മെൽബൺ: തുടർച്ചയായി രണ്ടാം തവണയും പലിശ നിരക്കിൽ മാറ്റമൊന്നും വരുത്താതെ രണ്ടു ശതമാനത്തിൽ തന്നെ  റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ നിലനിർത്തി. 2.25 ശതമാനമായിരുന്ന പലിശ നിരക്ക് മേയിലാണ് 25 പോയിന്റ് കുറച്ച് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ രണ്ടു ശതമാനത്തിലെത്തിച്ചത്. ജൂണിൽ ചേർന്ന മണിട്ടറി സമ്മേളനത്തിലും നിരക്കിൽ മാറ്റമൊന്നും വരുത്താതെ രണ്ടു ശതമാനമാക്കി തന്നെ നിലനിർത്തുകയായിരുന്നു.

അതേസമയം പലിശ നിരക്കിൽ മാറ്റമൊന്നും വരികയില്ലെന്ന് പ്രതീക്ഷിച്ചിരുന്നതിനാൽ ആർബിഎയുടെ പുതിയ പ്രഖ്യാപനം വിപണിയിൽ വൻ ചലനമൊന്നും സൃഷ്ടിച്ചില്ല. ഈ വർഷം മുഴുവൻ നിരക്ക് രണ്ടു ശതമാനത്തിൽ തന്നെയായിരിക്കു നിലനിർത്തുകയെന്ന് കോം സെക് ചീഫ്  എക്‌സിക്യൂട്ടീവ് ക്രെയ്ഗ് ജെയിംസ് ചൂണ്ടിക്കാട്ടി. രാജ്യം സാമ്പത്തിക അഭിവയോധികി നേടിയെടുക്കാൻ തത്ക്കാലം പലിശ നിരക്ക് താഴ്‌ത്തി തന്നെ നിലനിർത്തുന്നതാണ് അഭികാമ്യം എന്ന ലക്ഷ്യത്തോടെയാണ് ചരിത്രത്തിലെ താഴ്ന്ന നിരക്കായ രണ്ടു ശതമാനത്തിലേക്ക് കൊണ്ടു വന്നത്. 

സ്റ്റാൻഡേർഡ് വേരിയബിൾ നിരക്കിൽ ഹോം ലോണുള്ളവർക്ക് ഏറെ ലാഭമാണ് നിരക്ക് വെട്ടിച്ചുരുക്കിയതിലൂടെ കൈവന്നിരിക്കുന്നത്. ശരാശരി മൂന്നു ലക്ഷം ഡോളറിന്റെ 30 വർഷത്തേക്ക് സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റിലുള്ള ലോണിന് 4.54 ശതമാനം പലിശ നിരക്കാണ് ഈടാക്കുന്നത്. മാസമുള്ള റീപേയ്‌മെന്റാകട്ടെ 1527 ഡോളറും. ഇതേ തുകയിലുള്ള മൂന്നു വർഷത്തെ ഫിക്‌സഡ് റേറ്റിലുള്ളവർക്ക് 4.91 ശതമാനമാണ് നിരക്ക്. റീപേയ്‌മെന്റാകട്ടെ 1594 ഡോളറും.
പലിശ നിരക്ക് പഴയ നിരക്കിൽ തന്നെ നിലനിർത്തിയെന്നുള്ള ആർബിഎയുടെ പ്രഖ്യാപനം വന്നയുടൻ ഓസ്‌ട്രേലിയൻ ഡോളര് വില 74.87 യുഎസ് സെന്റിലേക്ക് ഉയർന്നുവെങ്കിലും ട്രേഡിങ് അവസാനിക്കുമ്പോൾ 74.80 യുഎസ് സെന്റായിരുന്നു നിരക്ക്.