മെൽബൺ: രാജ്യത്തെ സമ്പദ് ഘടന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പലിശ നിരക്ക് രണ്ടു ശതമാനത്തിൽ തന്നെ നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പ്രസ്താവന ഇറക്കി. ആവശ്യമെങ്കിൽ ഇനിയും നിരക്ക് വെട്ടിച്ചുരുക്കുമെന്നും മെയ്‌ മുതൽ തുടരുന്ന ചരിത്രത്തിലെ താഴ്ന്ന നിരക്ക് മൂലം സമ്പദ് ഘടന മെച്ചപ്പെട്ടിട്ടുണ്ടെന്നും ആർബിഎ വിലയിരുത്തി. ആർബിഎയുടെ പ്രഖ്യാപനത്തെ തുടർന്ന് ഓസ്‌ട്രേലിയൻ ഡോളറിന്റെ വിലയിൽ വർധനയുണ്ടായിട്ടുണ്ട്. ആർബിഎയുടെ പ്രസ്താവനയെത്തുടർന്ന് 72 യുഎസ് സെന്റ് എന്നതായി ഓസ്‌ട്രേലിയൻ ഡോളർ വില ഉയർന്നിരുന്നു.

മാസങ്ങളായി തുടരുന്ന താഴ്ന്ന പലിശ നിരക്ക് മൂലം സമ്പദ് ഘടന ശക്തിപ്രാപിച്ചിട്ടുണ്ടെന്നും ഈ തീരുമാനം ഉചിതമായിരുന്നുവെന്നുമാണ് ആർബിഎ മണിട്ടറി യോഗം വിലയിരുത്തിയത്. സമ്പദ് ഘടന മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇനിയും വേണമെങ്കിൽ പലിശ നിരക്കിൽ വെട്ടിച്ചുരുക്കലുകൾ നടത്തുമെന്നും ഗവർണർ പ്രഖ്യാപിച്ചു. നാണ്യപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴെയായതാണ് പലിശ നിരക്കിൽ വേണമെങ്കിൽ ഇനിയും കുറവു വരുത്താൻ സാധിക്കുമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിക്കാൻ കാരണമായത്. കഴിഞ്ഞാഴ്ച പുറത്തു വിട്ട സെപ്റ്റംബർ പാദ കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് പ്രകാരം നാണ്യപ്പെരുപ്പം 1.5 ശതമാനമായിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ കാര്യമായ ചലനമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പലിശ നിരക്കിൽ മാറ്റം വരുത്തുമോയെന്ന സംശയം സാമ്പത്തിക വിദഗ്ധരുടെ ഇടയിൽ ശക്തമായിരുന്നു. നേരിയ തോതിൽ സമ്പദ് ഘടന മെച്ചപ്പെട്ടതും തൊഴിലില്ലായ്മ നിരക്കിൽ സ്ഥിരത വന്നതും കുറഞ്ഞ നാണ്യപ്പെരുപ്പവുമെല്ലാം ഒരുപക്ഷേ പലിശ നിരക്ക് വർധിപ്പിച്ചേക്കാൻ ഇടയാക്കുമെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ ആശങ്കപ്പെട്ടിരുന്നു. കൂടാതെ രാജ്യത്തെ ചില ഒന്നാം കിട ബാങ്കുകൾ മോർട്ട്‌ഗേജ് നിരക്ക് വർധിപ്പിച്ചതും ആശങ്ക കൂട്ടുന്ന സംഗതിയായിരുന്നു.

വെസ്റ്റ്പാക്, എഎൻസെഡ്, കോമൺവെൽത്ത് ബാങ്ക്, എൻഎബി തുടങ്ങിയവ 15 മുതൽ 20 പോയിന്റു വരെ നിരക്ക് വർധിപ്പിച്ചിരുന്നു. എന്നാൽ ബാങ്കുകളുടെ ഈ നീക്കം റിസർവ് ബാങ്കിനെ ഏറെ ബാധിക്കാത്തതാണ് നിരക്ക് അതേ രീതിയിൽ തുടരാൻ പ്രേരിപ്പിച്ചത്.
പലിശ നിരക്ക് ഇത്രയും കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ നിക്ഷേപസാഹചര്യം കൂടുതലായി ഒരുക്കാനും തൊഴിൽ മേഖല ശക്തിപ്പെടുത്താനുമുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ട്രഷറർ സ്‌കോട്ട് മോറിസൺ പ്രസ്താവിച്ചു.