രുവരിയിലെ യോഗത്തിലും പലിശ നിരക്കിൽ 0.25 ശതമാനം വെട്ടിക്കുറച്ചത് സാമ്പത്തിക വിദഗ്ധരെ ഒട്ടൊന്നുമല്ല അമ്പരപ്പിച്ചത്. തീരെ അപ്രതീക്ഷിതമായിരുന്നു ആ സമയത്ത് ആർബിഎയുടെ ഭാഗത്തു നിന്നുണ്ടായത്. തുടർന്നാണ് നിലവിലുള്ള സാമ്പത്തിക സാഹചര്യത്തിൽ ഇനിയും പലിശ നിരക്കിൽ ഇളവ് ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിക്കുന്നത്.

സിഡ്‌നിയിലെ ഹൗസിങ് മാർക്കറ്റിൽ അനുഭവപ്പെടുന്ന വൻ ഉയർച്ചയാണ് പലിശ നിരക്കിൽ വെട്ടിച്ചുരുക്കൽ വരുത്തുമെന്ന് കരുതുന്ന ഒരു ഘടകം. മാർച്ചിൽ തന്നെ മൂന്നു ശതമാനത്തോളമാണ് ഇവിടെ പ്രോപ്പർട്ടി വിലയിൽ വർധനയുണ്ടായത്. ഒരു വർഷത്തിനിടെ 14 ശതമാനത്തോളവും. കൂടാതെ ഇരുമ്പയിരിന്റെ വിലയിൽ വന്നിരിക്കുന്ന വൻ ഇടിവും ഓസ്‌ട്രേലിയൻ ഡോളർ വിലയിലുണ്ടായിരിക്കുന്ന തകർച്ചയും റിസർവ് ബാങ്കിന്റെ പലിശ നിരക്കിൽ കുറവു വരുത്താൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

ഇരുമ്പയിരിന്റെ വിലയിൽ ഉണ്ടായിരിക്കുന്ന ഇടിവ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ്. 46.70 യുഎസ് ഡോളറിലേക്ക് ഇരുമ്പയിരിന്റെ വില കൂപ്പുകുത്തി. കഴിഞ്ഞ വർഷം 120 യുഎസ് ഡോളറായിരുന്നു ഇരുമ്പയിരിന്റെ വില. രാജ്യത്തിന്റെ പ്രധാന സമ്പദ് സ്രോതസായ മൈനിങ് മേഖലയെ പിടിച്ചുയർത്താൻ റിസർവ് ബാങ്കിന് പലിശ നിരക്കിൽ കുറവ് വരുത്തേണ്ടത് അത്യാവശ്യമാണെന്നാണ് വിലയിരുത്തൽ.