മെൽബൺ: പലിശ നിരക്ക് 2.5 ശതമാനത്തിൽ തന്നെ നിലനിർത്തിക്കൊണ്ട് റിസർവ് ബാങ്ക് മണിട്ടറി കമ്മിറ്റി യോഗം പിരിഞ്ഞു. തുടർച്ചയായി പതിമൂന്നാം തവണയാണ് റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റമൊന്നും വരുത്താതെ താഴ്ന്ന നിരക്കിൽ തന്നെ നിലനിർത്തുന്നത്. ഇതിനു മുമ്പ് 2002-2003 കാലഘട്ടത്തിലാണ് ഇതിനേക്കാൾ നീണ്ട കാലയളവിൽ പലിശ നിരക്കിൽ മാറ്റമൊന്നും റിസർവ് ബാങ്ക് വരുത്താതിരുന്നത്. അന്ന് തുടർച്ചയായി 15 തവണ റിസർവ് ബാങ്ക് യോഗം ചേർന്നതിൽ 4.75 ശതമാനം എന്ന നിരക്കിലാണ് പലിശ നിരക്ക് ഏറെ നാളത്തേക്ക് നിലനിർത്തിയത്.

അതേസമയം റിസർവ് ബാങ്ക് യോഗം ചേരുന്നതിനു മുമ്പു തന്നെ വ്യക്തമായിരുന്നു പലിശ നിരക്കിൽ മാറ്റമൊന്നും വരികയില്ലെന്നത്. ബ്ലൂംസ്ബർഗ് നടത്തിയ സർവേയിൽ പങ്കെടുത്ത 26 സാമ്പത്തിക വിദഗ്ധരും പലിശ നിരക്കിൽ മാറ്റംവരുത്തുകയില്ല എന്നു തന്നെയാണ് വ്യക്തമാക്കിയിരുന്നത്. കൂടാതെ റിസർവ് ബാങ്ക് ഗവർണർ ഗ്ലെൻ സ്റ്റീവൻസും ജൂലൈയിൽ ഇതിനേക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിരുന്നു. നിരക്ക് വർധന വരുത്തുന്നതിനു മുമ്പു തന്നെ ബാങ്ക് ഇക്കാര്യത്തിൽ വ്യക്തമായ പ്രസ്താവനകൾ പുറപ്പെടുവിക്കുമെന്നും അല്ലാത്ത പക്ഷം പലിശ നിരക്ക് ഇതേ രീതിയിൽ തന്നെ മുന്നോട്ടുപോകുമെന്നുമായിരുന്നു ഗ്ലെൻ സ്റ്റീവൻസ് ചൂണ്ടിക്കാട്ടിയത്.

എന്നാൽ അടുത്ത വർഷം മധ്യത്തോടു കൂടി പലിശ നിരക്കിൽ വ്യത്യാസം വന്നു തുടങ്ങുമെന്നാണ് ഫൈൻഡർ വെബ് സൈറ്റ് നടത്തിയ സർവേയിൽ ചൂണ്ടിക്കാട്ടുന്നത്. സർവേയിൽ പങ്കെടുത്ത 28 സാമ്പത്തിക വിദഗ്ധരിൽ ഭൂരിഭാഗം പേരും വ്യക്തമാക്കിയത് ഇതായിരുന്നു. 2015 ആദ്യപാദത്തിൽ തന്നെ പലിശ നിരക്ക് വർധനയുണ്ടായേക്കാമെന്നും നേരിയ വിഭാഗം ഇക്കണോമിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. മാർച്ചിൽ തന്നെ 2.5 ശതമാനം എന്ന നിരക്കിൽ വ്യത്യാസം വന്നേക്കാമെന്നാണ് ഈ വിഭാഗം വ്യക്തമാക്കുന്നത്.