മെൽബൺ: പലിശ നിരക്കിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിക്കുമെന്നുള്ള പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് റിസർവ് ബാങ്ക് പലിശ നിരക്ക് 2.25 ശതമാനത്തിൽ തന്നെ നിലനിർത്തി. ഇനി അടുത്ത കാലത്തൊന്നും നിരക്കിൽ ഇളവുകൾ പ്രഖ്യാപിക്കില്ലെന്ന് അസന്നിദ്ധമായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയുടെ മണിട്ടറി പോളിസി സമ്മേളനം.

ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു 2.5 ശതമാനമായിരുന്ന പലിശ നിരക്ക് 2.25 ശതമാനത്തിലേക്ക് കഴിഞ്ഞ മാസം വെട്ടിച്ചുരുക്കിയത്. ഓസ്‌ട്രേലിയൻ ഡോളർ വിലയിടിവും സമ്പദ് ഘടന ചുരുങ്ങിയതുമെല്ലാം കണക്കിലെടുത്താണ് പലിശ നിരക്കിൽ ആർബിഎ ഇളവു പ്രഖ്യാപിച്ചത്. ഇതിന്റെ പിന്തുടർച്ചയെന്നോണം വീണ്ടും നിരക്ക് ഇളവ് കാണുമെന്ന് വിപണിയും ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നിലവിലുള്ള സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പലിശ നിരക്കിൽ ഇളവുകൾ വേണ്ട എന്ന് ആർബിഎ തീരുമാനിക്കുകയായിരുന്നു.

ആർബിഎയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ നിലവിലുള്ള താഴ്ന്ന നിരക്ക് നിലനിർത്താൻ തന്നെയായിരുന്നു ബോർഡ് തീരുമാനിച്ചതെന്ന് ഗവർണർ ഗ്ലെൻ സ്റ്റീവൻസ് വ്യക്തമാക്കി. പലിശ നിരക്കിൽ ഇനിയൊരു വെട്ടിച്ചുരുക്കൽ ആവശ്യമാണെന്നുണ്ടെങ്കിൽ അത് അടുത്ത സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും ഗവർണർ പ്രസ്താവനയിൽ അറിയിച്ചു.

ഗവർണറുടെ ഈ പ്രസ്താവന വീണ്ടും സാമ്പത്തിക വിദഗ്ധരിൽ പ്രതീക്ഷയുളവാക്കിയിരിക്കുകയാണ്. മാർച്ച് സമ്മേളനത്തിൽ ഇനിയും നിരക്ക് ഇളവ് ഉണ്ടാകുമെന്ന് പല സാമ്പത്തിക വിദഗ്ധരും കരുതിയിരുന്നതാണ്. എന്നാൽ അതുണ്ടായില്ലെങ്കിലും ഇനിയുള്ള സമ്മേളനങ്ങളിൽ പലിശയിളവ് ഉണ്ടാകുമെന്നു തന്നെയാണ് ഇവർ കരുതുന്നത്. മേയിൽ ചേരുന്ന ആർബിഎ സമ്മേളനത്തിൽ തീർച്ചയായും നിരക്ക് ഇളവ് ഉണ്ടാകുമെന്നു തന്നെയാണ് സെന്റ് ജോർജ് ബാങ്ക് സീനിയർ ഇക്കണോമിസ്റ്റ് ഹാൻസ് കുനെൻ പറയുന്നത്.
റിസർവ് ബാങ്ക് നിരക്കിൽ ഇളവു വരുത്തിയില്ലെങ്കിലും ഓസ്‌ട്രേലിയൻ ഡോളർ അതിന്റെ അടിസ്ഥാന നിരക്കിൽ നിന്ന് അല്പം ഉയർന്നാണ് ട്രേഡിങ് നടത്തിയത്. 0.5 ശതമാനം ഉയർന്ന് 78 യുഎസ് സെന്റായിരുന്നു ഓസ്‌ട്രേലിയൻ ഡോളർ വില.