മെൽബൺ: പ്രതീക്ഷകൾ അസ്ഥാനത്താക്കിക്കൊണ്ട് പലിശ നിരക്ക് 2.25 ശതമാനത്തിൽ തന്നെ നിലനിർത്തിക്കൊണ്ട് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പ്രസ്താവനയിറക്കി. ഇന്നു ചേരുന്ന റിസർവ് ബാങ്ക് യോഗത്തിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ രണ്ടു ശതമാനത്തിലേക്ക് പലിശ നിരക്ക് താഴ്‌ത്തുമെന്ന പ്രതീക്ഷയിലായിരുന്നു സാമ്പത്തിക വിദഗ്ദ്ധർ. അതേസമയം പലിശ നിരക്കിൽ മാറ്റം വരുത്താത്തതിനെ തുടർന്ന് ഓസ്‌ട്രേലിയൻ ഡോളർ വില മെച്ചപ്പെട്ടു.

ഫെബ്രുവരിയിൽ 2.25 ശതമാനത്തിലേക്ക് നിരക്ക് താഴ്‌ത്തിയതിനു പിന്നാലെ രാജ്യത്തെ സമ്പദ് സ്ഥിതി പരിഗണിച്ച് വീണ്ടു നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. സാമ്പത്തിക മേഖലയിലുള്ള 78 ശതമാനം പേരും വിശ്വസിച്ചിരുന്നത് പലിശ നിരക്ക് താഴ്‌ത്തുമെന്നു തന്നെയാണ്. എന്നാൽ നിലവിൽ പലിശ നിരക്ക് കുറയ്‌ക്കേണ്ട സാഹചര്യമില്ലെന്നും നിരക്ക് താഴ്‌ത്തിയതു കൊണ്ട് പ്രത്യേകിച്ച് മെച്ചമൊന്നുമുണ്ടാകുന്നില്ലെന്നും ഗവർണർ ഗ്ലെൻ സ്റ്റീവൻസ് പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം വരും മാസങ്ങളിൽ ചേരുന്ന യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഗവർണർ സൂചിപ്പിച്ചിട്ടുണ്ട്. നിലവിൽ സമ്പദ് രംഗം ശക്തിപ്രാപിക്കാൻ ഇപ്പോഴത്തെ പലിശ നിരക്ക് തന്നെ മതിയാകുമെന്നും നാണ്യപ്പെരുപ്പത്തെ നിയന്ത്രിക്കാനും നിലവിലുള്ള സാഹചര്യം പര്യാപ്തമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ആർബിഎ പ്രസ്താവന പുറത്തായതിനെ തുടർന്ന് 76.05 യുഎസ് സെന്റിൽ നിന്നിരുന്ന ഓസ്‌ട്രേലിയൻ ഡോളർ വില മെച്ചപ്പെട്ട് 76.77 യുഎസ് സെന്റിലേക്ക് എത്തി. ഗവർണറുടെ പ്രസ്താവന ഷെയർ മാർക്കറ്റിലും പ്രതിഫലിച്ചിരുന്നു.

ഏപ്രിലിൽ ചേരുന്ന റിസർവ് ബാങ്ക് യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്നായിരുന്നു മിക്കവരുടേയും കണക്കുകൂട്ടൽ. രണ്ടു മാസമായി തുടരുന്ന നിരക്ക് 0.25 പോയിന്റ് കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്കു വിരുദ്ധമായാണ് റിസർവ് ബാങ്ക് പ്രവർത്തിച്ചത്. ബ്ലൂംബർഗ് നടത്തിയ സർവേയിൽ 30 ശതമാനത്തിൽ താഴെ മാത്രം ആളുകളാണ് പലിശ നിരക്ക് 2.25 ശതമാനത്തിൽ തന്നെ തുടരുമെന്ന് പ്രവചിച്ചിരുന്നത്. ഓസ്‌ട്രേലിയൻ ഖനന മേഖലയിൽ വന്നിരിക്കുന്ന ഇടിവാണ് പലിശ നിരക്ക് ഇനിയും കുറയ്ക്കുമെന്ന വിശ്വാസത്തിന് ബലമേകിയിരുന്നത്.